| Sunday, 20th September 2026, 6:14 pm

ഷോർട്ട് ഫിലിം കണ്ടിട്ട് ഫഹദ് ഫാസിൽ നേരിട്ട് അഭിനന്ദിച്ചു, എക്സൈറ്റ്മെന്റ് കാരണം ഞാൻ അത് കണ്ടിരുന്നില്ല; പാർവതി അയ്യപ്പദാസ്

അജ്മല്‍ കെ

ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും പിന്നീട് 300 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.ചിത്രത്തിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്ന ‘ഒരു സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയ നടിയാണ് പാർവതി അയ്യപ്പദാസ്. ‘സൂപ്പർ ശരണ്യ’യിലൂടെ സിനിമയിലെത്തിയ പാർവതി ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗിരീഷ് എ.ഡി.യുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്.

പാർവതി അയ്യപ്പദാസ്. Photo. Screen Grab/ Youtube

ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന ജോയലിന്റെ കാമുകിയായ സായൂജ്യയെയാണ് പാർവതി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ ‘സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമിലും പാർവതിയുടെ ഡയലോഗ് ഡെലിവറിയും അഭിനയവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഷോർട്ട് ഫിലിമിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ തുറന്നു പറയുകയാണ് നടി പാർവതി അയ്യപ്പദാസ്. ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാൻ കുറെ നാൾ അടുപ്പിച്ച് ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെ അത് നിർത്തി സിനിമയും സീരിയസുമായിട്ട് നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. കുറെ നാളായിട്ട് ഇപ്പോൾ ഷോർട്ട് ഫിലിം ചെയ്തിട്ടില്ലായിരുന്നു. അപ്പോഴാണ് പിന്നെയും അതിലോട്ട് തന്നെ എന്തോ സിനിമയുടെ ഭാഗമായി തിരിച്ചെത്തിയത്,’താരം പറഞ്ഞു.

ഷോർട്ട് ഫിലിം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ ആവേശവും ടെൻഷനും കാരണം തനിക്ക് അത് കാണാൻ കഴിഞ്ഞിരുന്നില്ലെന്നും പാർവതി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ക്ലിപ്പുകൾ പ്രചരിക്കുകയും പലരും മെൻഷൻ ചെയ്യുകയും ചെയ്തതോടെ കുറച്ച് ഭാഗങ്ങൾ കണ്ടിരുന്നെങ്കിലും, പിന്നീടാണ് സ്വസ്ഥമായി മുഴുവൻ കണ്ടതെന്നും താരം വ്യക്തമാക്കി.

‘ഷോർട്ട് ഫിലിം ഇറങ്ങിയതിന് ശേഷം എക്സൈറ്റ്മെന്റ് കാരണം ഞാൻ പിന്നെ കണ്ടില്ല. എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ടെൻഷനും വല്ലാത്തൊരു അവസ്ഥയുമായിരുന്നു. പിന്നെ എല്ലാവരും ക്ലിപ്പൊക്കെ ഇട്ട് മെൻഷൻ ചെയ്തപ്പോ അതൊക്കെ കുറച്ച് കണ്ടു. ഇതിന്റെ ഒക്കെ ബഹളം കഴിഞ്ഞിട്ടാണ് ഞാൻ സ്വസ്ഥമായി ഇതൊന്ന് കാണുന്നത്,’പാർവതി വ്യക്തമാക്കി.

ഒരു സാത്തുക്കുടി പ്രണയം,ഗിരീഷ് എ.ഡി. Photo. IMDb. Screen Grab/ Youtube

ഷോർട്ട് ഫിലിം കണ്ടതിന് ശേഷം ഫഹദ് ഫാസിൽ നേരിട്ട് അഭിനന്ദിച്ചത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പാർവതി പറയുന്നു.
‘ഷോർട്ട് ഫിലിം കണ്ടിട്ട് ഫഹദ് ഫാസിൽ സാർ നേരിട്ട് നല്ലൊരു കോംപ്ലിമെന്റ് പറഞ്ഞിരുന്നു. നന്നായിരുന്നു എന്ന് പറഞ്ഞു. അത് പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു,’പാർവതി കൂട്ടിച്ചേർത്തു.

Content Highlight: Parvathy Ayyappadas opens up about her experience acting in the short film ‘Oru Saathu Kudi Pranayam’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more