ഒരു സംവിധായകനെയോ കഥാകൃത്തിനെയോ ആദ്യമായി കാണുമ്പോൾ തന്നെ അവർ എന്തിനാണ് സിനിമ ചെയ്യുന്നതെന്ന് മനസിലാക്കാൻ കഴിയുമെന്ന് നടി പാർവതി തിരുവോത്ത്. ചിലർ പ്രശസ്തിക്ക് വേണ്ടിയും ചിലർ തങ്ങൾക്ക് ഇഷ്ടമുള്ള സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെയും സിനിമയിലേക്ക് എത്താറുണ്ട്. എന്നാൽ കഥയോടും സിനിമയോടുമുള്ള സംവിധായകന്റെ ഊർജവും ആവേശവും തന്നെ ഏറെ സ്വാധീനിക്കാറുണ്ടെന്നും പാർവതി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാറിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ചില സംവിധായകരുടെ കഥയോടുള്ള എനർജി തന്നെ നമുക്ക് പ്രചോദനമാകും. അവരുടെ സിനിമയുടെ ഭാഗമാകാനും അവരുടെ സ്വപ്നം യാഥാർഥ്യമാക്കാനും നമുക്കും ആഗ്രഹം തോന്നും. ചിലപ്പോൾ ഒരു കഥാപാത്രത്തോട് നോ പറയുന്നതിന് പകരം യെസ് പറയാൻ ഒരു ടീമിന്റെ എക്സൈറ്റ്മെന്റ് എന്നെ ഒരുപാട് സഹായിക്കാറുണ്ട്,’ പാർവതി പറഞ്ഞു.
പാർവതി തിരുവോത്ത്. Photo. Screen grab/ Youtube
സോഷ്യൽ മീഡിയയിലെ കമന്റുകൾ നോക്കി പൊതുജനങ്ങളുടെ അഭിപ്രായം മനസിലാക്കാൻ ശ്രമിക്കുന്നത് വെറുതെ സമയം കളയുന്നതിന് തുല്യമാണെന്നും പാർവതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ കാണുന്ന അഭിപ്രായങ്ങൾ ഭൂരിഭാഗം ആളുകളുടെയും അഭിപ്രായമാണോ എന്ന് ഉറപ്പില്ല. തന്നെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഒരുപോലെ ഉണ്ടാകുമെന്ന കാര്യം അംഗീകരിക്കുന്നതാണ് നല്ലതെന്നും താരം പറഞ്ഞു.
‘എന്നെ വെറുക്കുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും ആവശ്യത്തിനുണ്ടെന്ന് വിശ്വസിക്കുന്നതാണ് എനിക്ക് നല്ലത് എന്ന് ഞാൻ കരുതുന്നു,’ പാർവതി പറഞ്ഞു.
2018ൽ ഒരു അവാർഡ് ചടങ്ങിനിടെ നേരിട്ട അനുഭവവും പാർവതി പങ്കുവച്ചു. തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും കൂവിയതിന്റെ ശബ്ദം ഇപ്പോഴും ഓർമയുണ്ടെന്ന് താരം പറഞ്ഞു. ആ സമയത്ത് എങ്ങനെയെങ്കിലും തന്റെ പ്രസംഗം അവസാനിപ്പിക്കണമെന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നെതെന്നും പാർവതി ഓർത്തെടുത്തു.
‘എന്റെ പേര് അനൗൺസ് ചെയ്ത ഉടനെ തന്നെ ആ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും കൂവുകയായിരുന്നു. എനിക്ക് ഇപ്പോഴും അവിടത്തെ ശബ്ദം ഓർമയുണ്ട്. എന്റെ സ്പീച്ച് എങ്ങനെയെങ്കിലും അവസാനിപ്പിക്കുക എന്നുള്ള ലക്ഷ്യം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. അപ്പോഴും ഞാൻ എന്നോട് ‘വീഴരുത്, വീഴരുത്’ എന്ന് സ്വയം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്റെ ഹാർട്ട്‌ബീറ്റ് ഒക്കെ സ്ലോ ആയിക്കൊണ്ടിരിക്കുന്ന പോലെ ആയിരുന്നു എനിക്ക് ഫീൽ ചെയ്തിരുന്നത്,’ പാർവതി കൂട്ടിച്ചേർത്തു.
പാർവതി തിരുവോത്ത്. Photo. Screen grab/ Youtube
ശ്വേത മേനോനാണ് അന്ന് തനിക്ക് പുരസ്കാരം സമ്മാനിച്ചത്. വേദിയിൽ കേട്ട ശബ്ദം കയ്യടിയാണെന്ന് ശ്വേത തെറ്റിദ്ധരിച്ചോ എന്ന് പോലും താൻ ചിന്തിച്ചിരുന്നുവെന്നും പാർവതി പറഞ്ഞു. ഇഷ്ടപ്പെടാത്ത ഒരാൾ പ്രസംഗിക്കുമ്പോൾ സ്കൂളിൽ കുട്ടികൾ പരിഹാസത്തോടെ കൈയടിക്കുന്നതുപോലെയായിരുന്നു അവിടെയുണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
‘കൂട്ടമായി വെറുക്കപ്പെടുന്നു എന്നൊരു അനുഭവം നമ്മളെ മാറ്റിമറിക്കും. ആ അനുഭവം നമ്മളെ എങ്ങനെ മാറ്റണം എന്നത് നമ്മുടെ കയ്യിൽ തന്നെയാണ്,’ പാർവതി പറഞ്ഞു.
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന അന്വേഷണാത്മക ത്രില്ലർ ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഷഹാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതിക്കൊപ്പം മാത്യു തോമസ്, വിജയരാഘവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും.
Content Highlight: Parvathy Thiruvothu opens up about the challenges in her life and her journey in cinema