| Friday, 17th July 2026, 8:13 pm

സിനിമയിലേക്ക് ഇനിയില്ലെന്ന് തിരക്കിട്ടെടുത്ത തീരുമാനമായിരുന്നു, പലരോടും അന്ന് നന്ദി പറയാന്‍ സാധിച്ചില്ല: പാര്‍വതി

അമര്‍നാഥ് എം.

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് പാര്‍വതി. വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെ കരിയറാരംഭിച്ച പാര്‍വതി വളരെ വേഗത്തില്‍ മലയാളത്തിലെ നിറസാന്നിധ്യമായി മാറി. നായികയായും സഹനടിയായും പ്രേക്ഷകരുടെ മനം കവര്‍ന്ന പാര്‍വതി ജയറാമുമായുള്ള വിവാഹത്തിന് ശേഷം സിനിമാജീവിതം ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞദിവസം കിരീടം സിനിമയുടെ റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ചില്‍ പാര്‍വതി പങ്കെടുത്തിരുന്നു. സിബി മലയില്‍ തന്നോട് ആ പരിപാടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ മനസുവന്നില്ലെന്നും അതിനാലാണ് പങ്കെടുത്തതെന്നും താരം പറയുന്നു. കിരീടത്തിന് പുറമെ ഒരുപാട് മികച്ച വേഷങ്ങള്‍ തനിക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിലെന്നും പാര്‍വതി പറഞ്ഞു.

19 വയസുള്ളപ്പോഴാണ് കിരീടം എന്ന ക്ലാസിക് ചിത്രം താന്‍ ചെയ്തതെന്ന് താരം ഓര്‍ത്തെടുക്കുന്നു. അന്നത്തെ ചെറുപ്പക്കാരിയോട് സിബി മലയില്‍ കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷത്തെക്കുറിച്ച് പറഞ്ഞതൊന്നും മനസിലായില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വിവാഹത്തിന് ശേഷം ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് പെട്ടെന്നൊരു ദിവസം വഴിമാറി നടക്കുകയായിരുന്നു. തിരക്കിട്ട ആ തീരുമാനത്തിനിടയില്‍ മികച്ച വേഷങ്ങള്‍ സമ്മാനിച്ച പലരോടും നന്ദി പറയാനൊന്നും അന്ന് സാധിച്ചിരുന്നില്ല. സിനിമയിലേക്കിറങ്ങി ചെറിയ കാലത്തിനുള്ളില്‍ തന്നെ പേരും പെരുമയും സമ്മാനിച്ചവരോടുള്ള നന്ദിയാണ് അന്ന് ട്രെയ്‌ലര്‍ ലോഞ്ചില്‍ പറഞ്ഞത്. ഏറെക്കാലമായി കാത്തിരുന്നൊരു വേദിയായിരുന്നു എനിക്ക് അത്.

കിരീടത്തില്‍ പ്രവര്‍ത്തിച്ച പലരും ഇന്ന് നമ്മുടെ കൂടെയില്ലെന്ന സത്യം വിങ്ങലോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കൂ. കഥ രചിച്ച ലോഹിതദാസ്, സംഗീതം നിര്‍വഹിച്ച ജോണ്‍സണ്‍ മാഷ്, സിനിമയില്‍ അഭിനയിച്ച തിലകന്‍ സാര്‍, ശങ്കരാടി ചേട്ടന്‍, മുരളി ചേട്ടന്‍, പൊന്നമ്മചേച്ചി, ഫിലോമിന ചേച്ചി അങ്ങനെ ക്യാമറക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്നു ഒരുപാട് പേര്‍ വിട്ടുപിരിഞ്ഞുപോയി,’ പാര്‍വതി പറഞ്ഞു.

ലൊക്കേഷനില്‍ ഇവരോടൊപ്പം ചെലവിട്ട നല്ല ഓര്‍മകള്‍ ധാരാളമുണ്ടായിരുന്നെന്നും താരം പറയുന്നു. മൊബൈല്‍ ഫോണും കാരവനും ഇല്ലാത്ത സമയമായിരുന്നു അതെന്നും മരച്ചുവട്ടില്‍ കസേരയിട്ട് ഇരുന്ന് എല്ലാവരുമായി സംസാരിച്ച് ഇരിക്കുമായിരുന്നെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒഴിവുസമയങ്ങള്‍ ചെലവഴിച്ചത് അങ്ങനെയൊക്കെയായിരുന്നെന്നും പാര്‍വതി പറഞ്ഞു.

Content Highlight: Parvathy about her retirement from cinema

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more