പി.ശശിക്കെതിരെ പരാതിപ്പെട്ട സി.കെ.പി പത്മനാഭനെതിരെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം ശക്തമായ നടപടിക്കൊരുങ്ങുന്നു. ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ച പാര്‍ട്ടി തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ നടപടിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തളിപ്പറമ്പിലെ സിറ്റിംങ് എം.എല്‍.എയായ സി.കെ.പിക്ക് സീറ്റ് നല്‍കണമെന്ന് പാര്‍ട്ടി പ്രാദേശിക ഘടകം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് അംഗീകരിക്കേണ്ടെന്നാണ് നേതൃതീരുമാനം. സി.കെ.പിക്ക് പകരം ജയിംസ് മാത്യുവിനെയാണ് സി.പി.ഐ.എം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ യിംസ് മാത്യുവിനെ മാറ്റുന്ന പ്രശ്‌നമില്ലെന്നാണ് നതാക്കള്‍ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച സി.കെ.പി. പത്മനാഭന് എതിരേ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കള്‍ മണ്ഡലം കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രശ്‌നം പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ വീണ്ടും മണ്ഡലം കമ്മിറ്റി യോഗം വിളിച്ചെങ്കില്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പ് ഇന്ന് രാവിലെ കണ്ണൂരില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. മണ്ഡലം കമ്മിറ്റിയുടെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യോഗത്തിലുണ്ടായ ധാരണ.
ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ ശേഷം നേതാക്കളുടെ വന്‍ പട തന്നെ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തിനെത്തിയിരുന്നു. എം.വി ഗോവിന്ദന്‍ സംസ്ഥാന കമ്മിറ്റിയുടെ മിനിട്‌സ് ഉള്‍പ്പെടെ എടുത്താണ് യോഗത്തിനെത്തിയത്.
കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, തളിപ്പറമ്പില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. ബാലകൃഷ്ണന്‍നമ്പ്യാര്‍, പി.വി. ബാലഗോപാലന്‍, കെ. കുഞ്ഞപ്പ, മയിലില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കെ. ചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി പി. ജയരാജനാണ് മേല്‍ കമ്മിറ്റി തീരുമാനം വിശദീകരിച്ചത്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ വളരെ ഗൗരവത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കര്‍ഷക സംഘത്തിന്റെ ഭാരവാഹിയായിരിക്കെ ഉയര്‍ന്ന ചില ആരോപണങ്ങളെ തുടര്‍ന്ന് സി.കെ.പി. പത്മനാഭന് എതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് അദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് അച്ചടക്ക നടപടി ഇപ്പോള്‍ സ്വീകരിക്കാത്തത്. ആരോപണം എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദേഹം കര്‍ക്കശമായി തന്നെ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റി യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജനായിരുന്നു പങ്കെടുത്തത്. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയില്‍ ഏറെ സ്വാധീനമുള്ള എം.വി. ഗോവിന്ദനെയാണ് സംസ്ഥാന കമ്മിറ്റി തീരുമാനം നടപ്പിലാക്കാന്‍ നിയോഗിച്ചത്.
സി.കെ.പിക്കെതിരെയുള്ളത് പഴയ പരാതി
സി.കെ.പി. പത്മനാഭന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ സി.പി.എമ്മിലെ ഒരു വിഭാഗം പൊടി തട്ടിയെടുത്തത് രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവം. സി.കെ.പി കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയായിരിക്കെ ഓഫീസ് സെക്രട്ടറി പണം തിരിമറി നടത്തിയിരുന്നു. ഇത് കണ്ടുപിടിക്കുകയും ഓഫീസ് സെക്രട്ടറിയെ മാറ്റുകയുംചെയ്തു.
ഈ സംഭവവുമായി സി.കെ.പിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ലെങ്കിലും കര്‍ഷക സംഘം സെക്രട്ടറി എന്ന നിലയില്‍ ജാഗ്രത കാട്ടിയില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പിന്നീട് കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തില്‍ സി.കെ.പിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതോടെ പ്രശ്‌നം തീരുകയും ചെയ്തു.
എന്നാല്‍ പി. ശശിക്ക് എതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ ഒരു വിഭാഗം സി.കെ.പിക്ക് എതിരേ പഴയ പ്രശ്‌നം പൊടി തട്ടിയെടുക്കുകയായിരുന്നു. ശശിക്ക് എതിരേ പരാതി നല്‍കിയവരില്‍ ഒരാള്‍ സി.കെ.പിയായിരുന്നു. സംസ്ഥാന നേതൃത്വം പൂഴ്ത്തി വച്ച പരാതി പരസ്യമായതും വി.എസിനോട് പറഞ്ഞതും സി.കെ.പിയാണെന്നാണ് ഇവര്‍ സംശയിക്കുന്നത്. ശശിക്ക് എതിരേയുള്ള പരാതിയില്‍ സി.കെ.പി ഉറച്ചു നിന്നപ്പോഴാണ് പഴയെ സംഭവം പൊടിതട്ടിയെടുത്ത് സി.കെ.പിക്കെതിരെ സംഘം നീങ്ങിയത്.