| Tuesday, 3rd October 2017, 8:26 am

'അവര്‍ പരാതി പറയാറില്ല, ആ മനക്കരുത്തിന് എന്റെ സല്യൂട്ട്'; തന്റെ വീട്ടിലെ സുജാതയെ പരിചയപ്പെടുത്തി പാര്‍വ്വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഞ്ജു വാര്യരുടെ ഉദാഹരണം സുജാത കഴിഞ്ഞ വാരമാണ് തിയ്യറ്ററുകളിലെത്തിയത്. വീട്ടു ജോലിയെടുത്ത് മകളെ പഠിപ്പിക്കുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

എന്നാല്‍ ഈ സിനിമ കണ്ട് പുറത്തിറങ്ങിയ സിനിമ നടിയായ പാര്‍വ്വതി ചെയ്തത് വളരെ വ്യത്യസ്തമായ കാര്യമാണ്. ചിത്രത്തിലെ സുജാതയെപ്പോലെ തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് പാര്‍വ്വതി ചിത്രത്തിന്റെ സന്ദേശം ആരാധകരിലേക്ക് എത്തിച്ചത്. ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും പാര്‍വ്വതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്റെ സുജാത, ഉദാഹരണം സുജാത എന്നീ ടാഗുകളോട് അവരുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും പാര്‍വ്വതി ആവശ്യപ്പെടുന്നുണ്ട് .


Also Read:  ഗാന്ധിജിയുടെ വാക്കുകള്‍ കൊണ്ട് രജനി കാന്തിന് കമല്‍ഹാസന്റെ മറുപടി; തമിഴ്‌നാട്ടില്‍ താരയുദ്ധത്തിന് വേദിയൊരുങ്ങുന്നുവോ?


പാര്‍വ്വതിയുടെ കുറിപ്പ് വായിക്കാം

ചാര്‍ളിയുടെ നിര്‍മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും, ജോജുവും ചേര്‍ന്നാണ് ഉദാഹരണം സുജാത എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നല്ല ചിത്രത്തിന് മികച്ച സംവിധായകനും നല്ല അഭിനേതാക്കളും ഉണ്ടായിരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.

എന്റെ ചേച്ചി അവരുടെ മക്കളെ വീട്ടു ജോലിക്ക് അയക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ചേച്ചിക്ക് അവരെ പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് ഒപ്പം അത് പൂര്‍ത്തീകരിക്കാന്‍ ഒരുപാട് കഷ്ടപ്പെടുന്നുമുണ്ട്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം എന്നത് അവരുടെ സ്വപ്നമാണ്. ജീവിതത്തില്‍ താന്‍ സഹിച്ചത് പോലെ അവര്‍ക്ക് ഉണ്ടാകരുത് എന്നും അവര്‍ ആഗ്രഹിക്കുന്നു.

ഏറെ ശാരീരികമായ കഷ്ടപ്പാടുകള്‍ വേണ്ട ഒന്നാണ് വീട്ടു ജോലി. മക്കളുടെ നല്ല നിലയിലുള്ള പഠനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരിലേക്ക് മാത്രം ഒതുങ്ങുന്നതാണ്. പക്ഷേ അവര്‍ പരാതി പറയാറില്ല. ദൈവത്തിലും അവരുടെ ജോലിയിലും അവര്‍ക്ക് വിശ്വാസമുണ്ട് . മക്കളുടെ ജീവിതം സുരക്ഷിതമാകാന്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടണമെന്നാണ് ചേച്ചിയുടെ ആഗ്രഹം.

അവരുടെ കഷ്ടപ്പാടിന് ഒരു നാള്‍ അവരുടെ മക്കള്‍ മികച്ച പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം.. ചേച്ചിയുടെ ജോലിയുടെ മികവ് തന്നെയാണ് എന്നെ നന്നായി ജോലി ചെയ്യാന്‍ സഹായിക്കുന്നത് . അവര്‍ എന്റെ വീട് ക്ലീന്‍ ചെയ്യന്നതും വൃത്തിയായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്നതും ഇടയ്ക്കിടെ ഭക്ഷണം ഉണ്ടാക്കി തരുന്നതും കൊണ്ടാണ് ജീവിതത്തില്‍ എനിക്ക് സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുന്നത്.

എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ട്. അവരെപോലെയുള്ള ഓരോ സുജാതമാര്‍ക്കും ഒരു സല്യൂട്ട്. അവരേയും അവരുടെ മനഃശക്തിയേയും ഞാന്‍ ബഹുമാനിക്കുന്നു…. നിങ്ങളുടെ സുജാതമാരേയും കുറിച്ചറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more