| Saturday, 11th April 2026, 12:00 pm

സഹ്‌റ; നിലച്ചുപോയ ഒരു പുഞ്ചിരിയും തകരാത്ത ഓര്‍മ്മകളും

ആര്യ. പി

ആകാശത്തുനിന്ന് മരണം പെയ്തിറങ്ങിയ ഫെബ്രുവരി 28-ന് മുമ്പ്, ഇറാനിലെ ആ വീട് ശാന്തമായിരുന്നു. ശജറേ ത്വയ്യിബ സ്‌കൂളിലെ ക്ലാസ് മുറിയില്‍ അറിവ് നുകരുകയായിരുന്നു എട്ടു വയസ്സുകാരി സഹ്‌റ ബെഹ്‌റൂസി.

അന്ന് രാവിലെ ആദ്യത്തെ വലിയ ഇടിമുഴക്കം കേട്ടപ്പോള്‍, ആ വീടാകെ വിറച്ചുപോയി. മാര്‍സി ആദ്യം കരുതിയത് തന്റെ ഇളയ മകന്‍ മുഹമ്മദ് ബാല്‍ക്കണിയിലേക്ക് ഇറങ്ങി തന്റെ പുതിയ കളിപ്പാട്ടം കൊണ്ട് സ്ലൈഡിംഗ് വാതിലുകളില്‍ ഏതെങ്കിലുമൊന്നില്‍ ഇടിച്ചതാണെന്നാണ്.

തയ്യല്‍ മെഷീനില്‍ ജോലി ചെയ്തിരുന്ന മാര്‍സി അവിടെ നിന്നും എഴുന്നേറ്റ് വന്ന് അവനെ വഴക്കുപറഞ്ഞു. ‘അമ്മേ, അത് ഞാനല്ലെന്ന് അവന്‍ പറഞ്ഞു തീരും മുന്‍പ് രണ്ടാമത്തെ ഇടിയുടെ ശബ്ദം. അതിന്റെ ആഘാതത്തില്‍ ആ വീട് ശക്തമായി കുലുങ്ങി.

അയല്‍പക്കത്തെവിടെയെങ്കിലും നിര്‍മ്മാണ ജോലികളോ മറ്റോ നടക്കുകയാണോ എന്ന് മാര്‍സി ഒരു നിമിഷം ചിന്തിച്ചെങ്കിലും അതായിരിക്കില്ലെന്ന് അപ്പോള്‍ തന്നെ അവള്‍ക്ക് തന്നെ തോന്നി. കാരണം അയല്‍ക്കാരെല്ലാം രാവിലെ ജോലിക്ക് പോയിരുന്നു. ആ വീട്ടില്‍ അവളും മുഹമ്മദും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ്, കൃത്യം 11:17-ന് മാര്‍സിയ്ക്ക് തന്റെ എട്ടു വയസ്സുകാരിയായ മകള്‍ സഹ്‌റയുടെ സ്‌കൂളില്‍ നിന്നും അധ്യാപിക മുഹമ്മദിയനില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു. സ്‌കൂള്‍ നേരത്തെ അടയ്ക്കുകയാണെന്നും, സഹ്‌റയെ കൂട്ടിക്കൊണ്ടുപോകാന്‍ ആര്‍ക്കെങ്കിലും വരാന്‍ കഴിയുമോ എന്നും അവര്‍ ചോദിച്ചു. എന്തുകൊണ്ടാണ് സ്‌കൂള്‍ അടയ്ക്കുന്നതെന്ന് അവര്‍ പറഞ്ഞില്ല. തന്റെ ലിസ്റ്റിലുള്ള അടുത്ത രക്ഷിതാവിനെ വിളിക്കാനായി അവര്‍ പെട്ടെന്നുതന്നെ ഫോണ്‍ കട്ട് ചെയ്തു. ഏതാനും ബ്ലോക്കുകള്‍ മാത്രം അകലെയാണ് സ്‌കൂള്‍.

മാര്‍സി ഉടന്‍ തന്നെ തന്റെ ഭര്‍ത്താവിനെ വിളിച്ച് വിവരമറിയിച്ചു. അദ്ദേഹം തന്റെ സഹോദരനെ കുട്ടികളെ കൂട്ടാനായി അയച്ചു. സഹ്‌റയും അവളുടെ കസിനും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നത്.

