കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വാർഡ് കെട്ടിടത്തിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണു. 14-ാം വാർഡിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് വീണതായാണ് റിപ്പോർട്ട്. വാർഡിന്റെ ബാത്ത് റൂം ഉൾപ്പടെയുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. അപകടം നടക്കുമ്പോൾ കെട്ടിടത്തിന്റെ ഭാഗങ്ങളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം
അപകടത്തിൽ ഒരു സ്ത്രീയും കുട്ടിയുമടക്കം അടക്കം മൂന്ന് പേർക്ക് നിസാര പരിക്ക് ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന്റെ കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്ന് മന്ത്രി വി. എൻ. വാസവൻ വ്യക്തമാക്കി.
ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാർഡ് അപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് തകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി പറഞ്ഞു.
മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുമുണ്ടായിരുന്നു ഈ കെട്ടിടത്തിൽ.
വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്.
ആരോഗ്യ മന്ത്രി വീണാ ജോർജ് സംഭവസ്ഥലത്ത് എത്തിയിരുന്നു. സംഭവങ്ങൾ പരിശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഗുരുതര സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. ഉപയോഗിക്കാതിരുന്ന കെട്ടിടമാണ് തകർന്ന് വീണതെന്നും മന്ത്രിയും മെഡിക്കൽ കോളേജ് സൂപ്രണ്ടും വ്യക്തമാക്കി. കെട്ടിയത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം കണ്ടതിനാൽ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നു എന്നുമായിരുന്നു സൂപ്രണ്ടിൻ്റെ പ്രതികരണം. കൂടുതൽ ആളുകൾ സ്ഥലത്തില്ലാത്തതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്.
Content Highlight: Parts of the ward building collapsed at Kottayam Medical College