ഇറാനിലെ മിനാബ് നഗരത്തിലെ വിദ്യാലയത്തിലേക്ക് യു.എസ് മിസൈല്‍ വന്നുപതിച്ചപ്പോള്‍ ഇല്ലാതായത് 168 കുഞ്ഞുജീവനുകളാണ്.
തകര്‍ന്നുപോയത് ഒരു നാടിന്റെ പ്രതീക്ഷകളും അനേകം കുടുംബങ്ങളുടെ പ്രാര്‍ത്ഥനകളുമാണ്. ആ 168 കുട്ടികളില്‍ ഒരാളാണ് ഒന്‍പതുകാരനായ ആര്യ ബഹദോരി.
അടുക്കളയില്‍ അമ്മ കേക്ക് ഉണ്ടാക്കുമ്പോള്‍ ചേരുവകള്‍ ഓരോന്നായി ചോദിച്ചറിഞ്ഞ്, തന്റെ കുഞ്ഞിക്കൈപ്പടയില്‍ ഒരു സ്റ്റിക്കി നോട്ടില്‍ എഴുതി ഫ്രിഡ്ജിന് മുകളില്‍ ഒട്ടിച്ചുവെക്കുന്ന ആ മകന്‍ ഇനിയില്ല. ആ അടുക്കളയില്‍ ഇന്നും ആ കുറിപ്പുകള്‍ ഭദ്രമായുണ്ട്.
പക്ഷേ ആ മധുരം നുണയാനോ അത് വീണ്ടും പരീക്ഷിച്ചു നോക്കാനോ അവന്‍ ഇനി മടങ്ങിവരില്ല. ഒരു ജനതയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ, ഇറാനിലെ ശജറേ ത്വയ്യിബ സ്‌കൂളില്‍ നടന്ന ബോംബാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകളിലേക്ക്….
ഒന്‍പത് വയസ്സുകാരനായ ആര്യ പഠനത്തില്‍ മിടുക്കനാണ്. നെറ്റിക്കു കുറുകെ ചീകിവെച്ച മുടിയും, വലിയ ചുവന്ന ഫ്രെയിമുള്ള കണ്ണടയും, വിരിയുന്ന നുണക്കുഴികളുമുള്ള സൗമ്യനായ കുട്ടി.
അമ്മയ്ക്ക് എന്നും അവന്‍ തണലായിരുന്നു. അമ്മ കേക്ക് ഉണ്ടാക്കുന്നത് നോക്കി നില്‍ക്കുകയും, ചേരുവകള്‍ ഒരു സ്റ്റിക്കി നോട്ടില്‍ എഴുതി ഫ്രിഡ്ജില്‍ ഒട്ടിച്ചുവെച്ച് പിന്നീട് തനിയെ പരീക്ഷിച്ചു നോക്കുകയും ചെയ്യുന്ന മകന്‍.
രാവിലെ 11.05 ആയിക്കാണും. മിനാബ് പട്ടണത്തിനടുത്തായി താമസിക്കുന്ന മാര്‍സി മന്‍സൂരിയുടെ ഫോണിലേക്ക് ഒരു കോളെത്തി. മകന്‍ ആര്യ ബഹദോരിയുടെ അധ്യാപിക സമാനിയാണ് കോളില്‍. ഇങ്ങനെയൊരു കോള്‍ പതിവില്ലാത്തതുകൊണ്ട് തന്നെ ആ അമ്മയുടെ നെഞ്ചില്‍ പെട്ടെന്നൊരു ആധികയറി
മകന് വല്ല പനിയോ അസുഖമോ വന്നുകാണുമോ എന്ന് ആശങ്കപ്പെട്ടാണ് മന്‍സൂരി ഫോണെടുത്തത്. ടീച്ചര്‍ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ, അവന് കുഴപ്പമൊന്നുമില്ലല്ലോ ടീച്ചറേ എന്ന് അവര്‍ തിരിച്ചു ചോദിച്ചു.
