| Tuesday, 13th October 2026, 1:00 pm

ശശികല പറഞ്ഞത് വൃത്തികേട്; അല്പം മര്യാദ കാണിക്കണം; മകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെ നെടുമ്പാശേരി അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

റെന്വര്‍ പി

കൊച്ചി: നെടുമ്പാശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല പറയുന്നത് വൃത്തികേടുകളാണെന്നും അവര്‍ അല്‍പം മര്യാദ കാണിക്കണമെന്നും അപകടത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. ഒരു മുസ്‌ലിമിന്റെ കൂടെ എന്തിനാണ് രണ്ട് ഹിന്ദുക്കള്‍ പോയി എന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ശശികല നടത്തിയതായി അപകടത്തില്‍ മരിച്ച കല്‍പറ്റ സ്വദേശി ദേവികയുടെ (21) കുടുംബാംഗങ്ങള്‍ പറഞ്ഞു.

ദേവികയും സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), മണ്ണാര്‍ക്കാട് സ്വദേശി ഗോപിക (21) എന്നിവരുമാണ് അപകടത്തില്‍ മരിച്ചത്. മകള്‍ക്കും മരിച്ച മറ്റുള്ളവര്‍ക്കുമെതിരെ ശശികല പറയുന്ന വൃത്തികേടുകള്‍ ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്ത് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ദേവികയുടെ മാതാപിതാക്കള്‍ പറഞ്ഞു.

‘ശശികല എന്ന് പറയുന്ന സ്ത്രീയൊക്കെ അടക്കം എന്തെല്ലാം വൃത്തികേടാണ് ഈ സമൂഹത്തിലോട് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഒരല്പം മര്യാദ മാനുഷികമായ മര്യാദ ഞങ്ങളുടെ കുടുംബത്തോട് കാണിച്ചുകൂടെ,’ അവര്‍ പറഞ്ഞു.

കുടുംബത്തോട് പറയാതെ മകള്‍ എവിടെയും പോകില്ല. അവള്‍ ജോലി ചെയ്ത് നല്ല അന്തസ്സായിട്ട് ജീവിക്കുന്ന ഒരു കുടുംബമാണ് നമ്മുടെത്. ശശികല എന്ന് പറയുന്ന സ്ത്രീയൊക്കെ അടക്കം എന്തെല്ലാം വൃത്തികേടാണ് ഈ സമൂഹത്തിനോട് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ കുടുംബത്തിന്റെ പരിപൂര്‍ണ്ണ അനുമതിയോട് മകള്‍ അന്ന് പുറത്ത് പോയത്. എന്നോട് പറയാതെ അവള്‍ എവിടെയും പോകില്ല. രാത്രി 10.45 കഴിഞ്ഞാവും മകള്‍ക്ക് ജോലി കഴിഞ്ഞ് ഇറങ്ങാന്‍ പറ്റുക. ഒപ്പം ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവരും. മകള്‍ക്ക് പകല്‍ ഡാറ്റാ അനലിറ്റിക്‌സ് കോഴ്‌സ് പഠിക്കുന്നുണ്ട്. അതിന് ശേഷമാണ് ജോലി. അതിനിടയില്‍ പുറത്തേക്ക് പോകാന്‍ അവര്‍ക്ക് സമയം കിട്ടാറില്ല. അവര്‍ക്ക് കാര്യമായി പുറത്തേക്ക് പോകണമെങ്കില്‍ രാത്രി ജോലി കഴിഞ്ഞ ശേഷം മാത്രമേ പറ്റുകയുള്ളൂവെന്നും മകളെയും ഒപ്പം ജോലിചെയ്യുന്നവരെയും കുറിച്ച് ദേവികയുടെ മാതാപിതാക്കള്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രിയില്‍ ഇറങ്ങി നടക്കുന്നതെന്നും അതും ഒരു മുസ്ലിം മുസ്ലിം ചെറുക്കന്റെ കൂട്ടത്തില്‍ രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ എന്തിനാണ് പോയതെന്നുമുള്ള ചോദ്യങ്ങളാണ് പലരും ചോദിക്കുന്നതെന്ന് ദേവികയുടെ മാതാപിതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പൊതു പ്രവര്‍ത്തകന്‍ എം.ആര്‍ അനില്‍കുമാര്‍ പറഞ്ഞു. ശശികലയാണ് സത്യത്തില്‍ ഇതെല്ലാം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മകളെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് ദേവികയുടെ മാതാപിതാക്കള്‍ പറഞ്ഞു. നെടുമ്പാശേരിയിലേക്ക് ഇതിനു മുമ്പും മകളും ഒപ്പമുള്ളവരും ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും പോകാറുണ്ട്. ഇതൊക്കെ ഇതിനു മുന്‍പും പോയിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലെ അങ്ങനെ കണ്ടമാനം നടക്കുന്ന ആളല്ല മകള്‍. അത് അറിയണമെങ്കില്‍ എന്റെ നാട്ടില്‍ എന്റെ നാട്ടുകാരോട് അന്വേഷിച്ചു നോക്കണമെന്നും അവര്‍ വ്യക്തമാക്കി.

നെടുമ്പാശേരി അപകടവുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികളില്‍ പുരോഗതിയുള്ളതായി തോന്നുന്നില്ലെന്നും ദേവികയുടെ കുടുംബം പ്രതികരിച്ചു. ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടല്ലോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായിട്ട് മുന്നോട്ട് പോക്കുണ്ടെന്നോ തോന്നുന്നില്ല. എം.പിയും മന്ത്രിയും വന്നു. പക്ഷേ അങ്ങനെയല്ലാത്ത ഔദ്യോഗികമായ തരത്തില്‍ ഒരാള്‍ വന്നിട്ട് ഒരു കാര്യം പോലും അന്വേഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറോടിച്ച സുഹൈല്‍ സജീവിനെ (19) ആലുവ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരുന്നു. ആലുവ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും സബ് ജയിലിന് പകരം കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലേക്കാണ് മാറ്റിയത്. സബ് ജയിലിന് പകരം ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയതിനെയും ദേവികയുടെ കുടുംബം ചോദ്യം ചെയ്തിരുന്നു.

Content Highlight: Parents of Girl Who Died in Nedumbassery Road Accident Talks About Online Hate Campaign

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more