| Tuesday, 24th February 2026, 6:20 pm

സഞ്ജുവിനൊപ്പം അവനും ടീമിലെത്തട്ടെ; മാറ്റം നിര്‍ദേശിച്ച് പാര്‍ഥിവ് പട്ടേല്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ സിംബാബ്‌വേയുമായുള്ള മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ആദ്യ സൂപ്പര്‍ 8ല്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടതിനാല്‍ ടീമിന് ഈ മത്സരം നിര്‍ണായകമാണ്. ചെന്നൈയില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും നീലപ്പട പ്രതീക്ഷിക്കുന്നില്ല.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. തിലകിന് പകരമായി സഞ്ജു സാംസണിനെയും വാഷിങ്ടണ്‍ സുന്ദറിനെ പുറത്തിരുത്തി അക്സര്‍ പട്ടേലിനെയും ടീമിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ഥിവ് പട്ടേല്‍. Photo: Tanuj/x.com

ഇന്ത്യയ്ക്ക് ഓഫ് സ്പിന്നിനെ നേരിടുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സഞ്ജു ടീമിലെത്താന്‍ സാധ്യതകള്‍ ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു പാര്‍ഥിവ് പട്ടേല്‍.

‘സഞ്ജു സാംസണിനെ കുറിച്ച് ഒരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. അവന് ചെന്നൈയില്‍ ടീമിലേക്ക് ഒരു തിരിച്ചുവരവുണ്ടാകാം. ഇടം കൈയ്യന്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നേഴ്സിനെ നേരിടാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഇന്ത്യ തീര്‍ച്ചയായും ഈ മാറ്റത്തിനെ കുറിച്ച് ചിന്തിക്കുന്നുണ്ടാകും.

സിംബാബ്‌വേയ്‌ക്കെതിരെ കളിക്കുമ്പോള്‍ അഭിഷേക് ശര്‍മയെയോ ഇഷാന്‍ കിഷനെയോ മാറ്റേണ്ടതില്ല. പകരം തിലക് വര്‍മയെ ഒഴിവാക്കിയാണ് സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവരേണ്ടത്.

സഞ്ജുവിനൊപ്പം തന്നെ അക്സര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചുവരുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. അവന്‍ ഇന്ത്യക്കായി നിര്‍ണായക ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്. അതില്‍ തന്നെ ഞാന്‍ അവനെ തീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തും,’ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

സഞ്ജു സാംസണും അക്‌സർ പട്ടേലും. Photo: ICC/x.com

സിംബാബ്‌വേയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ മത്സരം ഫെബ്രുവരി 26നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടീമിന് വിജയം അനിവാര്യമാണ്. ആദ്യ സൂപ്പര്‍ 8 മത്സരത്തില്‍ പ്രോട്ടിയാസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് – 3.800 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.

ഇത് ഇന്ത്യന്‍ ടീമിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ദിവസം വലിയ മാര്‍ജിനില്‍ വെസ്റ്റ് ഇന്‍ഡീസ് സിംബാബ്‌വേയ്ക്ക് എതിരെ വിജയിച്ചതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അതിനാല്‍ തന്നെ സിംബാബ്‌വേയോടും വെസ്റ്റ് ഇന്‍ഡീസിനോടും മെന്‍ ഇന്‍ ബ്ലൂവിന് വലിയ വിജയം തന്നെ നേടേണ്ടതുണ്ട്.

Content Highlight: Parthiv Patel suggest that India should bring in Sanju Samson and Axar Patel in playing elevan against Zimbabwe in T2o World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more