ന്യൂദല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ രാജ്യത്തെ പതിനായിരക്കണക്കിന് വിമാനയാത്രികര്‍ പ്രതിസന്ധിയിലായ സംഭവത്തില്‍ പാര്‍ലമെന്ററി പാനലിന്റെ ഇടപെടല്‍.
സ്വകാര്യ വിമാനകമ്പനികള്‍ക്കും സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍മാര്‍ക്കും പാര്‍ലമെന്ററി പാനല്‍ നോട്ടീസ് അയച്ചു.
ജെ.ഡി.യു നേതാവ് സഞ്ജയ് ഝാ അധ്യക്ഷനായ ഗതാഗത, ടൂറിസം, സാംസ്‌കാരിക, പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയാണ് തീരുമാനം.
വിമാനകമ്പനികളിലെയും ഡി.ജി.സി.എയും വ്യോമയാന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരില്‍ നിന്നും വിമാനങ്ങള്‍ റദ്ദാക്കിയതിന്റെ കാരണങ്ങളും പരിഹാരങ്ങളും സംബന്ധിച്ച വിശദീകരണം തേടാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനായി ദല്‍ഹിയിലെത്തിയ പാര്‍ലമെന്റംഗങ്ങള്‍ക്കും ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് മറ്റ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചതിനെ സംബന്ധിച്ചും നിരവധി പരാതികള്‍ എം.പിമാര്‍ക്ക് ലഭിച്ചു.
രാജ്യസഭയിലും പ്രതിപക്ഷം വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തി. വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെയോ ജുഡീഷ്യല്‍ കമ്മിറ്റിയുടെയോ അന്വേഷണം വേണമെന്ന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുകയാണ്. ഞായറാഴ്ച മുംബൈ ദല്‍ഹി വിമാനത്താവളങ്ങളില്‍ മാത്രം 220 വിമാനങ്ങളാണ് റദ്ദാക്കിയത്.
Content Highlight: Parliamentary panel issues notice to airlines and regulators over air passenger crisis