തമിഴ് സിനിമയുടെ ഗതി മാറ്റിയ സിനിമകളിലൊന്നായിരുന്നു 2018ല്‍ പുറത്തിറങ്ങിയ പരിയേറും പെരുമാള്‍. തമിഴ് നാട്ടിലെ ജാതി വിവേചനത്തിനെതിരെ ശക്തമായി സംസാരിച്ച ചിത്രം വാണിജ്യപരമായും വിജയം നേടി. പാ. രഞ്ജിത് നിര്‍മാതാവിന്റെ വേഷത്തിലെത്തിയ പരിയേറും പെരുമാള്‍ സംവിധാനം ചെയ്തത് മാരി സെല്‍വരാജായിരുന്നു. തമിഴ്‌നാട്ടിലെ പാഠപുസ്തകത്തില്‍ ചിത്രത്തെ ഉള്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ പരിയേറും പെരുമാളിന്റെ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ധഡക് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സിദ്ധാന്ത് ചതുര്‍വേദിയാണ് നായകന്‍. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. 2018ല്‍ പുറത്തിറങ്ങിയ ധഡകിന്റെ സീക്വലയാണ് പരിയേറും പെരുമാളിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നത്. ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ ട്രോളുമായി രംഗത്തെത്തിയിരിക്കുകാണ് സോഷ്യല്‍ മീഡിയ.
ഒറിജിനലിനോട് നീതി പുലര്‍ത്താത്ത റീമേക്കെന്നാണ് പലരും ധഡക് 2വിനെ വിശേഷിപ്പിക്കുന്നത്. ശക്തമായ രാഷ്ട്രീയം സംസാരിച്ച പരിയേറും പെരുമാള്‍ ബോളിവുഡിലേക്കെത്തിയപ്പോള്‍ കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ അധികമായി ചേര്‍ത്തെന്നാണ് വിമര്‍ശനം. നായകനും നായികയും തമ്മിലുള്ള ബന്ധത്തെ ഹിന്ദിയില്‍ ചിത്രീകരിച്ചത് കുറച്ച് കടന്നുപോയെന്നാണ് പ്രധാന വിമര്‍ശനം.
ചിത്രത്തിലെ ലിപ് ലോക്ക് രംഗവും പാര്‍ട്ടി സീനും ഒറിജിനലില്‍ ഇല്ലായിരുന്നെന്നും ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി കൂട്ടിച്ചേര്‍ത്തിയെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. തമിഴ്‌നാടിനെക്കാള്‍ ജാതിയുടെ പേരില്‍ വലിയ വിവേചനം നടക്കുന്ന നോര്‍ത്ത് ഇന്ത്യയുടെ ചിത്രം ധഡക് 2വില്‍ കാണിക്കുന്നില്ലെന്നും അത്തരം വിഷയങ്ങളെ ലഘുവായി തലോടിപ്പോകാനാണ് ബോളിവുഡിന് താത്പര്യമെന്നും വിമര്‍ശിക്കുന്നു.
ഇന്ത്യയിലെ ക്യാമ്പസുകളുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ക്യാമ്പസ് സിനിമകളൊരുക്കുന്നയാളാണ് കരണ്‍ ജോഹറെന്നും പരിയേറും പെരുമാള്‍ അദ്ദേഹം റീമേക്ക് ചെയ്യുമ്പോള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നും പരിഹാസരൂപേണ പലരും പറയുന്നുണ്ട്. വലിയ രീതിയില്‍ ചര്‍ച്ചയായ പരിയേറും പെരുമാളിന്റെ ക്ലൈമാക്‌സ് ഫ്രെയിം ഹിന്ദിയില്‍ മാറ്റങ്ങളോടെയാകും അവതരിപ്പിക്കുകയെന്നും പരിഹസിക്കുന്നുണ്ട്.
ഒരുപാട് രാഷ്ട്രീയം ഒറ്റ ഫ്രെയിമില്‍ കാണിച്ച ഒന്നായിരുന്നു പരിയേറും പെരുമാളിന്റെ ക്ലൈമാക്‌സ്. പകുതിയാക്കി വെച്ച രണ്ട് ഗ്ലാസുകളില്‍ അവസാനിക്കുന്ന ഫ്രെയിം ബോളിവുഡില്‍ എത്തുമ്പോള്‍ സ്റ്റാര്‍ബക്‌സിലെ കാപ്പുച്ചീനോയും ഐസ് ടീയുമായി മാറുമെന്നുള്ള ട്രോളുകള്‍ വൈറലായിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നിന് ധഡക് 2 തിയേറ്ററുകളിലെത്തും.
Content Highlight: Pariyerum Perumal movie Hindi remake trolled in social media