| Friday, 30th October 2026, 7:59 pm

എ.ഐയുടെ നിര്‍ദേശത്തില്‍ മരുന്ന് കുറച്ചു; 31കാരിയുടെ മരണത്തില്‍ ഓപ്പണ്‍ എ.ഐക്കെതിരെ നിയമ നടപടിയുമായി മാതാപിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസിലെ സിയാറ്റിലില്‍ 31 വയസുകാരിയുടെ മരണത്തിന് കാരണം ചാറ്റ് ജി.പി.ടിയുടെ നിര്‍ദേശ പ്രകാരം അപസ്മാര രോഗത്തിനുള്ള മരുന്നിന്റെ ഡോസ് കുറച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഓപണ്‍ എ.ഐക്കെതിരെ നിയമ നടപടിയുമായി മാതാപിതാക്കള്‍. സിയാറ്റില്‍ സ്വദേശിനിയായ ബോവന്‍ വാന്‍ എന്ന യുവതിയുടെ മാതാപിതാക്കളാണ് മകളുടെ മരണത്തിന് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടി കാരണമായെന്ന് പറഞ്ഞ് കേസ് ഫയല്‍ ചെയ്ത്.

ഫെബ്രുവരിയിലാണ് ബോവന്‍ വാനെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപസ്മാരം കാറണമുള്ള പെട്ടെന്നുള്ള, അപ്രതീക്ഷിത മരണമാണ് ബോവന്‍വാന്റെ ഔദ്യോഗിക മരണകാരണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായ അപസ്മാര രോഗം നിയന്ത്രിക്കുന്നതിനുള്ള മരുന്ന് ചാറ്റ് ജി.പി.യുടെ സഹായത്തോടെ മകള്‍ കുറച്ചുവന്നിരുന്നതായി അവരുടെ മാതാപിതാക്കള്‍ പറയുന്നു. ഈ കാര്യം ഡോക്ടര്‍മാരില്‍ നിന്ന് മറച്ചുവെക്കാനും ചാറ്റ് ജി.പി.ടി സഹായിച്ചതായി ബോവന്‍ വാന്റെ മാതാപിതാക്കളായ കുന്‍ വാനും മെയ്കിന്‍ സുവും പറയുന്നു. ഫെബ്രുവരിയില്‍ മകളുടെ മരണത്തിന് പിന്നാലെയാണ് അവര്‍ കേസ് ഫയല്‍ ചെയ്തതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആമസോണില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന വാന്‍ ചാറ്റ് ജി.പി.ടിയെ വളരെയധികം ആശ്രയിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അപസ്മാര ലക്ഷണങ്ങള്‍ വഷളാകുന്നതിനിടെ അവര്‍ ആമസോണിലെ ജോലിയില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചു. ആമസോണില്‍ നിന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുമെന്ന് അറിഞ്ഞപ്പോള്‍, തന്റെ മരുന്ന് തന്റെ സംസാരത്തില്‍ മന്ദതയുണ്ടാക്കുന്നുവെന്ന് അവര്‍ക്ക് ആശങ്ക വന്നു. യു.എസില്‍ തുടരാന്‍ വേണ്ടി ജോലിക്കായി അഭിമുഖങ്ങളില്‍ പോകുമ്പോള്‍ ഈ പ്രശ്‌നം തന്നെ ബാധിക്കുമെന്നും അവര്‍ ഭയപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപസ്മാരത്തിനും ബൈപോളാര്‍ ഡിസോര്‍ഡറിനും ചികിത്സിക്കുന്ന മരുന്നായ ലാമോട്രിജിനാണ് ചാറ്റ് ജി.പി.ടി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചുകൊണ്ടു വന്നത്. ഈ മരുന്ന് ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള സമയ ക്രമം ചാറ്റ് ജി.പി.ടി തയ്യാറാക്കി നല്‍കി. ഇത് അനുസരിച്ച് ഡോക്ടറോട് പറയാതെ മരുന്നുകള്‍ യുവതി വെട്ടിക്കുറയ്ക്കുകയായിരുന്നെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈസന്‍സില്ലാതെ ചാറ്റ്ജി.പി.ടി മെഡിക്കല്‍ പ്രാക്ടിസ് നടത്തിയെന്നും ഡോക്ടര്‍മാരെ ആവശ്യമില്ലാത്തവരാക്കി അവതരിപ്പിച്ചെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. ഈ സംഭവം ഹൃദയഭേദകമാണെന്നും ഇപ്പോള്‍ ലഭ്യമല്ലാത്ത ചാറ്റ്ജിപിടിയുടെ മുന്‍ പതിപ്പ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഓപ്പണ്‍എ.ഐ വക്താവ് പറഞ്ഞതായും ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Parents sue OpenAI over daughter’s death linked to ChatGPT advice

Latest Stories

We use cookies to give you the best possible experience. Learn more