ഇല്ല. ആര്യയ്ക്ക് കുഴപ്പമൊന്നുമില്ല, പക്ഷേ ടെഹ്റാനില്‍ യു.എസ്-ഇസ്രഈല്‍ ആക്രമണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട. സ്‌കൂള്‍ പെട്ടെന്ന് അടയ്ക്കുകയാണ്. ആരെങ്കിലും വന്ന് അവനെ കൂട്ടിക്കൊണ്ടുപോകണം, ടീച്ചര്‍ പറഞ്ഞവസാനിപ്പിച്ചു.
പരിഭ്രാന്തിയില്‍ ടെലിവിഷന്‍ തുറന്ന മന്‍സൂരി കണ്ടത് യു.എസ്-ഇസ്രഈല്‍ ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന വാര്‍ത്തകളാണ്.
മകനെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരാന്‍ സഹോദരനോട് പറയുന്നതിനിടെ തന്നെ ദൂരെ നിന്നും അവര്‍ ഒരു സ്‌ഫോടന ശബ്ദം കേട്ടു. മിനിറ്റുകള്‍ക്കകം അടുത്തതും.
ഉടന്‍ തന്നെ ജോലിസ്ഥലത്തുള്ള ഭര്‍ത്താവ് മൊര്‍ട്ടെസ ബഹാദോരിയെ അവള്‍ വിളിച്ചു. എവിടെയാണെന്ന് അറിയില്ല, എന്തിലോ വിമാനം ഇടിച്ചുവെന്നും വലിയ ശബ്ദം കേട്ടുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വേവലാതിയോടെ മന്‍സൂരി ടീച്ചറെ വീണ്ടും വിളിച്ചെങ്കിലും ഇത്തവണ മറുപടിയുണ്ടായില്ല.
വീടിനു പുറത്ത് വലിയ ബഹളം കേട്ടാണ് മന്‍സൂരി ഇറങ്ങിയത്. സ്‌കൂളിന് അടുത്തുള്ള കെട്ടിടം തകര്‍ന്നുവെന്ന് ആരോ വിളിച്ചുപറയുന്നു. ആകെ പരിഭ്രാന്തയായ അവള്‍ റോഡരികില്‍ തളര്‍ന്നിരുന്നു.
എന്തുചെയ്യണമെന്നറിയാതെ സഹോദരനെ വിളിച്ച അവള്‍ ഒടുവില്‍ ആ വാര്‍ത്തയറിഞ്ഞു. തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളില്‍ സ്‌ഫോടനം നടന്നിരിക്കുന്നു!
അപ്പോഴും അവള്‍ സ്വയം ആശ്വസിച്ചു, ഇല്ല അവനൊന്നും സംഭവിച്ചിട്ടുണ്ടാകില്ല. തകര്‍ന്ന മനസോടെ ആ അമ്മ സ്‌കൂളിലേക്കോടി. പക്ഷേ, അവിടേക്കുള്ള വഴികളെല്ലാം വാഹനങ്ങളാല്‍ തടസ്സപ്പെട്ടിരുന്നു. നൂറുകണക്കിന് മാതാപിതാക്കള്‍ മക്കളെ അന്വേഷിച്ച് അവിടേക്ക് ഓടുകയായിരുന്നു.
ആര്യ പിതാവിനും സഹോദരനുമൊപ്പം
അവിടെവെച്ചാണ് സ്‌കൂള്‍ ജീവനക്കാരിയുടെ യൂണിഫോം ധരിച്ച ഒരു സ്ത്രീയെ അവള്‍ കണ്ടത്. തല മുതല്‍ കാല്‍ വരെ ചാരനിറത്തിലുള്ള പൊടിയില്‍ മുങ്ങിയ ഒരു രൂപം.
