| Thursday, 23rd October 2025, 1:32 pm

അന്ന് സൂപ്പര്‍സ്റ്റാറിന്റെ ആവശ്യമെന്തെന്ന് ചോദ്യം, ഇന്ന് ഹൃതിക്കിന് സൂപ്പര്‍സ്റ്റാറെന്ന് വിശേഷണം, പാര്‍വതി തിരുവോത്തിന് വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുക്കം കഥാപാത്രങ്ങള്‍ കൊണ്ട് സിനിമാലോകത്ത് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് പാര്‍വതി തിരുവോത്ത്. അഭിനയത്തെപ്പോലെ തന്നെ പാര്‍വതിയുടെ നിലപാടുകളും ചര്‍ച്ചയാകാറുണ്ട്. നിലപാടുകളുടെ പേരില്‍ പലപ്പോഴും വിമര്‍ശനം നേരിടേണ്ടിവന്ന പാര്‍വതി മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

എന്നാല്‍ താരത്തിന്റെ രണ്ട് കാലഘട്ടത്തിലെ പ്രസ്താവനകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഹൃതിക് റോഷന്‍ നിര്‍മിക്കുന്ന പുതിയ വെബ് സീരീസില്‍ പാര്‍വതി പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഹൃതികിനെക്കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.

സൂപ്പര്‍താരമാണെങ്കിലും അതിന്റെ ജാഡകളൊന്നുമില്ലാത്ത സാധാരണ മനുഷ്യനാണ് ഹൃതിക് റോഷനെന്നാണ് പാര്‍വതി പറഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് സൂപ്പര്‍സ്റ്റാര്‍ എന്ന വാക്കിനെക്കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകള്‍ ഇപ്പോഴത്തെ അഭിമുഖവുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകള്‍.

സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന് തനിക്കറിയില്ലെന്നായിരുന്നു അന്ന് പാര്‍വതി പറഞ്ഞത്. സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ലെന്നും വെറുതെ സമയം കളയാനുള്ള കാര്യമാണ് അതെന്നും താരം പറഞ്ഞിരുന്നു. താരാരാധന മൂത്ത് ഭ്രാന്തായി ആളുകള്‍ ഇടുന്നതാണോ ഈ സൂപ്പര്‍സ്റ്റാര്‍ എന്ന വാക്കെന്ന് തനിക്ക് അറിയില്ലെന്നുമെല്ലാം പാര്‍വതി പറഞ്ഞത് വീണ്ടും ചര്‍ച്ചയാക്കുകയാണ്.

ഹൃതിക് റോഷന്‍ അവസരം തരുന്നതുകൊണ്ടാണോ അദ്ദേഹത്തെ സൂപ്പര്‍സ്റ്റാറായി തോന്നിയതെന്നാണ് പലരും ചോദിക്കുന്നത്. അന്ന് ഒരു നിലപാടും ഇന്ന് വേറൊരു നിലപാടും എടുക്കുന്നതിനെയും ചിലര്‍ വിമര്‍ശിക്കുന്നു. ‘പരം സുന്ദരിയെ രണ്‍ജി പണിക്കര്‍ പൊക്കിയടിച്ചതും ഇതും ഒരുപോലെ തന്നെ’ എന്നാണ് മറ്റൊരു കമന്റ്.

ആമസോണ്‍ പ്രൈം വീഡിയോയുമായി കൈകോര്‍ത്തുകൊണ്ടാണ് ഹൃതിക് റോഷന്റെ സീരീസ് ഒരുങ്ങുന്നത്. സ്‌റ്റോം എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ ആലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, സബ ആസാദ്, റമ ശര്‍മ എന്നിവരും അണിനിരക്കുന്നുണ്ട്. 2026 പകുതിയോടെ സ്‌റ്റോം റിലീസ് ചെയ്യുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Parvathy Thiruvothu’s old statement discussing in social media

We use cookies to give you the best possible experience. Learn more