തിയേറ്ററുകളില്‍ ചരിത്രവിജയം നേടുകയാണ് നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 250 കോടിക്കുമുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഷോര്‍ട്ട്ഫിലിമിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റിലും സാത്തുക്കുടി പ്രണയത്തിലും പ്രേക്ഷകശ്രദ്ധ നേടിയവരില്‍ ഒരാളാണ് പാര്‍വതി അയ്യപ്പദാസ്. ജോയല്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയായ സായൂജ്യയായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പാര്‍വതി.
സൂപ്പര്‍ ശരണ്യക്ക് ശേഷം ഗിരീഷ് എ.ഡിക്കൊപ്പം വര്‍ക്ക് ചെയ്ത ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റെന്ന് പാര്‍വതി പറഞ്ഞു. ചിത്രത്തില്‍ തനിക്ക് നിവിന്‍ പോളിക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നെന്നും ഉള്ള സീനുകളില്‍ തനിക്ക് ടെന്‍ഷനായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു പാര്‍വതി.
‘നിവിന്‍ ചേട്ടന്റെ കൂടെയുള്ള കോമ്പോ സീനില്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്നെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുന്ന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. കാറില്‍ കയറിയതിന് ശേഷം ശ്യാം ചേട്ടന്റെ ക്യാരക്ടര്‍ അതിന് വട്ടം വെച്ച് കിടക്കുകയും നിവിന്‍ ചേട്ടന്‍ വേറൊരു വഴിയില്‍ കൂടി പോവുകയും ചെയ്യുന്നതാണ് സീന്‍. ഇതെല്ലാം കണ്ടിട്ട് എന്റെ ക്യാരക്ടര്‍ ടെന്‍ഷനടിക്കുന്നുണ്ട്.
എല്ലാം ഒന്നിച്ച് കിട്ടാന്‍ എന്റെ മുഖത്തിനടുത്ത് ഒരു ക്യാമറ വെച്ചിട്ടുണ്ടായിരുന്നു. എല്ലാം ഒറ്റ ടേക്കില്‍ ഓക്കെയാകണം. ഞാന്‍ കാരണം റീടേക്ക് പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ആ സീനില്‍ എന്നെക്കൊണ്ടാകുന്ന രീതിയില്‍ ഒരു എക്‌സ്പ്രഷനിട്ടു. ഷോട്ട് കഴിഞ്ഞ് നിവിന്‍ ചേട്ടന്‍ മോണിറ്റര്‍ നോക്കിയിട്ട് ‘ഇവളെന്താ പ്രേതത്തെയാണോ കണ്ടത്. ഇങ്ങനെ പേടിക്കാന്‍’ എന്ന് ചോദിച്ചു. സത്യം പറഞ്ഞാല്‍ നിവിന്‍ ചേട്ടനെ എനിക്ക് പേടിയായിരുന്നു,’ പാര്‍വതി പറഞ്ഞു.
സൂപ്പര്‍ ശരണ്യയില്‍ തനിക്ക് ചെറിയ റോളായിരുന്നെന്നും രണ്ട് വട്ടം ഓഡിഷന്‍ നടത്തിയിട്ടാണ് തന്നെ സെലക്ട് ചെയ്തതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ചെറിയ റോളാണെങ്കിലും നസ്‌ലെന്‍ പാടുന്ന സീനിലെ തന്റെ കൂവല്‍ മീം പേജുകളില്‍ വൈറലായെന്നും പലരും അതിലൂടെ തന്നെ തിരിച്ചറിഞ്ഞെന്നും താരം പറയുന്നു.
Content Highlight: Parvathy Ayyappadas about the combo scene with Nivin in Bethlehem Kudumba Unit movie