യാഷ് നായകനായ ടോക്സിക് എന്ന ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ചിത്രത്തിൽ സ്ത്രീ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുന്നുവെന്ന തരത്തിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടെയാണ് പാർവതിയുടെ പ്രതികരണം. എന്നാൽ സംവിധായിക ഗീതു മോഹൻദാസിനെതിരെയോ സിനിമയ്ക്കെതിരെയോ ഇപ്പോൾ ഒരു അഭിപ്രായം പറയാൻ തനിക്ക് താൽപര്യമില്ലെന്ന് പാർവതി വ്യക്തമാക്കി.
ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരാകുന്ന തരത്തിലുള്ള നരേറ്റീവിന്റെ ഭാഗമാകാൻ താൻ ഒരിക്കലും തയ്യാറല്ലെന്നാണ് പാർവതി പറയുന്നത്. സംവിധായകർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള തരത്തിലുള്ള സിനിമകൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, ഒരു സിനിമയുടെ പേരിൽ അതിന്റെ സംവിധായികയെയും തന്നെയും പരസ്പരം എതിരാളികളാക്കി അവതരിപ്പിക്കുന്നത് അന്യായമാണെന്നും താരം വ്യക്തമാക്കി.
പാർവതി തിരുവോത്ത്. Photo: Screengrab/ Youtube.com
‘ഒരു നടിയെന്ന നിലയിൽ ഇപ്പോഴും അഭിനയിക്കാൻ അവസരം ലഭിക്കുന്നതിൽ ഞാൻ ഏറെ നന്ദിയുള്ളവളാണ്. എന്നാൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ എന്ന രീതിയിലുള്ള ഒരു നരേറ്റീവിൽ ഞാൻ ഒരിക്കലും നിന്നുകൊടുക്കില്ല. അത് ഒരിക്കലുമില്ല,’പാർവതി പറഞ്ഞു.
മുൻപ് താൻ സംസാരിച്ചിട്ടുള്ള വിഷയങ്ങൾക്ക് വിപരീതമായ രീതിയിലുള്ള ഒരു സിനിമ ഒരാൾ ഇപ്പോൾ ചെയ്തിട്ടുണ്ടാകാം. എന്നാൽ അത് ആ സംവിധായകയുടെ തീരുമാനവും അവരുടെ സിനിമയുമാണെന്നും അതിൽ തന്നെ പോലുള്ളവരെ വലിച്ചിഴച്ച് ചർച്ച ചെയ്യുന്നത് അന്യായമാണെന്നും പാർവതി ചൂണ്ടിക്കാട്ടി.
‘ഏത് തരത്തിലുള്ള സിനിമ വേണമെങ്കിലും ചെയ്യാൻ ഏതൊരു സംവിധായകനും അവകാശമുണ്ട്. ചിലപ്പോൾ നമ്മൾ മുൻപ് സംസാരിച്ചിട്ടുള്ള കാര്യങ്ങൾക്ക് വിപരീതമായിട്ടുള്ള സിനിമയായിരിക്കും ഒരാൾ ചെയ്തിട്ടുണ്ടാകുക. പക്ഷേ അത് അവരുടെ കാര്യമാണ്. അതിലേക്ക് എന്നെയോ മറ്റാരെയെങ്കിലുമോ വലിച്ചിഴയ്ക്കുന്നത് തെറ്റായ കാര്യമാണ്,’ പാർവതി വ്യക്തമാക്കി.
ഗീതു മോഹൻദാസും താനും വർഷങ്ങളായി സിനിമയിൽ സ്വന്തമായ ഇടം കണ്ടെത്തിയവരാണെന്നും, ഇരുവരെയും തമ്മിൽ താരതമ്യം ചെയ്ത് ഒരു തർക്കമായി അവതരിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും പാർവതി പറഞ്ഞു. ഇരുവരും ഡബ്ള്യു.സി.സിയുടെ ഭാഗമായിരുന്നുവെന്നതും സോഷ്യൽ മീഡിയയിലെ ചില സംഭവങ്ങളും മുൻനിർത്തി സ്ത്രീകളെ പരസ്പരം ഏറ്റുമുട്ടിക്കുന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നത് തനിക്ക് രസകരമായി തോന്നുന്നുണ്ടെങ്കിലും അതിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി.
