ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളും ഉടലെടുത്തിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദീപ്‌തോ സെന്നിനുമാണ് ലഭിച്ചത്. മലയാള ചിത്രം ആടുജീവിതത്തെ ജൂറി പാടെ തഴഞ്ഞതും വിവാദങ്ങള്‍ക്ക് വഴിവെച്ചു.
ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിബന്‍. ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദമുണ്ടാകുന്നത് എല്ലാ വര്‍ഷവും നടക്കുന്ന കാര്യമാണെന്നും ഒരുകൂട്ടം ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആടുജീവിതം ഞാന്‍ കണ്ടു, ആ പടത്തിന് എന്തുകൊണ്ട് അവാര്‍ഡ് കിട്ടിയില്ല, പൃഥ്വിരാജിന് അവാര്‍ഡ് കൊടുത്തില്ല, അയോത്തി എന്ന സിനിമയെ പരിഗണിച്ചില്ല എന്നൊക്കെ നമുക്ക് ഇവിടെ ഇരുന്നുകൊണ്ട് പറയാം. ഒരു ജൂറി പാനലിലെ അംഗങ്ങള്‍ കൂട്ടമായി ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇതൊക്കെ. അത് ശരിയല്ലെന്ന് നമുക്ക് എങ്ങനെ പറയാനാകും.
ഷാരൂഖ് ഖാന് അവാര്‍ഡ് കൊടുത്തത് ശരിയായില്ല എന്നൊക്കെ ചിലര്‍ പറയുന്നത് കണ്ടു. അത് തെറ്റാണെന്ന് എങ്ങനെ പറയാനാകും. ആ ഗ്രൂപ്പില്‍ പെടാത്ത ആളുകളാണ് ഇങ്ങനെ പറയുന്നത്. അവരുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഈ സിനിമക്കൊന്നും അവാര്‍ഡ് കിട്ടിയില്ല എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നതിനെക്കാള്‍ കിട്ടിയ അവാര്‍ഡില്‍ സന്തോഷപ്പെടുകയാണ് വേണ്ടത്.
അതില്‍ പ്രധാനമായും എം.എസ്. ഭാസ്‌കര്‍ സാര്‍. ഞാനും അദ്ദേഹവും പണ്ട് ഒരുപാട് സിനിമകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് ഒന്നിച്ച് നടന്നാണ് പോകാറുള്ളത്. അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ഇക്കാലത്തിനിടക്ക് കിട്ടിയിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. എനിക്ക് ഒരുപാട് പുരസ്‌കാരം കിട്ടിയപ്പോഴും അദ്ദേഹത്തിന് വേണ്ടത്ര അവാര്‍ഡുകള്‍ കിട്ടിയിട്ടില്ല. വൈകിയാണെങ്കിലും അര്‍ഹിച്ച പുരസ്‌കാരമാണ് ഭാസ്‌കര്‍ സാറിന് ലഭിച്ചത്,’ പാര്‍ത്ഥിബന്‍ പറഞ്ഞു.
പാര്‍ക്കിങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എം.എസ് ഭാസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് രാംകുമാര്‍ ബാലകൃഷ്ണനാണ്. മികച്ച തിരക്കഥ, മികച്ച തമിഴ് ചിത്രം എന്നീ വിഭാഗങ്ങളിലും പാര്‍ക്കിങ് പുരസ്‌കാരം നേടി.
Content Highlight: Parthiban expresses his view on National Film Awards