മാര്‍സിയ്ക്ക് ദേഹമാകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു. കൈയും കാലും വിറയ്ക്കുന്നതായി തോന്നി. റോഡില്‍ നിന്ന് അസാധാരണമാം വിധം ചില ബഹളങ്ങള്‍ കേള്‍ക്കാമായിരുന്നു.

മാര്‍സി മകന്‍ മുഹമ്മദിനെയും കൂട്ടി പുറത്തിറങ്ങാന്‍ വേഗത്തില്‍ തന്റെ മുഖപടം തിരഞ്ഞു. വാതില്‍ തുറന്നപ്പോള്‍ തന്നെ പുകയുടെ രൂക്ഷഗന്ധം അവരെ ശ്വാസം മുട്ടിച്ചു.

ആളുകള്‍ റോഡിലൂടെ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു. ഒരാളെ തടഞ്ഞു നിര്‍ത്തി എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചു. ‘യുദ്ധം തുടങ്ങി’ എന്നായിരുന്നു അയാളുടെ മറുപടി.

തെരുവിലൂടെ കനത്ത പുക ഉയരുന്നത് കണ്ടപ്പോള്‍ മാര്‍സി തന്റെ മകനെ ചേര്‍ത്തുപിടിച്ച് ഒരു ഗാരേജിന്റെ അരികിലേക്ക് മാറി നിന്നു. ഓരോ നിമിഷവും അവളില്‍ ആധി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വിറയ്ക്കുന്ന കൈകളോടെ ഫോണ്‍ എടുത്തു.

സഹ്റയെ കൂട്ടിക്കൊണ്ടുവരാനായി പോയ സഹോദരനെ വിളിച്ചു, ഭര്‍ത്താവിനെ വിളിച്ചു. അദ്ദേഹവും സ്‌കൂളിലേക്ക് ഓടിയെത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ആരും ഫോണെടുത്തില്ല.

പെട്ടെന്ന് മാര്‍സിയുടെ സഹോദരന്‍ തിരിച്ചു വിളിച്ചു. സ്‌കൂളില്‍ ബോംബ് പതിച്ചതായി ഒരു വാര്‍ത്ത കേള്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹ്‌റ എവിടെയാണെന്ന ചോദ്യത്തിന് മാര്‍സിയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

മാര്‍സി ഉടന്‍ തന്നെ സഹ്‌റയുടെ അധ്യാപിക മുഹമ്മദിയനെ വിളിച്ചു. മറുപടിയില്ല. ഖുര്‍ആന്‍ അധ്യാപിക കമാലിയെ വിളിച്ചു. മറുപടിയില്ല. പ്രിന്‍സിപ്പലിനെ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. വര്‍ഷങ്ങളായി സ്‌കൂളുമായി ബന്ധപ്പെട്ടിരുന്ന ഓരോരുത്തരെയും അവള്‍ മാറി മാറി വിളിച്ചു, അഡ്മിനിസ്‌ട്രേറ്റര്‍മാരെ, കെയര്‍ടേക്കര്‍മാരെ, അങ്ങനെ ഓരോരുത്തരേയും.. എന്നാല്‍ മറുതലയ്ക്കല്‍ നിശബ്ദത മാത്രം.

സഹ്‌റയുടെ പിതാവ് ഹുസൈന്‍ ആയിരുന്നു സ്‌കൂളില്‍ ആദ്യം എത്തിയത്. സ്‌കൂള്‍ ഗേറ്റിനടുത്തെത്തിയ അദ്ദേഹത്തിന് ആ കാഴ്ച വിശ്വസിക്കാനായില്ല. ആ കെട്ടിടം അപ്പാടെ തകര്‍ന്നിരുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളെ വേര്‍തിരിക്കുന്ന പടിക്കെട്ടുകളില്‍ ഒരു ഭാഗം അപ്പോഴും ഭാഗികമായി നിലനില്‍ക്കുന്നുണ്ടായിരുന്നു.

എന്നാല്‍ പെണ്‍കുട്ടികള്‍ പഠിച്ചിരുന്ന ഭാഗം പൂര്‍ണ്ണമായും നിരപ്പാക്കപ്പെട്ടിരുന്നു. പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ ചാരനിറത്തിലുള്ള ഒരു വലിയ കൂമ്പാരം മാത്രമാണ് അവിടെ ബാക്കിയുണ്ടായിരുന്നത്.