‘ഗീതു മോഹൻദാസിന് സിനിമയിൽ ഒരുപാട് വർഷത്തെ അനുഭവമുണ്ട്. ഈ രണ്ട് സ്ത്രീകളെ പരസ്പരം എതിരാക്കി നിർത്തുന്ന രീതിയിലുള്ള ചർച്ചയിൽ ഞാൻ ഒരിക്കലും വീഴാൻ പോകുന്നില്ല. ഈ കാര്യങ്ങൾ ഒക്കെ നമ്മളെ എന്റർടെയിൻ ചെയ്യും എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അതൊന്നും ഒരിക്കലുമില്ല, WCC തുടങ്ങിയ കാലം മുതൽ നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുള്ളതാണ്,’ പാർവതി പറഞ്ഞു.
‘ടോക്സിക്’ സിനിമയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാത്തതിന് മറ്റൊരു കാരണവും പാർവതി വ്യക്തമാക്കി. താൻ പറയുന്ന എന്ത് വാക്കും പിന്നീട് ഗീതു മോഹൻദാസിനെയോ സിനിമയെയോ എതിരാക്കാനുള്ള ‘സ്റ്റേറ്റ്മെന്റ്’ ആയി ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് താരത്തിന്റെ ആശങ്ക.
പാർവതി തിരുവോത്ത്. Photo: Screengrab/ Youtube.com
‘ഞാൻ ഇതിനെക്കുറിച്ച് കമന്റ് ചെയ്യാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ എന്ത് പറഞ്ഞാലും അത് ഈ സംവിധായികയ്ക്കെതിരെയോ എന്റെ സിനിമയ്ക്കെതിരെയോ ഉപയോഗിക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,’ പാർവതി വ്യക്തമാക്കി.
സിനിമ കണ്ടശേഷം തന്റെ അഭിപ്രായം തുറന്നുപറയാൻ താൻ തയ്യാറാണെന്നും പാർവതി കൂട്ടിച്ചേർത്തു. ‘ടോക്സിക്’ തനിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിനെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുമെന്നും എന്നാൽ സിനിമ കാണുന്നതിന് മുൻപ് തന്നെ അതിനെക്കുറിച്ച് വിധിയെഴുതാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി.
‘ടോക്സിക് പുറത്തിറങ്ങട്ടെ. സിനിമ എനിക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നത് അപ്പോൾ വളരെ സത്യസന്ധമായി പറയാം. അതിന് മുമ്പ് സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റ് സിനിമകൾക്ക് നമ്മൾ നൽകുന്ന ആ ആനുകൂല്യം ഈ സിനിമയ്ക്കും നൽകണം. സിനിമ എന്താണ് പറയുന്നതെന്ന് നമുക്ക് ആദ്യം കാണാം,’ പാർവതി പറഞ്ഞു.
ഗീതു മോഹൻദാസും പാർവതിയും WCCയുമായി ബന്ധപ്പെട്ട് ഒരേ വേദിയിൽ പ്രവർത്തിച്ചിട്ടുള്ളവരാണെന്നതടക്കം ചൂണ്ടിക്കാട്ടി ഇരുവരെയും തമ്മിൽ താരതമ്യം ചെയ്യുന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ‘ഒരു സ്ത്രീയെ മറ്റൊരു സ്ത്രീക്കെതിരെ നിർത്തുന്ന നറേറ്റീവിന്റെ ഭാഗമാകില്ല’ എന്ന പാർവതിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.
Content Highlight: Parvathy Thiruvothu reacts to the controversy surrounding the film Toxic