ഭാഷ എന്നത് വെറും ആശയവിനിമയത്തിന് മാത്രമുള്ള ഒരു ഉപാധിയല്ല. ഒരു ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള, അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണ് മാതൃഭാഷ. അതിനെ മറന്നുകൊണ്ട് മറ്റൊരു ഭാഷ പഠിച്ചാല്‍ മാത്രമേ ഇവിടെ ജീവിക്കാനാകുള്ളൂ എന്ന സ്ഥിതി വരുമ്പോള്‍ അവര്‍ പോരാടും. സുധാ കൊങ്കര സംവിധാനം ചെയ്ത പരാശക്തി പറയുന്നത് ഇത്തരമൊരു പോരാട്ടത്തിന്റെ കഥയാണ്.
1959-64 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥ ഏച്ചുകെട്ടലില്ലാതെ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് ഔദ്യോഗിക ഭാഷയില്‍ നിന്ന് ഇംഗ്ലീഷിനെ എടുത്തുമാറ്റി പകരം ഹിന്ദി മാത്രം കൊണ്ടുവരുന്നതിനെതിരെ പോരാടുന്ന പുറനാനൂറ് പടയെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
അന്നത്തെ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയെങ്കിലും പിന്നീട് അതേ നയം വീണ്ടും കൊണ്ടുവരികയും പോരാട്ടം തുടരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം ആ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുചെല്ലുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും ശക്തമായ കണ്ടന്റ് അവസാനത്തിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷിച്ച ഇംപാക്ട് കിട്ടിയില്ലെന്ന് തന്നെ പറയാം.
ഹിന്ദി ഭാഷയെ ഒരിടത്തും സിനിമ എതിര്‍ക്കുന്നില്ല. സാധാരണക്കാരെ വരെ ബാധിക്കുന്ന തരത്തിലേക്ക് ഹിന്ദി അടിച്ചേല്പിക്കുന്നതിനെ മാത്രമേ സിനിമ വിമര്‍ശിക്കുന്നുള്ളൂ. എന്നിട്ടും സെന്‍സര്‍ ബോര്‍ഡ് പലയിടത്തും കട്ടുകളും മാറ്റങ്ങളും ആവശ്യപ്പെട്ടതെല്ലാം വാര്‍ത്തയായിരുന്നു. അതെല്ലാം മറികടന്ന് വെട്ടിക്കൂട്ടിയ പരാശക്തി പറയാനുദ്ദേശിച്ച രാഷ്ട്രീയം ശക്തമായി തന്നെ സംസാരിച്ചിട്ടുണ്ട്.
റെയില്‍വേ ജോലിക്ക് വേണ്ടി ഹിന്ദി പഠിക്കുന്ന നായകനെ ഇന്റര്‍വ്യൂവില്‍ ഹിന്ദി സംസാരിക്കാനറിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് അയോഗ്യനാക്കുന്നു. ഇവിടന്ന് സിനിമ മറ്റൊരു തലത്തിലേക്ക് മാറിയെന്ന് തന്നെ പറയാം. ഇന്റര്‍വെല്‍ ബ്ലോക്ക് അതിഗംഭീരമായിരുന്നു. ശിവകാര്‍ത്തികേയനൊപ്പം രവി മോഹനും കട്ടക്ക് പെര്‍ഫോം ചെയ്തപ്പോള്‍ ജി.വി. പ്രകാശിന്റെ സംഗീതം അതിനെ കൂടുതല്‍ ഗംഭീരമായി.
സെക്കന്‍ഡ് ഹാഫില്‍ സിനിമ ഒരു ഗംഭീര പോയിന്റിലെത്തുമ്പോള്‍ വേറെ ലെവല്‍ എക്‌സ്പീരിയന്‍സായിരുന്നു. അവിടന്ന് ക്ലൈമാക്‌സിലേക്ക് എത്തിയപ്പോള്‍ വല്ലാതെ ലാഗ് അനുഭവപ്പെട്ടു. ക്ലൈമാക്‌സ് കൊഴുപ്പിക്കാനായി രണ്ട് അതിഥിവേഷം സിനിമയിലുണ്ട്. അതില്‍ ബേസില്‍ ജോസഫിന്റെ എന്‍ട്രിക്ക് കിട്ടിയ കൈയടികള്‍ അയാളുടെ റേഞ്ച് വ്യക്തമാക്കി.
ട്രെയിന്‍ ഫൈറ്റും അത് കഴിഞ്ഞുള്ള സീനും പോര എന്ന് തന്നെയാണ് അഭിപ്രായം. തമിഴര്‍ക്ക് അവരുടെ ഭാഷയും മലയാളികള്‍ക്ക് മലയാളവും തെലുങ്കര്‍ക്ക് അവരുടെ മാതൃഭാഷയും ഉപയോഗിക്കാന്‍ അനുവദിക്കൂ എന്ന് പറയുന്ന രാഷ്ട്രീയം നന്നായിരുന്നെങ്കിലും ഓവര്‍ മെലോഡ്രാമ കുത്തിക്കയറ്റിയതായി അനുഭവപ്പെട്ടു.