പുക ഉയരുന്ന ആ തകര്‍ന്ന കെട്ടിടത്തിന് മുന്നില്‍ പകച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനായില്ല. കൂമ്പാരത്തിനരികില്‍ കുഞ്ഞുങ്ങളെ തിരയുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു. കല്ലുകള്‍ കൈകൊണ്ട് മാറ്റി അയാള്‍ തന്റെ മകളെ തിരഞ്ഞു.

പരിക്കേറ്റെങ്കിലും അവള്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ അയാളെ നയിച്ചു. സ്‌കൂളിന്റെ ഗോവണി ഉണ്ടായിരുന്ന സ്ഥലത്താണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആപത്ത് മുന്നില്‍ കണ്ടപ്പോള്‍ തന്റെ മകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച് അവിടെ കുടുങ്ങിപ്പോയിരിക്കാം എന്ന് അദ്ദേഹം കരുതി.

പുരുഷന്മാരുടെയും സ്ത്രീകളുടേയും നിലവിളികളും വിലാപങ്ങളും കൊണ്ട് അന്തരീക്ഷം കനത്തിരുന്നു. ഹുസൈന്‍ ഒരു യന്ത്രം പോലെ അവിടം മുഴുവന്‍ തിരഞ്ഞു കൊണ്ടേയിരുന്നു. കല്ലുകള്‍ മാറ്റിക്കൊണ്ടും മണ്ണുകള്‍ നീക്കിക്കൊണ്ടും അയാള്‍ തന്റെ മകളെ വിളിച്ചു.

വൈകാതെ മാര്‍സി അവിടെയെത്തി. ഒരു അയല്‍ക്കാരനോട് കാലുപിടിച്ച് അപേക്ഷിച്ചാണ് അവള്‍ സ്‌കൂളിലെത്തിയത്. ‘അവിടെ ഞാന്‍ കണ്ടത് വെറും അവശിഷ്ടങ്ങള്‍ മാത്രമാണ്,’ ആ നിമിഷത്തെ മാര്‍സി ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.

ഓരോ തവണയും ഒരു കുട്ടിയെ പുറത്തെടുക്കുമ്പോള്‍ അവര്‍ക്ക് ജീവനുണ്ടോ എന്ന് മാര്‍സി ചോദിച്ചു കൊണ്ടേയിരുന്നു. ചിലപ്പോള്‍ ആരെങ്കിലും ‘അതെ’ എന്ന് പറയുമ്പോള്‍ ‘കണ്ടോ, അവര്‍ ജീവിച്ചിരിപ്പുണ്ട്. നീയും പ്രാര്‍ത്ഥിക്കൂ, സഹ്‌റയെ നമുക്ക് കിട്ടും. എന്ന് പറഞ്ഞ് ചുറ്റുമുള്ള സ്ത്രീകള്‍ അവളെ ആശ്വസിപ്പിച്ചു.

സഹ്‌റ

ആ കാത്തിരിപ്പിനിടയില്‍ മാര്‍സിയുടെ മനസ്സിലൂടെ സഹ്‌റയെ കുറിച്ചുള്ള ഓര്‍മകള്‍ കടന്നുപോയി.

കുടുംബത്തിലെ പേരക്കുട്ടികളില്‍ ആദ്യത്തെ പെണ്‍തരിയായി അവള്‍ ജനിച്ചപ്പോഴുള്ള ആ വലിയ സന്തോഷം. കുഞ്ഞായിരുന്നപ്പോള്‍ അവള്‍ക്കുണ്ടായിരുന്ന ആ ഓമനത്തം. വളരുന്തോറും അവള്‍ കാണിച്ചിരുന്ന വിവേകം. വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അവള്‍ പുലര്‍ത്തിയിരുന്ന കൃത്യതയും വൃത്തിയും. പേപ്പര്‍ ക്രാഫ്റ്റുകളോടുള്ള അവളുടെ ഇഷ്ടം, വീട് മുഴുവന്‍ പശയുടെ മണം പിടിക്കുന്നതുവരെ അവള്‍ ചിത്രങ്ങള്‍ ഒട്ടിച്ചു വെക്കുന്നത്..അങ്ങനെ അനവധി ഓര്‍കള്‍ മാര്‍സിയുടെ മനസില്‍ മിനിമാഞ്ഞു.

