ബാഴ്‌സലോണയുടെ സ്പാനിഷ് സൂപ്പര്‍താരം ഫെറാന്‍ ടോറസിനെ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്. 50 മില്യണ്‍ യൂറോക്കാണ് ടോറസിനെ പി.എസ്.ജി സ്വന്തമാക്കിയിരിക്കുന്നത്. നാല് വര്‍ഷത്തോളം ബാഴ്‌സയില്‍ പന്തുതട്ടിയാണ് താരം പാരീസിലേക്ക് കൂടുമാറുന്നത്.
അഞ്ച് വര്‍ഷത്തെ കരാറിലാണ് ടോറസ് പി.എസ്.ജിയില്‍ എത്തുന്നതെന്നാണ് മുണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ സൈനിങ്ങ് വിവരങ്ങള്‍ അധികം വൈകാതെ തന്നെ പി.എസ്.ജി ഒഫീഷ്യലായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാഴ്സയിലെത്തിയ ടോറസ് ടീമിന്റെ മുന്നേറ്റ നിരയിലെ പ്രധാനിയായിരുന്നു. ബാഴ്‌സലോണക്കായി 207 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകളും 23 അസിസ്റ്റുകളും ആണ് താരം നേടിയത്. 2025-26 സീസണില്‍ ലാ ലിഗയില്‍ 33 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ ടോറസ് സ്വന്തമാക്കി.
അടുത്തിടെ അവസാനിച്ച ഫിഫ ലോകകപ്പ് സ്‌പെയ്‌നിന് സമ്മാനിച്ചത് ടോറസായിരുന്നു. ഫൈനലില്‍ ടോറസ് നേടിയ ഏക ഗോളിന്റെ കരുത്തിലായിരുന്നു സ്പാനിഷ് പട ചാമ്പ്യന്മാരായത്.
അര്‍ജന്റീനയ്ക്കെതിരെ എക്സ്ട്രാ ടൈമിലായിരുന്നു ടോറസ് വിജയഗോള്‍ നേടിയിരുന്നത്. ഇപ്പോള്‍ തന്റെ കരിയറിലെ മറ്റൊരു അധ്യായത്തിന് തുടക്കമിടുമ്പോള്‍ ലൂയിസ് എന്റിക്വയുടെ കീഴിലും ടോറസ് തിളങ്ങുമെന്നുറപ്പാണ്.
അതേസമയം പി.എസ്.ജി സമീപകാലങ്ങളില്‍ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പി.എസ്.ജി യുവേഫ സൂപ്പര്‍കപ്പ് സ്വന്തമാക്കിയിരുന്നു.
യുവേഫ യൂറോപ്പ ചാമ്പ്യന്‍മാരായ ആസ്റ്റണ്‍ വില്ലയെ വീഴ്ത്തിയാണ് ടീമിന്റെ കിരീട നേട്ടം. സാല്‍സ്‌ബെര്‍ഗിലെ റെഡ് ബുള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രഞ്ച് ക്ലബ്ബിന്റെ വിജയം.
ഈ കിരീടത്തോടെ ഒരു സീസണില്‍ ആറ് കിരീടങ്ങളെന്ന സെക്സ്റ്റപ്പിള്‍ നേട്ടത്തിലും പി.എസ്.ജിയെത്തി. ലീഗ് വണ്ണിന് പുറമെ ഫ്രഞ്ച് കപ്പും ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടി ഡൊമസ്റ്റിക് ട്രബിള്‍ പൂര്‍ത്തിയാക്കിയ പി.എസ്.ജി, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് എന്നിവയും നേരത്തെ സ്വന്തമാക്കിയിരുന്നു.
സെക്സ്റ്റപ്പിള്‍ കിരീട നേട്ടത്തിന്റെ തലയെടുപ്പോടെയാണ് പി.എസ്.ജി പുതിയ സീസണിനിറങ്ങുന്നത്. ഓഗസ്റ്റ് 22നാണ് ലീഗ് വണ്ണിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. 24നാണ് പി.എസ്.ജി തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സസില്‍ നടക്കുന്ന പോരാട്ടത്തില്‍ റെന്നെസാണ് എതിരാളികള്‍.
Content Highlight: Paris Saint-Germain sign Spanish star Ferran Torres