| Thursday, 26th March 2026, 8:09 am

അമ്മയാകുക എന്നതാണ് തീർച്ചയായും ചെയ്യേണ്ടത് എന്ന് കരുതി; എന്നാലിന്ന് 'ഹാവൂ രക്ഷപെട്ടല്ലോ' എന്നായി: പാർവതി തിരുവോത്ത്

നന്ദന എം.സി

ശക്തമായ നിലപാട് കൊണ്ടും, അഭിനയ മികവ് കൊണ്ടും സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്.

2006 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെയാണ് പാർവതി തന്റെ സിനിമ ജീവിതം ആരംഭിച്ചത്. എന്നാൽ 2015 ൽ പൃഥ്വിരാജ് നായകനായെത്തിയ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രത്തിലൂടെയാണ് പാർവതി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

തന്റെ ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള താരം ജീവിതത്തിൽ ഏറ്റവും അനിവാര്യമെന്ന് തോന്നുന്ന അമ്മയാവുക എന്ന ചിന്താഗതിയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.

പാർവതി തിരുവോത്ത്, Photo: Parvathy thiruvothu/ Facebook

അമ്മയാകേണ്ടെന്നും അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്ന പ്രക്രിയകൾക്ക് മുതിരേണ്ടെന്നും താൻ തീരുമാനിച്ചെന്നും താരം പറഞ്ഞു. ദി മെയിൽ ഫെമിനിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

‘എന്റെ ശരീരം അത്തരമൊരു പ്രക്രിയയിലൂടെ കടന്നുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. ഓരോരുത്തർക്കും അവരവരുടേതായ താൽപര്യങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല.

ജീവിതത്തിൽ തീർച്ചയായും ചെയ്യേണ്ട ഏക കാര്യം അമ്മയാവുക എന്നതാണെന്ന് കരുതിയിരുന്ന ഒരു കാലം എന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കരുതുന്നത്, ‘ഹാവൂ, ആ ചിന്തയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ’ എന്നാണ്.

ഇപ്പോൾ എനിക്ക് ആ പഴയ തോന്നലിന്റെ ഒരംശം പോലുമില്ല. പക്ഷേ, ഇപ്പോൾ എനിക്ക് മറ്റുള്ളവരെ പരിപാലിക്കുന്ന കാര്യത്തിൽ കൂടുതൽ അവബോധമുണ്ട്. അത് എന്റെ നായയിൽ നിന്നാണ് എനിക്ക് ലഭിച്ചത്,’ പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്, Photo: Parvathy thiruvothu/ Facebook

സിനിമ രംഗത്തും സോഷ്യൽ മീഡയ പ്ലാറ്റ്ഫോമുകളിലും തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുന്ന പാർവതിയുടെ ഈ ഒരു തുറന്നു പറച്ചിൽ യുവ തലമുറ വലിയ രീതിയിലാണ് സ്വീകരിച്ചത്.

അതെ സമയം ബോളിവുഡിലും സജീവമാകുന്ന പാർവതി അഭിനയിക്കുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് ‘സ്റ്റോം’. ബോളിവുഡ് താരം ഹൃത്വിക് റോഷൻ നിർമാതാവായ സീരീസ് ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്തു വന്നതോടെ ശക്തമായ കഥാപാത്രമാണ് താരം ചെയ്യുന്നതെന്ന നിഗമനത്തിലാണ് പ്രേക്ഷകർ.

വ്യത്യസ്താമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അഞ്ച് സ്ത്രീകളിലൂടെയാണ് സീരീസ് കഥ പറയുന്നത്. പാർവതിയ്ക്ക് പുറമെ സബാ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുംബൈ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സീരീസ് ക്രൈം ത്രില്ലറായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന.

Content Highlight: Parvathy Thiruvoth gives her opinions

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more