| Wednesday, 30th July 2025, 9:15 am

ലബ്ബര്‍പന്ത് കണ്ട പാര്‍ത്ഥിപനറിഞ്ഞില്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാന്‍സ് ചോദിച്ചുവന്ന ആ കൊച്ചുകുട്ടിയാണിതെന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ അവസരം തേടി ഒരു പെണ്‍കുട്ടി സംവിധായകനും നടനുമായ പാര്‍ത്ഥിപനെ ചെന്നു കാണുന്നു. എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റുക, ഇതായിരുന്നു അന്നത്തെ അവളുടെ ഏറ്റവും വലിയ സ്വപ്നം.

നിരാശപ്പെടുത്തേണ്ടെന്ന് കരുതി ചെറിയൊരു ഓഡിഷന്‍ നടത്തി, ഒരു അവസരം വന്നാല്‍ വിളിക്കാമെന്ന് പറഞ്ഞ് പാര്‍ത്ഥിപന്‍ ആ പെണ്‍കുട്ടിയെ മടക്കിയയച്ചു. അന്നത്തെ ആ സംഭവം പിന്നീടെപ്പോഴോ പാര്‍ത്ഥിപനും മറന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ലബ്ബര്‍ പന്ത് എന്ന ചിത്രം കാണാനായിടയായ പാര്‍ത്ഥിപന്റെ മനസില്‍ ചിത്രത്തില്‍ യശോദ എന്ന കഥാപാത്രമായി എത്തിയ പെണ്‍കുട്ടിയുടെ മുഖം പതിഞ്ഞു.

ചിത്രത്തിലെ അവരുടെ ഗംഭീര പ്രകടനം കണ്ട് അതിശയിച്ചു. നമ്പര്‍ തേടിപ്പിടിച്ച് അവരെ അഭിനന്ദിക്കാനായി നേരിട്ടുവിളിച്ചു. എന്നാല്‍ മറുതലയ്ക്കല്‍ നിന്നുള്ള ആ ചോദ്യം പാര്‍ത്ഥിപനെ ഞെട്ടിച്ചു. ‘സാറിന് എന്നെ ഓര്‍മയില്ലേ..?’

തുടര്‍ന്നുള്ള സംസാരത്തില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയിലൊരു അവസരത്തിനായി തന്നെ തേടിയെത്തിയ പൂജ(സ്വാസിക)യെന്ന പെണ്‍കുട്ടിയായിരുന്നു അതെന്ന് പാര്‍ത്ഥിപന് മനസിലായി.

ലബ്ബര്‍പന്ത് കാണുമ്പോള്‍ ഒരിക്കല്‍ പോലും പാര്‍ത്ഥിപന് പൂജയെ തിരിച്ചറിയാനായില്ല. ലബ്ബര്‍ പന്തിലെ സ്വാസികയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിതയെന്ന് പാര്‍ത്ഥിപന്‍ പറയുന്നു.

‘ഇത്രയും വര്‍ഷമായി അവള്‍ സിനിമക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുകയായിരുന്നെന്ന് ഞാനറിഞ്ഞില്ല. സാധാരണ പെണ്‍കുട്ടികള്‍ക്കെല്ലാം ഒരു ഇരുപത്- ഇരുപത്തിയഞ്ച് വയസാകുമ്പോള്‍ സിനിമയില്‍ അവസരം കുറയുമോ അല്ലെങ്കില്‍ സിനിമയില്‍ ഇനി അവസരം വരുമോ എന്ന പേടി ഉണ്ടാകും.

എന്നാല്‍ അനുകൂലമായ സമയം വരുമ്പോള്‍ തങ്ങളുടെ തലവര തെളിയും എന്നുള്ളതിനുള്ള തെളിവാണ് സ്വാസിക. അത്രയും വര്‍ഷം അവള്‍ നിര്‍ത്താതെ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് ലഭിക്കുന്ന കഥാപാത്രങ്ങള്‍,’ പാര്‍ത്ഥിപന്‍ പറയുന്നു.

റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലേക്കുള്ള സ്വാസികയുടെ വഴി തുറക്കുന്നത്. 2009ല്‍ റിലീസായ വൈഗ എന്ന തമിഴ്ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ സിനിമാ അരങ്ങേറ്റം.

എന്നാല്‍ തുടക്കത്തിലേ ചില തമിഴ് സിനിമകള്‍ ഒഴിച്ചാല്‍ കരിയറിന്റെ ആദ്യകാലങ്ങളില്‍ സ്വാസികയുടെ കഴിവിനെ ഉപയോഗിച്ച കഥാപാത്രങ്ങളൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല.

2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി.

ലബ്ബര്‍ പന്ത് എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രത്തിലൂടെ കരിയറിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നടിയിപ്പോള്‍. ലബ്ബര്‍ പന്തിന് ശേഷം തുടര്‍ച്ചയായി മികച്ച കഥാപാത്രങ്ങള്‍ നടിക്ക് ലഭിക്കുന്നുണ്ട്.

Content Highlight: Parthiban Talks About Swasika’s Performance In Lubber Pandhu

We use cookies to give you the best possible experience. Learn more