| Friday, 18th September 2026, 6:50 pm

സിനിമയില്‍ നിന്ന് ബ്രേക്കെടുത്താലോ എന്ന് വിചാരിച്ചപ്പോഴായിരുന്നു ആ ഡയറക്ടറെ കണ്ടുമുട്ടിയത്, അവരുടെ പടത്തില്‍ ചാന്‍സ് ചോദിച്ചുവാങ്ങി: പാര്‍വതി തിരുവോത്ത്

അമര്‍നാഥ് എം.

മോളിവുഡില്‍ ഈ ജനറേഷനിലെ ഏറ്റവും മികച്ച നടിയെന്ന് പലരും സംശയമില്ലാതെ വിശേഷിപ്പിക്കുന്ന ആര്‍ട്ടിസ്റ്റാണ് പാര്‍വതി തിരുവോത്ത്. ചെയ്യുന്ന ഓരോ റോളുകളും ഒന്നിനൊന്ന് വ്യത്യസ്തമാക്കാന്‍ പാര്‍വതിക്കുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. സമീപകാലത്ത് താരം ചെയ്തുവെച്ച ഓരോ വേഷങ്ങളും അതിന് ഉദാഹരണമാണ്.

ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു പൊലീസ് സ്റ്റേഷനിലെ നാല് സി.പി.ഓമാരിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രം വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുന്നത്. സി.പി.ഒ അലീന എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചത്.

കരിയറില്‍ പലപ്പോഴും താന്‍ പ്രതീക്ഷിച്ച വിജയം ചില സിനിമകള്‍ക്ക് ലഭിക്കാത പോയിരുന്നെന്ന് പറയുകയാണ് പാര്‍വതി. ആ സമയത്തെല്ലാം ബ്രേക്ക് എടുക്കാന്‍ തോന്നുമായിരുന്നെന്നും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നെന്നും താരം പറഞ്ഞു. 2013ല്‍ അത്തരത്തില്‍ താനൊരു ബ്രേക്കെടുക്കാന്‍ തീരുമാനിച്ചിരുന്നെന്ന് പാര്‍വതി പറയുന്നു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘കുറച്ചധികം പ്രതീക്ഷയുള്ള സിനിമകളിലൊന്നായിരുന്നു മരിയാന്‍. തമിഴില്‍ ഞാന്‍ ചെയ്ത മികച്ച ക്യാരക്ടറുകളിലൊന്ന് ആ പടത്തിലായിരുന്നു. പക്ഷേ, റിലീസിന് ശേഷം അത്ര നല്ല റെസ്‌പോണ്‍സ് ലഭിച്ചില്ല. ഇനി ഈ പണി തുടരണ്ട എന്ന ചിന്തയില്‍ ഒരു ബ്രേക്കെടുക്കാന്‍ തീരുമാനിച്ചു. ആ സമയത്ത് എങ്ങോട്ടോ പോകാനായി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു ഞാന്‍. അവിടെ വെച്ച് ഡയറക്ടര്‍ അഞ്ജലി മേനോനെ കണ്ടു. മകന്റെ കൂടെ വെയ്റ്റിങ് ഏരിയയില്‍ ഇരിക്കുകയായിരുന്നു അവര്‍.

ആ സമയത്ത് മഞ്ചാടിക്കുരു കണ്ടിട്ട് അവരെ നേരിട്ട് കാണാനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. അഞ്ജലിയുടെ അടുത്തേക്ക് ചെന്നപ്പോള്‍ അവര്‍ക്ക് എന്നെ മനസിലായി. ‘ഞാനും അന്‍വറും കഴിഞ്ഞദിവസം നിങ്ങളെക്കുറിച്ച് സംസാരിച്ചതേയുള്ളൂ’ എന്ന് അഞ്ജലി പറഞ്ഞതും, ‘ആ സിനിമയില്‍ ഞാനുമുണ്ട്. കഥയൊന്നും കേള്‍ക്കണ്ട, എനിക്ക് സമ്മതമാണ്’ എന്ന് അഞ്ജലിയോട് പറഞ്ഞു. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡേയ്‌സിലെ ടെസ്സ എന്നിലേക്ക് എത്തിയത്,’ പാര്‍വതി പറയുന്നു.

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ ഇതിനോടകം ഹിറ്റിലേക്ക് കടന്നിരിക്കുകയാണ്. പാര്‍വതിക്ക് പുറമെ മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, വിനയ് ഫോര്‍ട്ട് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ചിത്രം കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

Content Highlight: Parvathy Thiruvoth explains how she became a part of Bangalore days movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more