ഇസ്‌ലാമാബാദ്: കിഴക്കന്‍ പാകിസ്ഥാനില്‍ ലാഹോറിന് സമീപം ട്രെയിന്‍ പാളം തെറ്റി 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ലാഹോറില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ഇസ്‌ലാമാബാദ് എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമാണ് അപകടം നടന്നത്. ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ഷെയ്ഖുപുരയില്‍ വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. പത്തോളം കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ പറഞ്ഞു.
ലാഹോര്‍ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട് ഏകദേശം 30 മിനിട്ടിന് ശേഷമാണ് പാളം തെറ്റിയത്. മുപ്പതോളം പേര്‍ക്ക് പരിക്ക് പറ്റിയതായും അതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റെയില്‍വേ അറിയിച്ചു.
ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ട്രെയിന്‍ പാളം തെറ്റിയത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ മന്ത്രി മുഹമ്മദ് ഹനീഫ് അബ്ബാസി റെയില്‍വേ സി.ഇ.ഒയോടും ഡിവിഷണല്‍ സൂപ്രണ്ടിനോടും സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
കാലങ്ങളായി റെയില്‍വേ സംവിധാനം തകര്‍ന്ന പാകിസ്ഥാനില്‍ ഇത്തരം ട്രെയിന്‍ അപകടങ്ങള്‍ പൊതുവെ സാധാരണമാണ്. രണ്ട് വര്‍ഷം മുമ്പ് സിന്ധ് പ്രവിശ്യയില്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റുകയും മുപ്പതോളം പേര്‍ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു.
Content Highlight: Passenger train derails in Pakistan, injuring 30 passengers