‘ടീച്ചറെ കണ്ടോ? എന്റെ ആര്യയെ കണ്ടോ?’ എന്ന് മന്‍സൂരി നിലവിളിച്ചെങ്കിലും ആ സ്ത്രീ നിശബ്ദയായി അവളെ നോക്കി നടന്നുപോയി. ആ നോട്ടത്തില്‍ ഭയാനകമായ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ഗതാഗത കുരുക്കില്‍പ്പെട്ടതോടെ ആര്യയുടെ പിതാവ് മൊര്‍ട്ടെസ ബഹാദോരി കാര്‍ ഉപേക്ഷിച്ച് സ്‌കൂളിലേക്ക് ഓടാന്‍ തുടങ്ങി. കഴിയുന്നത്ര ഓടി. തലകറക്കം വന്നപ്പോള്‍ നടക്കാന്‍ തുടങ്ങി. റമദാന്‍ വ്രതം അദ്ദേഹത്തിന്റെ ഊര്‍ജം ചോര്‍ത്തിക്കളഞ്ഞു.
അടുത്തുള്ള ആശുപത്രിയിലാണ് ആക്രമണം നടന്നതെന്നാണ് ബഹദോരി ആദ്യം കേട്ടത്. തന്റെ മകന്റെ സ്‌കൂളിന് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടായേക്കാം എന്ന ചിന്ത പോലും അദ്ദേഹത്തിന്റെ മനസ്സില്‍ വന്നില്ല.
ആശങ്കയോടെ സ്‌കൂളിലേക്ക് ഓടുമ്പോഴും അദ്ദേഹം മനസ്സില്‍ ഓരോ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ‘ആര്യ എത്രമാത്രം ഭയന്നിട്ടുണ്ടാകും എന്ന് മാത്രമേ എനിക്ക് അപ്പോള്‍ ചിന്തിക്കാന്‍ കഴിഞ്ഞുള്ളൂ,’ അദ്ദേഹം ആ നിമിഷം ഓര്‍ത്തെടുത്തു.
ബഹദോരിക്ക് തന്റെ മകനോടൊപ്പം ചെലവഴിക്കാന്‍ അധികം സമയം ലഭിച്ചിരുന്നില്ല. കുടുംബം പുലര്‍ത്താന്‍ വൈകുന്നേരങ്ങളില്‍ റെസ്റ്റോറന്റിലെ ഷിഫ്റ്റുകള്‍ ഉള്‍പ്പെടെ രണ്ട് ജോലികള്‍ അദ്ദേഹം ചെയ്തിരുന്നു.
തകര്‍ന്ന സ്‌കൂള്‍ കെട്ടിടത്തില്‍ കുഞ്ഞുങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നവര്‍ Photo: Reuters.com
എങ്കിലും അവര്‍ തമ്മില്‍ അത്രമേല്‍ അടുത്ത ബന്ധമായിരുന്നു. ഓരോ രാത്രിയും ജോലിക്ക് പോകുമ്പോള്‍ റെസ്റ്റോറന്റിലേക്ക് സാധനങ്ങള്‍ അടുക്കിവെക്കാന്‍ സഹായിക്കുന്നത് ആര്യയ്ക്ക് വലിയ ഇഷ്ടമായിരുന്നു.
അച്ഛന് അഡീഷണല്‍ ജോലി ചെയ്യേണ്ടി വരുന്നതില്‍ മകന് എപ്പോഴെങ്കിലും ലജ്ജ തോന്നുമോ എന്ന് ആ മാതാപിതാക്കള്‍ ചിലപ്പോഴൊക്കെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, ആ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ അത്തരം നാണക്കേടിന്റെ ഒരു നേരിയ കണിക പോലും അവര്‍ ഒരിക്കലും കണ്ടിരുന്നില്ല.
