തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് സി.പി.ഐ.എം. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ 20000 ലേറെ വോട്ടുകള്‍ പാര്‍ട്ടിക്ക് നേടിയെടുക്കാന്‍ കഴിഞ്ഞെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
രാഷ്രീയപരമായി എല്‍.ഡി.എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തത്തക്കവിധത്തില്‍ നിരവധി കാര്യങ്ങള്‍ ഭരണപക്ഷം ഉന്നയിച്ചെങ്കിലും അതൊന്നും സി.പി.ഐ.എമ്മിനെ ബാധിച്ചിട്ടില്ലെന്നാണ് അവരുടെ വാദം.
2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 17,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നെയ്യാറ്റിന്‍കരയില്‍് ലഭിച്ചത്. 2010 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 8,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷവും അവര്‍ നേടിയിരുന്നു.
നെയ്യാറ്റിന്‍കരയില്‍ ഇല്ലാത്ത ഭീഷണികളുടെ കഥകള്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി തന്നെ പ്രഖ്യാപിക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതിനും അവര്‍ തയ്യാറായെന്നും പാര്‍ട്ടി വിശകലനം ചെയ്യുന്നു.അതിനുപുറമേ യു.ഡി.എഫിന്റെ വിജയത്തിനായി ജാതി മത ശക്തികളും ഇടപെടുകയുണ്ടായി.
ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന പ്രചരണം നടത്തുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചെന്നും അത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായെന്നും സി.പി.ഐ.എം വിലയിരുത്തുന്നു.
നെയ്യാറ്റിന്‍കരയിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെ പാര്‍ട്ടി അംഗീകരിക്കുന്നു. അതിനിടയാക്കിയ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് അവ പരിഹരിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിനുള്ള നിലപാട് സ്വീകരിക്കുമെന്നും പാര്‍ട്ടി വിശകലനത്തില്‍ പറയുന്നു.