| Sunday, 13th July 2025, 3:34 pm

സല്‍മാന്‍ ഒരു കാറ്റുപോലെ; ആമിറും സല്‍മാനും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്: പരേഷ് റാവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ പ്രമുഖ നടനാണ് പരേഷ് റാവല്‍. എണ്‍പതുകളിലെ സ്ഥിരം വില്ലനായ അദ്ദേഹം രണ്ടായിരങ്ങളുടെ തുടക്കത്തോടെ ഹാസ്യ വേഷങ്ങളിലേക്ക് ചുവടുമാറ്റി. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളായ ആമിര്‍ ഖാനെ കുറിച്ചും സല്‍മാന്‍ ഖാനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ പരേഷ് റാവല്‍. ആമിര്‍ ഖാനോടൊപ്പം സല്‍മാന്‍ ഖാനോടൊപ്പവും പരേഷ് റാവല്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടുപേരും സിനിമയെയും അഭിനയത്തേയും സമീപിക്കുന്നത് രണ്ട് വിധത്തിലാണെന്ന് പരേഷ് പറയുന്നു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സല്‍മാന്‍ ഖാന്‍ ഒരു കഥാപാത്രത്തെ ഉള്ളില്‍ നിന്നാണ് മനസിലാക്കുന്നത്. അദ്ദേഹം കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാറില്ല. ഭയങ്കര ചാമിങ് ആയിട്ടുള്ള ആളാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹം സെറ്റിലേക്ക് വന്നാല്‍ ഒരു കഥാപാത്രത്തിനായി കൂടുതല്‍ കഷ്ടപ്പെടുകയൊന്നും ഇല്ല. അതിനൊപ്പം ഒഴുകി നീങ്ങുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

ആമിര്‍ ഖാനാകട്ടെ കഥാപാത്രങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കണം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ കൂടുതല്‍ സമയം വേണ്ടത്. കഥാപാത്രത്തെ പഠിക്കാനായി അദ്ദേഹം കൂടുതല്‍ സമയം മാറ്റിവെക്കും. എന്നാല്‍ സല്‍മാന്‍ ഖാന്‍ ഒരു കാറ്റ് പോലെയാണ്. എപ്പോഴാണ് വന്ന് എല്ലാം തൂത്തുവാരുകയെന്ന് ആര്‍ക്കുമറിയില്ല,’ പരേഷ് റാവല്‍ പറയുന്നു.

Content Highlight: Paresh Rawal compares Salman Khan and Aamir Khan

We use cookies to give you the best possible experience. Learn more