താരങ്ങൾക്കും സിനിമാ മേഖലയിലെ പ്രമുഖർക്കും അധികാരവും സ്വാധീനവും നൽകുന്നത് സാധാരണക്കാരും പ്രത്യേകിച്ച് യുവാക്കളുമാണെന്നും, എന്നാൽ അതേ യുവാക്കൾ പ്രശ്നങ്ങൾ നേരിടുമ്പോൾ അവർക്കുവേണ്ടി സംസാരിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും നടി പാർവതി തിരുവോത്ത്. സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് കൊണ്ട് ചോദ്യങ്ങളും വിമർശനങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്നും പാർവതി പറഞ്ഞു. എന്നാൽ സിനിമാ മേഖലയിലെ ചില താരങ്ങളുടെയും സംവിധായകരുടെയും എഴുത്തുകാരുടെയും നിലപാടുകളാണ് തന്നെ വേദനിപ്പിക്കുന്നതെന്നും പാർവതി വ്യക്തമാക്കി.
പാർവതി തിരുവോത്ത്. Photo. Screen grab/ Youtube
സിനിമാ താരങ്ങളെയും സംവിധായകരെയും എഴുത്തുകാരെയും യുവാക്കൾ ആരാധിക്കുകയും അവരുടെ സിനിമകൾ വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് അവർക്ക് വലിയ സ്വാധീനവും അധികാരവും ലഭിക്കുന്നത്. എന്നാൽ യുവജനത പ്രശ്നത്തിൽപ്പെടുമ്പോൾ അവരെ പിന്തുണയ്ക്കുവാനും യുവാക്കൾക്കൊപ്പം നിൽക്കാനും ഇവരിൽ പലരും തയ്യാറാകുന്നില്ല എന്നും താരം പറഞ്ഞു.
‘യുവാക്കളാണ് ഒരു നടനെ ആ ഒരു നിലയിലോട്ട് എത്തിക്കുന്നത്. അവരുടെ സിനിമകൾ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നത്. എന്നിട്ടും യുവാക്കൾക്ക് പ്രശ്നമുണ്ടാകുമ്പോൾ താരങ്ങൾ മിണ്ടാതാകുകയും എവിടെയും കാണാതാകുകയും ചെയ്യുന്നു. അത് വളരെ ഏകപക്ഷീയമായ തീരുമാനമായിട്ടാണ് എനിക്ക് തോന്നുന്നത്. അത് അനീതിയാണ്,’ പാർവതി പറഞ്ഞു.
താരങ്ങളുടെ സിനിമകൾക്കായി സാധാരണക്കാർ മാറ്റിവയ്ക്കുന്ന സമയവും പണവും ചെറുതല്ലെന്നും പാർവതി ചൂണ്ടിക്കാട്ടി. ഭക്ഷണം വാങ്ങാനും വിദ്യാഭ്യാസം പൂർത്തിയാക്കാനും പോലും ബുദ്ധിമുട്ടുന്ന ആളുകൾ പോലും അധികമായി 50 രൂപ കണ്ടെത്തി തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സിനിമകൾ കാണാൻ പോകുന്നുണ്ട്. രാജ്യത്തെ അഴിമതിയും മറ്റ് പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന അതേ ആളുകൾക്കുവേണ്ടി താരങ്ങൾ സംസാരിക്കാത്തത് ശരിയല്ലെന്നും അവർ വ്യകത്മാക്കി.
‘പാലഭിഷേകം മുതൽ വലിയ ആഘോഷങ്ങൾ വരെ വലിയ താരങ്ങളുടെ സിനിമകൾക്കായി ആളുകൾ നടത്താറുണ്ട്. സ്വന്തം ജീവിതത്തിലെ മണിക്കൂറുകൾ മാറ്റിവച്ചാണ് അവർ സിനിമ കാണാൻ പോകുന്നത്. എന്നാൽ ഇതേ താരങ്ങൾ രാജ്യത്ത് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകുന്നില്ല,’ പാർവതി പറഞ്ഞു.
അഭിനേതാക്കൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോൾ പഴയതായെന്നും പാർവതി വ്യക്തമാക്കി. പത്ത് വർഷം മുമ്പ് അത്തരമൊരു ചോദ്യം ചോദിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ ലോകം മാറിയെന്നും, ചുറ്റും നടക്കുന്ന കാര്യങ്ങളിൽ മിണ്ടാതിരിക്കാനാകില്ലെന്നും അവർ പറഞ്ഞു.
പാർവതി തിരുവോത്ത്.Photo: Screen Grab/ Youtube
എല്ലാവരുടെയും ഇഷ്ടം നേടണമെന്ന ഭയം കൊണ്ടാണ് പലരും ഇത്തരം വിഷയങ്ങളിൽ സംസാരിക്കാത്തതെന്നും പാർവതി പറഞ്ഞു. എന്നാൽ പിന്നീട് പുതിയ സിനിമയുമായി എത്തുമ്പോൾ അതേ പ്രേക്ഷകരിൽ നിന്ന് പൂർണമായ പിന്തുണ പ്രതീക്ഷിക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.
താൻ ഇത്തരം വിഷയങ്ങളിൽ സംസാരിക്കുന്നത് തന്റെ സിനിമകൾ ആളുകൾ കാണണമെന്നോ അതിലൂടെ പിന്തുണ നേടണമെന്നോ ആഗ്രഹിച്ചല്ലെന്നും പാർവതി വ്യക്തമാക്കി. താൻ പറയുന്ന കാര്യങ്ങളോട് ശക്തമായി വിയോജിക്കുന്നവരും തന്റെ സിനിമകൾ കാണുന്നുണ്ടെന്നും താരം പറഞ്ഞു.
‘ഞാൻ സംസാരിക്കുന്നത് ആളുകൾ എന്റെ സിനിമ കാണാൻ വേണ്ടിയല്ല. എനിക്ക് രാത്രി സമാധാനമായി ഉറങ്ങാൻ കഴിയാത്തതുകൊണ്ടാണ് സംസാരിക്കുന്നത്. യുവാക്കളുടെ പിന്തുണയിലൂടെ അധികാരവും പണവും നേടിയവർ, അതേ യുവാക്കൾക്ക് നേരെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പൂർണമായും മൗനം പാലിക്കുന്നത് ശരിയല്ലെന്നതാണ് തന്റെ നിലപാട്’, പാർവതി വ്യക്തമാക്കി.
Content Highlight: Parvathy Thiruvothu opens up about her stance against the CJP protest