ഹിന്ദി അടിച്ചേല്പിക്കലിനെതിരെ പറയുന്ന ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്‌തെങ്കിലും അവിടെ എന്താണ് ഉദ്ദേശിച്ചതെന്ന് നമുക്ക് കൃത്യമായി മനസിലാകും. ഇത് കണ്ടപ്പോള്‍ കാര്യസ്ഥനില്‍ ദിലീപിന്റെ ചെവി പൊത്തിയ ശേഷം സുരാജ് പറയുന്ന ‘ബുദ്ധിപരമായ’ ഡയലോഗ് ഓര്‍മവന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ഈ ബുദ്ധി വെയില്‍ കൊള്ളല്ലേ എന്ന് മാത്രമേ പറയാനുള്ളൂ.
പെര്‍ഫോമന്‍സിലേക്ക് വന്നാല്‍ നായകനായ ശിവകാര്‍ത്തികേയന്‍ തരക്കേടില്ലാതെ ചെയ്തുവെച്ചിട്ടുണ്ട്. ചെഴിയന്‍ എന്ന കഥാപാത്രത്തെ തന്നാലാകും വിധം ശിവ മികച്ചതാക്കി. എന്നാല്‍ പൊട്ടിക്കരയുന്ന രംഗങ്ങളിലെല്ലാം അയാളിലെ വീക്ക്‌നെസ്സ് എടുത്തുകാണിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി നേതാവായിട്ടുള്ള ശിവയുടെ സീനുകളും ഡയലോഗുകളും കാണുമ്പോള്‍ അതെല്ലാം സൂര്യയുടെ കൈയില്‍ കിട്ടിയിരുന്നെങ്കിലെന്ന് ചെറുതായി ആഗ്രഹിച്ചു. ആയുത എഴുത്തിലെ മൈക്കലിനെപ്പോലെ നല്ലൊരു വേഷമായേനെ.
വില്ലനായി വേഷമിട്ട രവി മോഹന്‍ തകര്‍ത്താടിയിട്ടുണ്ട്. തിരുനന്ദന്‍ എന്ന കഥാപാത്രം മറ്റാര്‍ക്കും ചെയ്യാനാകാത്ത വിധം അയാള്‍ ഗംഭീരമാക്കി. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ തിരുനന്ദന്‍ എങ്ങനെ വില്ലനായി എന്ന് കാണിക്കുന്ന ക്യാരക്ടര്‍ ആര്‍ക് മികച്ചതായിരുന്നു. രണ്ട് തല്ല് കൂടുതല്‍ കിട്ടണണെന്ന് ആഗ്രഹിക്കുന്ന തരത്തില്‍ വില്ലനിസം കാണിക്കുന്നതില്‍ രവി മോഹന്‍ വിജയിച്ചിട്ടുണ്ട്.
അഥര്‍വയുടെ ചിന്ന ദുരൈ എന്ന കഥാപാത്രം മികച്ചതായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഇംപാക്ട് വേണ്ട രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സുധ കൊങ്കരക്ക് സാധിച്ചിട്ടില്ല. ഒരിക്കല്‍ കൂടി ദുല്‍ഖര്‍ സല്‍മാന്‍ ഒഴിവാക്കിയ വേഷം ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചയായി മാറി. ശ്രീലീലയുടെ രത്‌നമാല എന്ന കഥാപാത്രവും മികച്ചതായിരുന്നു.
ചേതന്‍ അവതരിപ്പിച്ച അണ്ണാ ദുരൈ എന്ന കഥാപാത്രത്തെ കാണിച്ച രംഗങ്ങളെല്ലാം രോമാഞ്ചം സമ്മാനിച്ചു. ത്രിഭാഷാ നയത്തിനെതിരെ അണ്ണാദുരൈ സംസാരിച്ച രംഗമെല്ലാം ഗംഭീരമായിരുന്നു.
ജി.വി പ്രകാശാണ് ഇതിലെ മറ്റൊരു താരം. നൂറാമത്തെ സിനിമ എന്ന മൈല്‍സ്റ്റോണ്‍ ഇത്രയും ഗംഭീരമാക്കാന്‍ സാധിച്ചതില്‍ ജി.വി.പിക്ക് അഭിമാനിക്കാം. ഇനിയും തമിഴ് ഇന്‍ഡസ്ട്രിയെ ഇയാള്‍ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. രവി. കെ ചന്ദ്രന്റെ ഛായാഗ്രഹണവും കാര്‍ത്തിക് രാജകുമാറിന്റെ പ്രൊഡക്ഷന്‍ ഡിസൈനും സിനിമയെ മികച്ചതാക്കി.
പറയാനുദ്ദേശിച്ച രാഷ്ട്രീയം ശക്തമായി സംസാരിക്കുമ്പോഴും കഥ പറയുന്ന രീതിയില്‍ പ്രതീക്ഷിച്ച ഇംപാക്ട് കൊണ്ടുവരാന്‍ പരാശക്തിക്ക് സാധിക്കാതെ പോയെന്ന് പറയാം. പുറനാനൂറ് എന്ന പ്രൊജക്ട് അതേപടി ചിത്രീകരിക്കാതെ പരാശക്തിയിലേക്ക് മാറ്റിയപ്പോള്‍ വന്ന ന്യൂനതയാകാം. എന്നിരുന്നാലും ഹിന്ദി അടിച്ചേല്പിക്കാന്‍ വരുന്നവരോട് ‘ഹിന്ദി തെരിയാത് പോടാ’ എന്ന് പറയുന്ന രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ച പരാശക്തിക്ക് കൈയടി നല്‍കാം.
Content Highlight: Parasakthi Movie review