വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ പാർവതി, ആദ്യമായി കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിലൂടെ പൊലീസ് വേഷത്തിൽ എത്തിയിരിക്കുകയാണ്.
ഡബ്ല്യൂ.സി.സിക്ക് തുടക്കമിട്ടിട്ട് ഒൻപത് വർഷമായി. ആ സംഘത്തിലുള്ളവരെ മാറ്റിനിർത്തുന്ന ഒരു അവസ്ഥയൊക്കെ ഉണ്ടായിരുന്നെങ്കിലും അതെല്ലാം അതിജീവിച്ചാണ് തങ്ങൾ തിരിച്ചുവന്നതെന്ന് പറയുകയാണ് നടി പാർവതി തിരുവോത്ത്. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
പാർവതി തിരുവോത്ത്. Photo. Facebook.com
‘മലയാളത്തിൽ നിന്ന് വർക്ക് ലഭിക്കാതെ വന്നിട്ടുള്ള ഒരു ഘട്ടമുണ്ടായിട്ടുണ്ട്. അപ്പോൾ ഉള്ളിൽ ഒരു കാര്യം ഓർമപ്പെടുത്തിക്കൊണ്ടിരുന്നിരുന്നു. മീടൂ ആരോപണം നേരിട്ടവർക്കൊപ്പം ജോലി ചെയ്യുന്നവരുണ്ട്. അപ്പോൾ അതിനെതിരായി നിൽക്കുന്നവർക്കൊപ്പം ജോലി ചെയ്യാനും ആളുണ്ടാകുമല്ലോ എന്ന്,’താരം പറഞ്ഞു.
എന്നാൽ നടി എന്ന നിലയിൽ ജോലിയില്ലാതെ ഇരിക്കേണ്ട സാഹചര്യം തനിക്ക് വന്നിട്ടില്ലെന്നാണ് പാർവതി പറഞ്ഞു. മലയാളത്തിൽ അവസരങ്ങൾ കുറയുമ്പോഴും മറ്റ് ഭാഷകളിൽ തുടർച്ചയായി സിനിമകൾ ചെയ്യാൻ കഴിഞ്ഞിരുന്നു എന്നും താരം വ്യക്തമാക്കി.
‘നടി എന്ന നിലയിൽ ജോലിയില്ലാതെ ഇരിക്കേണ്ട സാഹചര്യം വന്നിട്ടേയില്ല എന്നതാണ് സത്യം. തമിഴിലും തെലുങ്കിലും ഹിന്ദിയിലും തുടർച്ചയായി സിനിമകൾ ചെയ്തു’ നടി പറഞ്ഞു.
പ്രായത്തിന്റെ പേരിൽ നടിമാർക്ക് സിനിമയിൽ ചില ‘നിയമങ്ങൾ’ നിശ്ചയിച്ചിരുന്ന കാലവും മാറിയെന്ന് പാർവതി പറയുന്നു. മഞ്ജു വാര്യർ, ഭാവന, നവ്യ നായർ തുടങ്ങിയവർ ശക്തമായി തിരിച്ചുവന്നതും അതിന്റെ ഉദാഹരണമായി താരം ചൂണ്ടിക്കാട്ടി.
‘പ്രായത്തിന്റെ ‘നിയമങ്ങൾ’ വച്ച് നടിമാരെ പറഞ്ഞുവിട്ട കാലമൊക്കെ കഴിഞ്ഞു. മഞ്ജു ചേച്ചിയും ഭാവനയും നവ്യ ചേച്ചിയുമൊക്കെ എത്ര ശക്തമായി തിരികെ വന്നു. ഹൗ ഓൾഡ് ആർ യൂ റിലീസായ വർഷം വനിതയുടെ ഫിലിം അവാർഡ് വേദിയിൽ മഞ്ജു ചേച്ചിയെ കണ്ടു. ആ കൈകൾ ചേർത്തുപിടിച്ച് അഭിമാനത്തോടെയാണ് പറഞ്ഞത്, ‘ഐ ആം സോ ഹാപ്പി യൂ ആർ ബാക്ക് എന്ന്,’ താരം പറഞ്ഞു.
സിനിമയിലെ ചില ‘അലിഖിത നിയമങ്ങൾ’ മാറ്റിയെടുക്കുന്നതിന്റെ സന്തോഷം കൂടിയായിരുന്നു ആ നിമിഷത്തിലുണ്ടായിരുന്നതെന്നും പാർവതി പറയുന്നു. അതിന് പിന്നിൽ ഡബ്ല്യൂ.സി.സി വഹിച്ച പങ്കിനെക്കുറിച്ചും താരം തുറന്നുപറഞ്ഞു.
‘സിനിമയിലെ ‘അലിഖിത നിയമങ്ങൾ’ മാറ്റിയെടുക്കുന്നതിന്റെ കൂടി സന്തോഷമാണ് അന്നുണ്ടായത്. ആരെങ്കിലുമൊരാൾ വാതിൽ തുറന്നാലേ വെളിച്ചം കടന്നുവരൂ. മലയാളം ഇൻഡസ്ട്രിയിൽ ഇപ്പോഴുള്ള മാറ്റങ്ങൾക്കൊക്കെ തുടക്കമിട്ടത് ഡബ്ല്യൂ.സി.സിയാണ്, ആരും സമ്മതിക്കില്ലെങ്കിൽ കൂടി അതാണ് സത്യം,’ പാർവതി പറഞ്ഞു.
മഞ്ജു വാര്യർ. Photo. Screen Grab/ Youtube
വ്യത്യസ്ത ജീവിതാനുഭവങ്ങളുള്ള സ്ത്രീകളാണ് ഡബ്ല്യൂ.സി.സിയിലുള്ളതെന്നും പാർവതി പറയുന്നു. പ്രിവിലേജ് ഉള്ളവരും ഇല്ലാത്തവരും കൂട്ടത്തിലുണ്ട്. എന്നാൽ പരസ്പരം തുറന്നുസംസാരിക്കാനും വിശ്വസിക്കാനും തയ്യാറാകുന്നതാണ് തങ്ങളെ ചേർത്തുനിർത്തുന്നതെന്നും താരം പറയുന്നു.
‘പല ജീവിതാനുഭവങ്ങളുള്ളവർ ഡബ്ല്യൂ.സി.സിയിൽ ഉണ്ട്. പ്രിവിലേജ് ഉള്ളവരും ഇല്ലാത്തവരും. തുറന്നുസംസാരിക്കാനും അന്യോന്യം വിശ്വസിക്കാനും തയ്യാറാകുന്നതാണ് ഞങ്ങളുടെ സീക്രട്ട്. പരസ്പരം സംസാരിച്ചപ്പോഴാണ് പ്രശ്നങ്ങൾ എത്രത്തോളമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്,’ താരം കൂട്ടിച്ചേർത്തു.
Content Highlight: Parvathy thiruvotthu talks about Manju warrier