| Monday, 6th October 2025, 7:55 am

ഇത് അദ്ദേഹത്തിന്റെ പുനര്‍ജന്മമാണ്; സൂപ്പര്‍ താരത്തെക്കുറിച്ച് പാര്‍ത്ഥിവ് പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. അഗ്രസീവ് ശൈലിയിലെ ബാറ്റിങ്ങും മികച്ച വിക്കറ്റ് കീപ്പിങ്ങും കൊണ്ട് താരം ക്രിക്കറ്റ് പ്രേമികളെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്. നിലവില്‍ പരിക്കിന്റെ പിടിയിലാണ് താരം. ഇംഗ്ലണ്ടിനെതിരെ നടന്ന ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സന്‍ ട്രോഫിയിലാണ് താരത്തിന് പരിക്ക് പറ്റിയത്. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടും കളത്തിലിറങ്ങിയ താരത്തെ ആരാധകര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ പാര്‍ത്ഥിവ് പട്ടേല്‍. പന്തിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഉയര്‍ന്ന റിസ്‌കുള്ള ക്രിക്കറ്റ് കളിക്കാനുള്ള മികച്ച കഴിവുമാണെന്ന് പട്ടേല്‍ പറഞ്ഞു.

അപകടത്തില്‍ പരിക്ക് പറ്റിയ പന്ത് ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ലെന്നും എന്നാല്‍ ഇതൊരു പുനര്‍ ജന്മമാണെന്നും മുന്‍ താരം പറയുന്നു. മാത്രമല്ല പന്ത് പ്രതീക്ഷകളുടെ സമ്മര്‍ദമില്ലാതെ കളിക്കുന്നതിനാലാണ് എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ മികച്ച ക്രിക്കറ്റ് കാണാന്‍ സാധിക്കുന്നതെന്നും പാര്‍ത്ഥിവ് കൂട്ടിച്ചേര്‍ത്തു. ഡി.ഡി സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റിഷബ് പന്തിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്. ഉയര്‍ന്ന റിസ്‌കുള്ള മികച്ച ക്രിക്കറ്റ് കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഏതൊരു വിക്കറ്റ് കീപ്പറുടെയും ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അദ്ദേഹത്തിന്റെ കാല്‍മുട്ടുകളാണ്. അപകടത്തിന് ശേഷം അദ്ദേഹത്തിന്റെ രണ്ട് കാല്‍മുട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു, അതില്‍ നിന്ന് ഇപ്പോഴും അദ്ദേഹം സുഖം പ്രാപിച്ചിട്ടില്ല.

ഇത് അദ്ദേഹത്തിന്റെ പുനര്‍ജന്മമാണ്. എന്ത് സംഭവിക്കുമെന്ന് കരുതിയല്ല അവന്‍ കളിക്കുന്നത്. അദ്ദേഹം കളി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ പ്രതീക്ഷയുടെ സമ്മര്‍ദം ഇല്ലാതാകും. അതുകൊണ്ടാണ് നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നല്ല പ്രകടനങ്ങള്‍ കാണാന്‍ കഴിയുന്നത്,’ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

Content Highlight: Parthiv Patel Praises Indian Wicket Keeper Batter Rishabh Pant

We use cookies to give you the best possible experience. Learn more