| Friday, 11th September 2026, 11:31 am

ആരും കോമഡി സ്‌ക്രിപ്റ്റുമായി വരുന്നില്ല, എനിക്ക് അത്തരം റോളുകള്‍ ചെയ്യാനിഷ്ടമാണ്: പാര്‍വതി തിരുവോത്ത്

അമര്‍നാഥ് എം.

സിനിമാലോകത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പാര്‍വതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ചെങ്കിലും നോട്ട്ബുക്കിലൂടെയാണ് പാര്‍വതി ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചു.

മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡടക്കം പലതും സ്വന്തമാക്കിയ പാര്‍വതി ഭാഷാതിര്‍ത്തികള്‍ കടന്നും ഞെട്ടിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൊലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്.

പാർവതി തിരുവോത്ത്. Photo. Screen grab/ Youtube

കരിയറില്‍ ചെയ്തതില്‍ അധികവും സീരിയസ് റോളുകളാണെന്നും അതില്‍ നിന്ന് മാറി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പാര്‍വതി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇനിയും ട്രൈ ചെയ്യാനുള്ള ഴോണറുകളിലൊന്ന് കോമഡിയാണെന്നും താരം പറയുന്നു. എന്നാല്‍ തന്നെത്തേടി അത്തരം കഥകള്‍ വരുന്നില്ലെന്ന് പറയുകയാണ് പാര്‍വതി. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘കോമഡി സിനിമകള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നവരോട് എനിക്ക് കോമഡി സ്‌ക്രിപ്റ്റ് തരാത്തത് എന്താ എന്ന് തിരിച്ച് ചോദിക്കുകയാണ്. എനിക്ക് അത്തരം റോളുകള്‍ ചെയ്യണമെന്നുണ്ട്. റിയലിസ്റ്റിക്കായിട്ടുള്ള റോളുകളില്‍ സട്ടിലായി വരുന്ന കോമഡികളുണ്ട്. ഔട്ട് ആന്‍ഡ് ഔട്ട് കോമഡി അവിടെയുമില്ല. ഇനി ചെയ്യാന്‍ പോകുന്ന സിനിമയില്‍ ചെറുതായിട്ട് കോമഡിയൊക്കെയുണ്ട്. കൂടുതലൊന്നും ആ പടത്തിനെപ്പറ്റി പറയാനായിട്ടില്ല,’ പാര്‍വതി പറയുന്നു.

ആദ്യമായി കാക്കിയണിഞ്ഞതിനെക്കുറിച്ചും താരം സംസാരിച്ചു. മുമ്പ് തെലുങ്കില്‍ പൊലീസ് റോള്‍ ചെയ്തിട്ടുണ്ടെങ്കിലും മഫ്തിയിലായിരുന്നു ആ കഥാപാത്രമെന്നും അതിനാല്‍ യൂണിഫോം ധരിക്കേണ്ടി വന്നിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. എന്നാല്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ കാക്കി ധരിക്കേണ്ടി വന്നെന്നും അത് പുതിയൊരു അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഈ കാക്കി ധരിക്കുക എന്ന് പറഞ്ഞാല്‍ അത് അത്ര നല്ല പണിയായിരുന്നില്ല. റിയല്‍ ലൈഫില്‍ പൊലീസുകാര്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ എന്താണെന്നൊക്കെ അന്ന് മനസിലായി. ആ യൂണിഫോമിന്റെ ഉള്ളില്‍ നിന്ന് ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഓരോ ദിവസവും. വ്യത്യസ്തമായ എക്‌സ്പീരിയന്‍സായിരുന്നു അത്,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy Thiruvoth saying she likes to do Comedy roles

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more