| Monday, 14th September 2026, 4:20 pm

അഞ്ച് മിനിറ്റ് കഴിഞ്ഞാൽ അവർ എന്നെ മറക്കും, പിന്നീട് ആ കഥാപാത്രത്തെയാണ് വിശ്വസിക്കുന്നത്: പാർവതി തിരുവോത്ത്

നന്ദന. ടി

വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ പാർവതി, ആദ്യമായി കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിലൂടെ പൊലീസ് വേഷത്തിൽ എത്തിയിരിക്കുകയാണ്.

അലീന അബ്രഹാം എന്ന കഥാപാത്രമായുള്ള ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം പാർവതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

സിനിമയോടുള്ള തന്റെ വ്യക്തിപരമായ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പാർവതി. എല്ലാവരും സിനിമയെ ഒരേ രീതിയിൽ കാണണമെന്നില്ലെന്നും, എന്നാൽ തനിക്ക് സിനിമ ഒരു മാജിക്കൽ ആർട്ട് ഫോമാണെന്നും താരം പറഞ്ഞു.

‘എല്ലാവർക്കും സിനിമ ചിലപ്പോൾ എല്ലാം ആയിരിക്കണം എന്നില്ല. ഓരോരുത്തർക്കും അവരവരുടെ ജോലിയോട് വ്യത്യസ്ത കാഴ്ചപ്പാടുകൾ ആയിരിക്കും. അതുകൊണ്ട് സിനിമയെ എല്ലാ അഭിനേതാക്കളും ഒരേ ഗൗരവത്തോടെ കാണണമെന്നില്ല.

പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് അതൊരു മാജിക്കൽ ആർട്ട് ഫോം ആണെന്നാണ്. ഏറ്റവും ഇൻട്രസ്റ്റിംഗ് ആയിട്ടും ക്വിക്ക് ആയിട്ടും കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ഫോർമുല സിനിമയ്ക്കുണ്ട്. അതിന്റെ സ്റ്റോറിടെല്ലിംഗിൽ തന്നെ ഒരു മാജിക്കുണ്ട്,’ നടി പറഞ്ഞു.

സിനിമയിൽ പ്രേക്ഷകരുടെ സജീവമായ പങ്കാളിത്തത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് പാർവതി പറഞ്ഞു. ഒരു നടിയെന്ന നിലയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വിശ്വസിക്കുന്നതിലേക്ക് എത്തുന്നതിനെക്കുറിച്ചും, സിനിമയോടുള്ള തന്റെ ആരാധന വർഷങ്ങൾക്കിപ്പുറം വർധിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

‘പിന്നെ നമ്മൾ എല്ലാവരും അഡൾട്സ് ആണ്. അപ്പോൾ മാക്സിമം ആളുകൾ ഇങ്ങനത്തെ സിനിമകൾ കാണാൻ പോകുമ്പോൾ അവർക്കറിയാം അഭിനയിക്കുന്നത് പാർവതിയാണെന്ന്. പക്ഷേ, ഒരഞ്ചു മിനിറ്റ് കഴിഞ്ഞാൽ പിന്നീട് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രമായി അവർ വിശ്വസിക്കുകയാണ്.

അങ്ങനെയൊരു ആക്ടീവ് പാർട്ടിസിപ്പേഷൻ ഓഡിയൻസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ട ഒരു സ്പേസ് കൂടിയാണത്. നമുക്ക് ഒറ്റയ്ക്ക് അത് ചെയ്യാൻ സാധിക്കില്ല. ഇത്രയും വർഷത്തെ എന്റെ ടേക്ക് എവേ എന്നത്, മുന്നത്തേക്കാൾ എത്രയോ കൂടുതൽ ആരാധന ഇന്ന് സിനിമയോട് കൂടി എന്നതാണ്,’ പാർവതി പറഞ്ഞു.

Content Highlight: Parvathy Thiruvoth shares her takeaways from her 20-year film journey

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more