| Sunday, 17th August 2025, 8:56 am

പ്രത്യയശാസ്ത്രം നോക്കി വേണം പാര്‍ട്ടികളെ വിലയിരുത്താന്‍; പാപ്ലാനിയുടെ നിലപാട് ദൗര്‍ഭാഗ്യകരം: ഫാ.പോള്‍ തേലക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാര്‍ പാര്‍ട്ടികളെ വിലയിരുത്തേണ്ടതെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്. നേതാക്കള്‍ പറയുന്നത് കേട്ടല്ല പാര്‍ട്ടിയെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചശേഷം ബി.ജെ.പിയോട് നന്ദി പ്രകടിപ്പിച്ച ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും എന്നാല്‍ മറ്റു ചിലര്‍ വ്യക്തിപരമായ അഭിലാഷങ്ങള്‍ക്കായി ചെയ്തതുപോലെ അദ്ദേഹം ക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ലെന്നും തേലക്കാട് പറഞ്ഞു.

കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായെന്ന് മാര്‍ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എടുത്ത നിലപാടിനെ അങ്ങേയറ്റം ശ്ലാഘിക്കുന്നുവെന്നുമായിരുന്നു പാംപ്ലാനി പ്രതികരിച്ചത്.

ദല്‍ഹിയില്‍ 2014 ല്‍ നടന്ന അന്താരാഷ്ട്ര ഹിന്ദു കോണ്‍ഗ്രസില്‍ ക്രിസ്ത്യന്‍ മിഷനറിമാരെ അഞ്ച് ദുഷ്ട ഗ്രൂപ്പുകളില്‍ ഒന്നായി പ്രഖ്യാപിച്ചിരുന്നുവെന്നും കേരളത്തിലെ ഏതെങ്കിലും ബി.ജെ.പി നേതാവ് ഈ പ്രത്യയശാസ്ത്രം മാറിയതായി പറഞ്ഞിട്ടില്ലെന്നും ഫാദര്‍ പോള്‍ തേലക്കാട് ആരോപിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണ് സംഘപരിവാറെന്നും കന്യാസ്ത്രീകള്‍ ദശലക്ഷക്കണക്കിനാളുകളെ പഠിപ്പിക്കുകയും പരിചരിചരിക്കുകയും ചെയ്തിട്ട് അവരെല്ലാം മതപരിവര്‍ത്തനം നടത്തിയോ എന്നും തേലക്കാട് ചോദിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തേലക്കാട് ഇക്കാര്യം പറഞ്ഞത്.

കന്യാസ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണമെന്നെതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും ഹിന്ദുത്വ ശക്തികള്‍ ഇടപെട്ട് പലതും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മുസ്‌ലീങ്ങളെയും ക്രിസ്ത്യാനികളെയും തുല്യരായി അംഗീകരിക്കുന്ന മതനിരപേക്ഷ സംസ്‌കാരമാണ് കേരളത്തിലുള്ളതെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍, മുസ്‌ലീങ്ങള്‍ക്കെതിരെ ക്രൈസ്തവ നേതൃത്വത്തിലെ ചില അംഗങ്ങള്‍ ലൗവ് ജിഹാദ്, നെര്‍ക്കോട്ടിക് ജിഹാദ് എന്നിവയെ കുറിച്ച് പറഞ്ഞ് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്നും തേലക്കാട് പറഞ്ഞു.

Content highlight: Parties should be judged by ideology; Papalani’s stance is unfortunate: Fr. Paul Thelakkat

We use cookies to give you the best possible experience. Learn more