കുസൃതിയോടെ ഫോണ്‍ വാങ്ങി സ്വന്തം മുഖം പശ്ചാത്തലമാക്കുന്ന സഹ്‌റയുടെ പ്രസരിപ്പുള്ള മുഖം അവളുടെ കണ്ണുകളില്‍ തെളിഞ്ഞു. മാര്‍സി തന്റെ ഫോണെടുത്ത് സഹ്‌റയുടെ ഫോട്ടോയിലേക്ക് നോക്കി. സ്വയം ശാന്തയാകാന്‍ ഒരു പ്രാര്‍ത്ഥനയുടെ ഓഡിയോ പ്ലേ ചെയ്തു കൊണ്ട് അവള്‍ അവശിഷ്ടങ്ങളിലേക്ക് നോക്കി നിന്നു.

തിരച്ചില്‍ തുടരുന്നതിനിടയിലാണ് സഹ്‌റയെ കണ്ടെത്തിയെന്ന വാര്‍ത്ത ഹുസൈന്‍ അറിയുന്നത്. അവശിഷ്ടങ്ങളില്‍ നിന്ന് ആദ്യം പുറത്തെടുത്ത കുട്ടികളില്‍ അവളുമുണ്ടായിരുന്നത്രേ…

ബോംബാക്രമണത്തിന്റെ ഭീകരത വിളിച്ചുപറയുന്ന സഹ്‌റയുടെ ചെറിയ ശരീരത്തിന്റെ ചിത്രം അതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മെസേജിംഗ് ആപ്പുകളില്‍ വന്ന ആ ഫോട്ടോ കണ്ടപ്പോള്‍ തന്നെ ഹുാസൈന്‍ തന്റെ മകളെ തിരിച്ചറിഞ്ഞു. അയാള്‍ മോര്‍ച്ചറിയിലേക്ക് പാഞ്ഞു….

സ്‌കൂള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍

അവിടെ ഒരു മേശപ്പുറത്ത് തന്റെ പ്രിയപ്പെട്ട മകള്‍ തണുത്ത് വിറങ്ങലിച്ചു കിടക്കുന്നത് അയാള്‍ കണ്ടു. സഹ്‌റ എപ്പോഴും വളരെ ശ്രദ്ധയോടെയും കൃത്യമായും പിന്‍ ചെയ്തിരുന്ന അവളുടെ ശിരോവസ്ത്രം തെന്നിമാറിയിരുന്നു. ‘അവളുടെ തല ഒടിഞ്ഞിരുന്നു, വാരിയെല്ലുകള്‍ കുഴിഞ്ഞുപോയിരുന്നു,’ ഹുസൈന്‍ തേങ്ങലോടെ ഓര്‍ക്കുന്നു.

അവളുടെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് ഒന്നുംപറ്റിയിരുന്നില്ലെങ്കിലും ദേഹമാസകലം പൊടിയില്‍ മൂടപ്പെട്ടിരുന്നു. ‘ഇത് എന്റെ മകളാണ്, സഹ്‌റ ബെഹ്‌റൂസി. അവള്‍ക്ക് എട്ടു വയസ്സായിരുന്നു,’ അയാള്‍ മോര്‍ച്ചറി ജീവനക്കാരോട് പറഞ്ഞു.

മോര്‍ച്ചറിയില്‍ നിന്ന് ഇറങ്ങിയ ഹുസൈന്‍ വീട്ടിലേക്ക് പോയില്ല… പകരം വീണ്ടും ആ സ്‌കൂള്‍ മുറ്റത്തേക്ക് തന്നെ തിരിച്ചെത്തി. തന്റെ മകളുടെ ജീവന്‍ പൊലിഞ്ഞ ആ മണ്ണില്‍ അയാള്‍ വീണ്ടും നിന്നു.

അവിടെ ആളുകള്‍ ഇപ്പോഴും മറ്റ് കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. സഹ്‌റ മരിച്ചുവെന്ന് അറിഞ്ഞവര്‍ ഹുസൈനോട് വീട്ടില്‍ പോയി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു.

