| Tuesday, 14th October 2025, 6:05 pm

സിനിമയില്ലെങ്കിലും ധ്രുവ് ജീവിക്കുമെന്ന് ബൈസണിന്റെ സെറ്റില്‍ നിന്ന് എനിക്ക് മനസിലായി: പശുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ബൈസണ്‍. തന്റെ ഓരോ സിനിമയിലും ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന മാരി സെല്‍വരാജാണ് ബൈസണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. ധ്രുവ് വിക്രം നായകനായ ചിത്രത്തിന്റെ ട്രൈലറിന് മികച്ച വരവേല്പാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ധ്രുവിനെക്കുറിച്ചും സംസാരിക്കുകയാണ് പശുപതി.

ധ്രുവ് വിക്രമിന്റെ അച്ഛനായാണ് പശുപതി ബൈസണില്‍ വേഷമിടുന്നത്. തനിക്ക് ഏറ്റവുമധികം കോമ്പിനേഷന്‍ സീനുകളുള്ളത് ധ്രുവ് വിക്രമിനൊപ്പമായിരുന്നെന്ന് പശുപതി പറഞ്ഞു. ഒന്നിച്ചുള്ള സീനുകളിലെല്ലാം ധ്രുവിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ചില രംഗങ്ങളില്‍ വിക്രമിനെ ഓര്‍മിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പശുപതി.

‘പടത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ ചിയാന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ ഇടക്കൊക്കെ വിളിക്കുന്ന സുഹൃത്തുക്കളാണ്. എന്തിനാണ് വിളിച്ചതെന്നറിയാന്‍ വേണ്ടി കോള്‍ അറ്റന്‍ഡ് ചെയ്തു. പടത്തിനെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞ ശേഷം ‘അവിടെ എന്നെപ്പോലെ ആരെങ്കിലുമുണ്ടോ’ എന്ന് ചോദിച്ചു. ‘ഇവിടെ ഒരുത്തനുണ്ട്, ലുക്കും നടത്തവുമൊക്കെ നിന്നെപ്പോലെ തന്നെ’ എന്ന് മറുപടി കൊടുത്തു.

അങ്ങനെ ഒരുപാട് നേരം സംസാരിച്ചു. ഞാന്‍ പറയാന്‍ വന്ന പോയിന്റ് ഇതാണ്, ഞങ്ങള്‍ക്കൊക്കെ അഭിനയം വിട്ടാല്‍ വേറെ ജോലിയൊന്നും അറിയില്ല. അത് കറക്ടായി ചെയ്യാനാകുമോ എന്നൊന്നും ചിന്തിക്കുന്നില്ല. അഭിനയിക്കും, അത്ര തന്നെ. പക്ഷേ, ധ്രുവിന് പേടിക്കേണ്ട ആവശ്യമില്ല. കാരണം അവന്റെ കൈയില്‍ അഭിനയവുമുണ്ട്, കബഡിയും അറിയാം.

പടത്തില്‍ ഒരു കബഡി മത്സരത്തിന്റെ ഷൂട്ട് ഞാന്‍ കണ്ടിട്ടുണ്ട്. ഗ്രാമത്തില്‍ നടക്കുന്ന മത്സരമായിട്ടാണ് കാണിക്കുന്നത്. അത് കണ്ടിട്ട് അന്തം വിട്ടുപോയി. ഞാന്‍ നേരെ മാരിയുടെ അടുത്തുപോയി ചോദിച്ചു. ‘എന്ത് കിടിലന്‍ കളിയാണ് ഇവന്റേത്. ഗംഭീരമായിട്ടുണ്ട്’ എന്ന് മാരിയോടും ധ്രുവിനോടും പറഞ്ഞിട്ടുണ്ട്. നേരെ പോയി നാഷണല്‍ ഗെയിംസ് കളിക്കാനുള്ള യോഗ്യത അവനുണ്ട്’, പശുപതി പറയുന്നു.

വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ബൈസണ്‍ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്ന് ദേശീയ കബഡി ടീമില്‍ ഇടം നേടിയ മാനടി ഗണേശന്റ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബൈസണ്‍ ഒരുങ്ങിയത്. ഒക്ടോബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Pasupathi about Dhruv Vikram’s performance in Bison Movie

We use cookies to give you the best possible experience. Learn more