ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയതിന് വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍. എന്തുകൊണ്ടാണ് എപ്പോഴും സഞ്ജുവിനെ മാത്രം പുറത്താക്കുന്നതെന്നും മുമ്പ് താരത്തിന്റെ കരിയറില്‍ പലപ്പോഴും സ്ഥിരതയില്ലായ്മ കാരണം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തിയത് വൈകാരികമായി ശരിയാണെന്നും എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കിയത് യുക്തിയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍.
‘എന്തുകൊണ്ടാണ് എപ്പോഴും സഞ്ജു സാംസണ്‍ മാത്രം പുറത്താകുന്നത്? കഴിഞ്ഞ 11-12 വര്‍ഷത്തെ അവന്റെ കരിയറിലേക്ക് നോക്കിയാല്‍, എപ്പോഴും പിന്തുടരുന്ന ഒരു ചോദ്യം സ്ഥിരതയെക്കുറിച്ചാണ്. വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാത്ത താരത്തെയോ സ്ഥിരതയില്ലാത്ത താരത്തെയോ ആണ് ടീമില്‍ നിന്ന് ഒഴിവാക്കാറുള്ളത്.
വികാരവും യുക്തിയും ഒരുപോലെ വെച്ചുകൊണ്ട് നിങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് വികാരപരമായി ചിന്തിച്ചാല്‍, വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയത് ശരിയായ തീരുമാനമായിരുന്നു. എന്നാല്‍ തികച്ചും യുക്തിപരമായി നോക്കുകയാണെങ്കില്‍, പിന്നെ എന്തുകൊണ്ടാണ് സഞ്ജു സാംസണെ ഒഴിവാക്കിയത്? അതിനാല്‍, ഈ തീരുമാനം വികാരപരമായി എടുത്തതാണെന്നാണ് എനിക്ക് തോന്നുന്നത്,’ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.
ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കിയ സഞ്ജുവിന് അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയില്‍ വെറും അഞ്ച് റണ്‍സ് മാത്രം നേടിയ താരം ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്.
പിന്നാലെ, സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. താരത്തിന് പകരമായി 15 കാരന്‍ വൈഭവ് സൂര്യവംശിയാണ് ഓപ്പണറായി എത്തിയത്. എന്നാല്‍, ഇടം കൈയ്യന്‍ ബാറ്റര്‍ക്കും ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല.
Content Highlight: Parthiv Patel says the decision to replace Vaibhav Sooryavanshi for Sanju Samson is taken emotionally