വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ താരം മലയാളത്തിൽ ആദ്യമായി പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിലൂടെ പൊലീസ് വേഷത്തിലെത്തുകയാണ്.
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ മാസം 11-നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്.
പാർവതി തിരുവോത്ത്. Photo. Screen grab/ Youtube
സിനിമയിൽ ഇരുപതു വർഷങ്ങൾ പിന്നിടുമ്പോൾ, താൻ ഇതുവരെ സിനിമകളിൽ ചെയ്ത കഥാപാത്രങ്ങളുടെ ഒരു ആകെത്തുകയാണ് താനെന്ന് പറയുകയാണ് പാർവതി തിരുവോത്ത്. സിനിമാ ജീവിതത്തിൽ യാതൊരുവിധ പരാതികളും ഇല്ലെന്നും, ഇന്നും തന്റെ സിനിമകൾ ആളുകൾ കാണുകയും അതിന് വേണ്ട അഭിപ്രായങ്ങളും വിമർശനങ്ങളും നൽകുന്നുണ്ടെന്നും നടി പറഞ്ഞു.
‘എന്റെ ഇരുപതു വർഷത്തെ ഒരു ജേർണി നോക്കിക്കഴിഞ്ഞാൽ, ഞാൻ ഇതുവരെ സിനിമകളിൽ ചെയ്ത ക്യാരക്റ്റേഴ്സിന്റെ ഒരു സബ്‌ടോട്ടൽ ആണ് ഞാനിപ്പോൾ. ചാർളിയിലെ ടെസ ആണെങ്കിലും ബാംഗ്ലൂർ ഡെയ്‌സിലെ സെറ ആണെങ്കിലും അത്തരം കഥാപാത്രങ്ങളിലൊക്കെ ഞാൻ വളരെ ഗ്രേറ്റ്ഫുൾ ആണ്. എനിക്ക് അങ്ങനെ യാതൊരുവിധ പരാതികളും ഇല്ല.
ഏതുവിധത്തിൽ നോക്കിയാലും ഇപ്പോഴും എന്റെ സിനിമകൾ ആളുകൾ കാണുന്നുണ്ട്, എൻഗേജ് ചെയ്യുന്നുണ്ട്. ഒപ്പം അവരുടെ കൺസ്ട്രക്റ്റീവ് ആയിട്ടുള്ള ക്രിട്ടിസിസവും കിട്ടുന്നുണ്ട്,’ പാർവതി പറഞ്ഞു.
മലയാള സിനിമയോട് ചില കാര്യങ്ങളിൽ എതിർപ്പുണ്ടെങ്കിലും, ചെയ്യുന്ന ജോലിക്കും അധ്വാനത്തിനും അർഹിക്കുന്ന വില മലയാളി പ്രേക്ഷകർ നൽകും എന്ന് ചൂണ്ടിക്കാണിക്കുകയാണ് പാർവതി. ഇനിയും ഒരു ഇരുപതു വർഷം സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി.
‘മലയാളത്തിൽ നമുക്ക് കിട്ടുന്ന ഏറ്റവും വലിയൊരു ഭാഗ്യം എന്താണെന്ന് വെച്ചാൽ, നമ്മൾ ചെയ്യുന്ന ജോലിക്ക് അർഹമായ വില തന്നെ പ്രേക്ഷകർ തരും എന്നുള്ളതാണ്. ബാക്കി എന്ത് കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഇത് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ഇപ്പോൾ ഞാൻ ആ ഒരു കാര്യം മാത്രമേ നോക്കുന്നുള്ളൂ.
പാർവതി തിരുവോത്ത്. Photo. Screen grab/ Youtube
ഒരുപക്ഷേ ദൈവം ഇനിയും അങ്ങനെയുള്ള നല്ല അവസരങ്ങൾ തരുകയാണെങ്കിൽ ഓഡിയൻസുമായിട്ടുള്ള ആ ഒരു റിലേഷൻഷിപ്പ് നിലനിർത്താൻ സാധിച്ചേക്കാം. ഇനിയും ഒരു ഇരുപതു വർഷം സിനിമയിൽ തുടരാൻ കഴിയട്ടെ എന്ന ആഗ്രഹിക്കുന്നു,’ പാർവതി തിരുവോത്ത് പറഞ്ഞു.