ശക്തമായ കഥാപാത്രങ്ങളിലൂടെയും അവയുടെ വ്യത്യസ്തമായ അവതരണത്തിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പാർവതി തിരുവോത്ത്. ടേക്ക് ഓഫ്, ഉയരെ, എന്ന് നിന്റെ മൊയ്തീൻ, ബാംഗ്ലൂർ ഡേയ്സ്, ചാർലി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് താരം അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളിലും സാന്നിധ്യമറിയിച്ച പാർവതി, ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.
ഇർഫാൻ ഖാനൊപ്പമുള്ള റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് പാർവതി ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സൈക്കോളജിക്കൽ ത്രില്ലർ, സർവൈവൽ ത്രില്ലർ തുടങ്ങി വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോഴിതാ, മറ്റൊരു ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പാർവതി.
പാർവതി തിരുവോത്ത്.Photo: Screengrab/ Youtube.com
കാർത്തിക് ആര്യൻ നായകനാകുന്ന ‘ക്യാപ്റ്റൻ ഇന്ത്യ’യിലാണ് പാർവതി പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു വലിയ മാനുഷിക രക്ഷാദൗത്യത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ കാർത്തിക് പൈലറ്റിന്റെ വേഷത്തിലാണ് എത്തുന്നത്. യുദ്ധഭൂമിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൗത്യമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.
പാർവതിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ കഥയിൽ പ്രാധാന്യമുള്ള കഥാപാത്രമാണ് താരത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ചിത്രത്തിലെ പാർവതിയുടെ കഥാപാത്രം എങ്ങനെയായിരിക്കും എന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്.
2017ൽ ‘കരീബ് കരീബ് സിംഗിൾ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി ഹിന്ദി സിനിമയിലെത്തിയത്. ഇർഫാൻ ഖാനൊപ്പമുള്ള ചിത്രത്തിൽ വ്യത്യസ്തമായ പ്രണയകഥയിലെ നായികയായാണ് താരം എത്തിയത്. പിന്നീട് ‘കടക് സിംഗ്’ എന്ന സൈക്കോളജിക്കൽ ത്രില്ലറിലും ‘തു യാ മെയിൻ’ എന്ന സർവൈവൽ ത്രില്ലറിലും പാർവതി അഭിനയിച്ചു. ഓരോ ചിത്രവും വ്യത്യസ്തമായ കഥാപാത്രത്തെയാണ് താരം പ്രേക്ഷകരിലേക്ക് എത്തിച്ചത്.
മലയാളത്തിൽ പാർവതി അവതരിപ്പിച്ച വ്യത്യസ്‌ത കഥാപാത്രങ്ങൾ വളരെ അധിക ശ്രദ്ധിക്കപെട്ടവയാണ്. പ്രത്യേകിച്ച് വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതാണ് താരത്തിന്റെ പ്രത്യേകത. ഹിന്ദിയിലും അതേ സമീപനം തുടരുന്നതായാണ് താരത്തിന്റെ സിനിമ പ്രൊജെക്ടുകളിൽ നിന്ന് മനസിലാകുന്നത്.
ക്യാപ്റ്റൻ ഇന്ത്യ പാർവതിയുടെ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട ഹിന്ദി പ്രോജക്ടായി മാറുന്നതും ഇതുകൊണ്ടുതന്നെയാണ്. സിനിമയുടെ കഥയും താരനിരയും മാത്രമല്ല, സംവിധായകൻ ഷിമിത് അമീന്റെ തിരിച്ചുവരവ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘അബ് തക് ഛപ്പൻ’, ‘ചക് ദേ ഇന്ത്യ, റോക്കറ്റ് സിംഗ്: സെയിൽസ്മാൻ ഓഫ് ദ ഇയർ എന്നീ ചിത്രങ്ങൾക്ക് ശേഷം വർഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ഷിമിത് അമീൻ വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നത്.
പാർവതി തിരുവോത്ത്.Photo: Screengrab/ Youtube.com
പാർവതിക്ക് പുറമെ മനീഷ് ചൗധരിയും ചിത്രത്തിലെ പ്രധാന താരനിരയുടെ ഭാഗമാകുന്നുണ്ട്. ഹർമൻ ബവേജയുടെ ബവേജ സ്റ്റുഡിയോസും ഭൂഷൺ കുമാറിന്റെ ടി-സീരീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: Parvathy Thiruvothu Announced as Part of Bollywood Film ‘Captain India’