‘നിന്റെ മകളെ കിട്ടിയല്ലോ, ഇനി പോകൂ’ എന്ന് പറഞ്ഞവരോട് അദ്ദേഹം പ്രതികരിച്ചില്ല. തന്റെ മകളെപ്പോലെ മറ്റനേകം കുട്ടികള്‍ ഇനിയും ആ കല്ലുകള്‍ക്കിടയില്‍ ശ്വാസം മുട്ടുന്നുണ്ടാകുമെന്ന് ആ അച്ഛന്‍ കരുതി.

‘എന്റെ മകളെ കണ്ടെത്തിയെങ്കിലും, മറ്റു പലരുടേയും കുഞ്ഞുങ്ങള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണല്ലോ. ആരുടെ കുട്ടിയെയാണ് ഞാന്‍ രക്ഷപ്പെടുത്തിയത് എന്ന് എനിക്ക് അറിയില്ല. അവരും എന്റെ മകളെപ്പോലെ തന്നെയാണ്’ ആ രാത്രി മുഴുവന്‍ ഹുസൈന്‍ ആ മണ്ണില്‍ കാവലിരുന്നു.

ഈ സ്‌കൂള്‍ ഒരു സൈനിക കേന്ദ്രമല്ലെന്നും മറിച്ച് പഠനത്തിനുള്ള ഒരു സ്ഥലമാണെന്ന് ലോകം അറിയണമെന്നും തങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് സഹ്റയുടെ പിതാവ് പറയുന്നു.

‘ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര കോടതികടും മിനാബില്‍ നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. ഈ അവശിഷ്ടങ്ങളും ഈ പരിസര പ്രദേശങ്ങളും അവര്‍ കാണണം. അമേരിക്ക ചെയ്ത കുറ്റകൃത്യങ്ങള്‍ തിരിച്ചറിയണം, ഞങ്ങള്‍ക്ക് നീതി വേണം’ അദ്ദേഹം പറയുന്നു.

ആ കറുത്ത ദിനത്തില്‍ ഏകദേശം 168 ജീവനുകളാണ് ആ സ്‌കൂള്‍ മുറ്റത്ത് പൊലിഞ്ഞത്. ഇറാനിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവായി ശാജറേ ത്വയ്യിബെ സ്‌കൂളിലെ ആക്രമണം മാറി. സഹ്‌റ എന്ന എട്ടു വയസ്സുകാരിയുടെ ചിരിയും സ്വപ്നങ്ങളും ആ മണ്ണില്‍ എന്നെന്നേക്കുമായി അലിഞ്ഞുചേര്‍ന്നു.

മിനാബിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി വെറുമൊരു ‘യുദ്ധപ്പിഴവല്ല’, മറിച്ച് മുന്‍കൂട്ടി പദ്ധതിയിട്ട ക്രൂരമായ ആക്രമണമാണെന്ന് ഇറാന്‍ ലോകത്തോട് വിളിച്ചുപറഞ്ഞു കഴിഞ്ഞു.

ഇതിന് തെളിവായി യു.എസ് – ഇസ്രഈല്‍ സംയുക്ത സേന നടത്തിയ ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഇറാന്‍ പുറത്തുവിട്ടു

യു.എസ് നാവിക കമാന്‍ഡിങ് ഓഫീസര്‍ ലീ ആര്‍ ടേറ്റ്, യു.എസ്.എസ് സ്പ്രൂയന്‍സിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഇ. യോര്‍ക്ക് എന്നീ ഉദ്യോഗസ്ഥരാണ് ഈ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

മിനാബിലെ സ്‌കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടത് ഈ രണ്ട് ഉദ്യോഗസ്ഥരാണെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി എക്സ് പോസ്റ്റില്‍ പറഞ്ഞു.

‘ഈ കുറ്റവാളികളെ ഓര്‍ക്കുക, ഇവര്‍ക്കും കുഞ്ഞുങ്ങളില്ലേ?’ എന്ന വൈകാരികമായ ചോദ്യമാണ് എംബസി ലോകത്തോട് ഉയര്‍ത്തിയത്. ജനീവയില്‍ നടന്ന അടിയന്തര ചര്‍ച്ചയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ ആക്രമണം ഘട്ടം ഘട്ടമായി നടപ്പിലാക്കിയ ഒരു ഗൂഢാലോചനയാണെന്ന് ആവര്‍ത്തിച്ച് ലോകത്തോട് പറഞ്ഞു.

Content Highlight: parents at Iranian school bombed by US describe their worst day

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.