| Tuesday, 15th September 2026, 5:30 pm

പ്രേക്ഷകര്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ കിട്ടാത്തതുകൊണ്ട് അനാവശ്യമായ വിമര്‍ശനമാണ് ആ സിനിമക്ക് ലഭിച്ചത്: പാര്‍വതി തിരുവോത്ത്

അമര്‍നാഥ് എം.

സിനിമാജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച പാര്‍വതി നോട്ട്ബുക്കിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് ഓരോ സിനിമയിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കാന്‍ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ ചിത്രമായ പ്രഥമദൃഷ്ട്യാ കുറ്റക്കാരിലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സിനിമയിലെ പല രംഗങ്ങളും ഒറ്റക്ക് ചുമലിലേറ്റിയത് പാര്‍വതിയാണ്. ഏറെക്കാലത്തിന് ശേഷമാണ് പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു.

വിമര്‍ശനങ്ങള്‍ സിനിമയെ ബാധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി. റിവ്യൂ പലരിലും സ്വാധീനമുണ്ടാക്കിയേക്കാമെന്നും സിനിമ കാണുന്നതിന് മുമ്പ് താന്‍ റിവ്യൂ ഒന്നും വായിക്കാറില്ലെന്നും താരം പറഞ്ഞു. തന്റെ ആസ്വാദനത്തെ ബാധിച്ചേക്കാമെന്നും അതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ മുന്‍ചിത്രമായ ഐ, നോബഡി തിയേറ്ററില്‍ അത്ര വിജയമായിരുന്നില്ല. പ്രേക്ഷകര്‍ ആ സിനിമയില്‍ നിന്ന് ആദ്യം പ്രതീക്ഷിച്ചതൊന്നും കിട്ടാത്തതുകൊണ്ടാകാം പരാജയപ്പെട്ടത്. പക്ഷേ, ആ സിനിമക്ക് ലഭിച്ചത് അനാവശ്യമായ വിമര്‍ശനമായിരുന്നു. ഞാന്‍ വലിയൊരു സിനിമാപ്രേമിയാണ്. പക്ഷേ, സിനിമ കാണുന്നതിന് മുമ്പ് ഒരു റിവ്യൂവും ഞാന്‍ നോക്കാറില്ല.

ആ സിനിമ കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത്, അത് കൃത്യമായി ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നത്. എന്നിട്ടും ആ സിനിമ നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അതില്‍ കാര്യമുണ്ട്. നോബഡിയുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചില്ലെന്നാണ് ഞാന്‍ കരുതുന്നത്. അനാവശ്യമായിട്ടുള്ള വിമര്‍ശനങ്ങളായിരുന്നു പലതും,’ പാര്‍വതി പറഞ്ഞു.

അതേസമയം വേര്‍ഡ് ഓഫ് മൗത്തിലൂടെ മുന്നേറുകയാണ് പാര്‍വതിയുടെ പുതിയ ചിത്രമായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ഷഹാദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം പൊലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. പാര്‍വതിക്ക് പുറമെ മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു.

Content Highlight: Parvathy Thiruvoth about the failure of I Nobody movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more