| Thursday, 8th October 2026, 7:34 pm

2014 മെഗാ ലേലത്തില്‍ ബുംറയെ ടീമിലെടുക്കണമെന്ന് ഞാന്‍ ആര്‍.സി.ബിയോട് ആവശ്യപ്പെട്ടിരുന്നു; വെളിപ്പെടുത്തി മുന്‍ താരം

ആദർശ് എം.കെ.

ഐ.പി.ല്‍ 2014ലെ മെഗാ താരലേലത്തില്‍ അന്ന് യുവതാരമായിരുന്ന ജസ്പ്രീത് ബുംറയെ സ്വന്തമാക്കാന്‍ താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ആവശ്യപ്പെട്ടിരുന്നതായി മുന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍.

മെഗാ ലേലം നടക്കുന്ന സമയത്ത് ബുംറയെ സ്വന്തമാക്കണമെന്ന് ആര്‍.സി.ബി ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയോടും മാനേജ്മെന്റിനോടും ആവശ്യപ്പെട്ടിരുന്നതായി താരം വ്യക്തമാക്കുന്നു.

പാര്‍ത്ഥിവ് പട്ടേല്‍

2014 ഐ.പി.എല്‍ സീസണില്‍ പാര്‍ത്ഥിവ് പട്ടേല്‍ ആര്‍.സി.ബിക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അക്കാലത്ത് ഗുജറാത്ത് ആഭ്യന്തര ടീമില്‍ ബുംറയ്ക്കൊപ്പം കളിച്ചിരുന്ന പാര്‍ത്ഥിവ്, ബുംറയുടെ പ്രതിഭയും വേഗതയും നേരിട്ട് മനസിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ത്ഥിവ് ബുംറയെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

‘ആ സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വിരമിച്ച ശേഷം റിലീസ് ചെയ്യപ്പെട്ടതില്‍ അഭിമാനമുണ്ടെന്നായിരുന്നു അന്ന് ഞാന്‍ പോസ്റ്റ് ചെയ്തത്.

2014ലെ മെഗാ ലേലത്തില്‍ ജസ്പ്രീത് ബുംറയെ ആര്‍.സി.ബി സ്വന്തമാക്കണമെന്നും ഞാന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2024ല്‍ ആര്‍.സി.ബി പ്ലേ ഓഫിലേക്ക് യോഗ്യത നേടിയപ്പോഴും, അവര്‍ യോഗ്യത നേടുമെന്ന് ഒരു ഘട്ടത്തിലും തോന്നിയിരുന്നില്ല.

Photo: mipaltan/x.com

എന്നാല്‍ ബ്രോഡ്കാസ്റ്റിനിടെ അവര്‍ക്ക് പ്ലേ ഓഫിലെത്താനാകുമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ഞാന്‍ മാത്രമായിരുന്നു. അവര്‍ക്ക് പിന്തുണ നല്‍കിയതും ഞാന്‍ മാത്രമായിരുന്നു.

ആര്‍.സി.ബിയോട് എനിക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്. ഞാന്‍ അവര്‍ക്കായി കളിച്ചിട്ടുള്ളതാണ്. 2019ല്‍ എന്റെ അച്ഛന്‍ കോമയിലായിരുന്നു. ആ സമയത്ത് ഞാന്‍ മത്സരങ്ങള്‍ കളിക്കുകയും, ശേഷം വിമാനത്തില്‍ വീട്ടിലേക്ക് മടങ്ങുകയും, വീണ്ടും തിരിച്ചെത്തി മത്സരങ്ങളില്‍ കളിക്കുകയും ചെയ്തിരുന്നു.

ആ സമയത്ത് ആര്‍.സി.ബി എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. അതിന് ഞാന്‍ എന്നും അവരോട് നന്ദിയുള്ളവനായിരിക്കും.

അതുകൊണ്ട് ഞാന്‍ ആരുടെയും അടുത്തുപോയി ഇതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ല. ആര്‍.സി.ബി പോലൊരു ഫ്രാഞ്ചൈസിക്കായി കളിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമാണ്. ചില കാര്യങ്ങള്‍ മാത്രം ഓര്‍ത്തെടുക്കുകയും മറ്റുള്ളവ മറന്നുകളയുകയും ചെയ്യുന്നത് ഒരാളുടെ സ്വന്തം തിരഞ്ഞെടുപ്പാണ്,’ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

എന്നാല്‍ പാര്‍ത്ഥിവിന്റെ ശുപാര്‍ശ ഉണ്ടായിരുന്നിട്ടും ആര്‍.സി.ബി ബുംറയെ ടീമിലെടുത്തില്ല. തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പേസ് നിര ശക്തമാക്കാന്‍ ബുംറയെ നിലനിര്‍ത്തുകയും ടീമിന്റെ അവിഭാജ്യ ഘടകമാക്കുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സിലെത്തിയ ബുംറ പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറുകയും മുംബൈയ്ക്ക് നിരവധി ഐ.പി,എല്‍ കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

Content Highlight: Parthiv Patel says he had urged Royal Challengers to acquire Jasprit Bumrah in 2014.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more