സ്‌കൂളിനോട് അടുത്തപ്പോള്‍, അത് ആശുപത്രിക്ക് സമീപമായതുകൊണ്ട് കെട്ടിടത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിരിക്കുമോ എന്ന് ബഹദോരി ചിന്തിച്ചു. ആര്യയ്ക്ക് ചെറിയ മുറിവുകളോ ചതവുകളോ പറ്റിയിട്ടുണ്ടാകുമോ എന്നും, അവനെ എവിടെയെങ്കിലും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകേണ്ടി വരുമോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
എന്നാല്‍ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ബഹാദോരിയുടെ ഹൃദയം തകര്‍ത്തു. ആര്യയുടെ ക്ലാസ് മുറി നിന്നിരുന്നിടത്ത് വെറും അവശിഷ്ടങ്ങള്‍ മാത്രം. നീലാകാശത്തെ മറച്ചുപിടിച്ചുകൊണ്ട് കട്ടിയുള്ള പൊടിപടലങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നു. നിലവിളികളോടെ അദ്ദേഹം ആ മണ്ണില്‍ മകനെ തിരഞ്ഞു തുടങ്ങി. ഓരോ കല്ലും മണ്ണും മാറ്റി അവര്‍ കുഞ്ഞുങ്ങളെ തിരഞ്ഞു.
ആര്യ ആ അവശിഷ്ടങ്ങള്‍ക്കിടയിലും കല്ലുകള്‍ക്കിടയിലും അകപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരു അത്ഭുതത്തിന് മാത്രമേ അവനെ ഇനി പുറത്തെത്തിക്കാന്‍ കഴിയൂ’ എന്ന് അദ്ദേഹം വേദനയോടെ ചിന്തിച്ചു.
ആര്യ ബഹദോരി Photo: Reuters
ഒടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട മകന്‍ മോര്‍ച്ചറിയിലാണെന്ന വിവരം അറിഞ്ഞപ്പോള്‍, ആഘാതത്തില്‍ തളര്‍ന്നുപോയ ബഹദോരിക്കും മന്‍സൂരിക്കും ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ പോലുമുള്ള ശേഷിയുണ്ടായിരുന്നില്ല.
ബഹദോരിയുടെ സഹോദരന്മാരായ ആര്യയുടെ അമ്മാവന്മാരാണ് അവന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുകയും ആവശ്യമായ രേഖകള്‍ പൂരിപ്പിച്ചു നല്‍കുകയും ചെയ്തത്.
ഒരു യു.എസ് മിസൈല്‍ ആ വിദ്യാലയത്തെ ചുട്ടുചാമ്പലാക്കിയെന്ന് ലോകമറിയാന്‍ പിന്നെയും മണിക്കൂറുകളെടുത്തു. പക്ഷേ, ആ മാതാപിതാക്കള്‍ക്ക് അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു.
മകന്റെ ചേതനയറ്റ ശരീരം നോക്കി നില്‍ക്കാന്‍ ആ മാതാപിതാക്കള്‍ക്കായില്ല. മകന്റെ ശവസംസ്‌കാര ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്തവിധം അവര്‍ തകര്‍ന്നുപോയിരുന്നു.
ഇന്ന് ആ വീട്ടില്‍ ആര്യയില്ല. പക്ഷേ അവന്റെ കുഞ്ഞനിയന്‍ അര്‍സലന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. എല്ലാ വൈകുന്നേരവും അച്ഛന്‍ വരുന്നത് കാണുമ്പോള്‍ അവന്‍ ഓടിച്ചെന്ന് തിരയുന്നത് ചേട്ടനെയാണ്.
ആ കുഞ്ഞിന് അറിയില്ല, അവന്റെ ചേട്ടന്‍ ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന്. ആ സ്റ്റിക്കി നോട്ടുകളിലെ സ്‌നേഹം ഇനി ആര്‍ക്കും രുചിക്കാനാവില്ലെന്ന്.
Content Highlight: Parents at Iranian School Bombed By US Descibe their Worst Day Part 3