| Saturday, 12th September 2026, 11:42 am

ഉർവശിയുടെ 'ആശ'യും പാർവതിയുടെ 'അലീന'യും; കരുത്തുറ്റ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ

അജ്മല്‍ കെ

മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിമാരാണ് പാർവതി തിരുവോത്തും ഉർവശിയും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിക്കൊണ്ടും ഇന്നും ഇരുവരും സിനിമയിൽ സജീവമാണ്. ഉള്ളൊഴുക്ക് എന്ന സിനിമയിൽ ലീലാമയായും അഞ്ജുവായും ഇരുവരും വേഷമിട്ടപ്പോൾ മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് തന്റെ കരിയറിലെ ആറാമത്തെ സംസ്ഥാന അവാർഡും ഉർവശി കരസ്ഥമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങളിലൂടെയും ഇരുവരും വ്യത്യസ്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സഹദ് നിലമ്പൂർ സംവിധാനം ചെയ്ത പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിൽ അലീനയായി പാർവതി എത്തുമ്പോൾ, സഫർ സനൽ സംവിധാനം ചെയ്ത ‘ആശ’യിൽ ടൈറ്റിൽ കഥാപാത്രമായ ആശയെയാണ് ഉർവശി അവതരിപ്പിക്കുന്നത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.Photo. IMDb

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയിൽ ഭർത്താവിന്റെ മരണശേഷം കുട്ടിയുമായി ജീവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയായ അലീനയുടെ ജീവിതവും മാനസിക സംഘർഷങ്ങളുമാണ് പാർവതി അവതരിപ്പിക്കുന്നത്. തന്റെ കുഞ്ഞിനും ഭർതൃവീട്ടുകാർക്കും മെച്ചപ്പെട്ട ജീവിതം നൽകുന്നതിന് വേണ്ടി പോരാടുന്ന ശക്തമായ സ്ത്രീ കഥാപാത്രതമാണ് അലീന.

താൻ അനുഭവിച്ച ഒറ്റപ്പെടലും വിഷമങ്ങളും തന്റെ മകൾ അനുഭവിക്കരുത് എന്ന വാശി അലീനയിലുണ്ട്. ഒരു കുറ്റകൃത്യത്തിൽ അകപ്പെട്ടുപോകുന്ന നാല് പൊലീസുകാരുടെ കഥ പറയുന്ന ചിത്രത്തിൽ അലീനയുടെ വ്യക്തിജീവിതത്തിനും സിനിമ പ്രധാന്യം നൽകുന്നുണ്ട്. ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന പാർവതി തന്റെ കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിച്ചു കൊണ്ട് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്.

അതേസമയം, ‘ആശ’യിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. ഭർത്യ പീഡനം മൂലമുണ്ടായ ട്രോമയും പേറി രണ്ട് പെൺമക്കളെ വളർത്തുന്ന അമ്മയാണ് ആശ. മക്കളോടുള്ള അതിയായ സ്നേഹത്തിനൊപ്പം വാശിയും വൈരാഗ്യവും ആത്മസംഘർഷവും ഒറ്റപ്പെടലുമെല്ലാം കഥാപാത്രത്തിലുണ്ട്.

മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്തും ചെയ്യാൻ തയ്യാറാകുന്ന ആശയുടെ സ്നേഹം ചില ഘട്ടങ്ങളിൽ നിയന്ത്രണ സ്വഭാവത്തിലേക്കും കടക്കുന്നുണ്ട്. ആശയുടെ മാനസിക സംഘർഷങ്ങളും കഥാപാത്രത്തിന്റെ സങ്കീർണതകളും മികച്ച പ്രകടനത്തിലൂടെ ഉർവശി അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായി ഉർവശിയുടെ പ്രകടനത്തെയും എല്ലാവരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആശ.Photo. IMDb

വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് കഥാപാത്രങ്ങളാണ് അലീനയും ആശയും. എന്നാൽ വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും പ്രതികൂല സാഹചര്യങ്ങളും നേരിടുന്ന ശക്തമായ സ്ത്രീകഥാപാത്രങ്ങളെന്ന നിലയിൽ ഇരുവരും ശ്രദ്ധ നേടുകയാണ്. ഒരു വശത്ത് പൊലീസ് ഉദ്യോഗസ്ഥയായ അലീനയായി പാർവതിയും മറുവശത്ത് ജീവിതത്തിലെ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുന്ന ആശയായി ഉർവശിയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചിത്രത്തിനും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Parvathy Thiruvothu and Urvashi are among the actresses who have portrayed some of the strongest female characters in Malayalam cinema

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more