തടസങ്ങളെല്ലാം മറികടന്ന് പരാശക്തി നാളെ തിയേറ്ററുകളിലെത്തുകയാണ്. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് പരാശക്തിക്ക് വേണ്ടി സുധാ കൊങ്കര തെരഞ്ഞെടുത്തത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ട് കഴിഞ്ഞദിവസം വരെ പരാശക്തിയുടെ റിലീസ് തുലാസിലായിരുന്നു.
ഒടുവില്‍ ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. 25 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ചിത്രത്തില്‍ നിര്‍ദേശിച്ച മാറ്റങ്ങളുടെ സ്‌ക്രീന്‍ഷോട്ട് ഇതിനോടകം വൈറലായിരിക്കുയാണ്. ഹിന്ദിക്കെതിരെ സംസാരിക്കുന്ന പല രംഗങ്ങളിലും മാറ്റം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്.
ട്രെയ്‌ലറില്‍ കാണിച്ച സമര രംഗങ്ങളിലെ ‘തീ പരവട്ടും (തീ പടരട്ടെ) എന്ന വാക്ക് മാറ്റി നീതി പടരട്ടെ എന്നാക്കാണ് ആദ്യത്തെ നിര്‍ദേശം. ചിത്രത്തിന്റെ തുടക്കത്തില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെയുള്ള വോയിസ് ഓവറില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്. ഏഴോളം തെറിവിളി ഡയലോഗുകള്‍ മ്യൂട്ട് ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
‘ഹിന്ദി എന്റെ സ്വപ്‌നങ്ങളെല്ലാം നശിപ്പിച്ചു’, ‘എന്റെ ഒരേയൊരു സ്വപ്‌നം ഹിന്ദി അടിച്ചേല്പിക്കല്‍ നശിപ്പിച്ചു’ എന്നീ ഡയലോഗുകളും മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഹിന്ദി പഠിച്ചിട്ട്’ എന്ന ഡയലോഗ് മ്യൂട്ട് ചെയ്യാനും ‘ഹിന്ദി രാക്ഷസി’ എന്ന വാക്കുകള്‍ ഉപയോഗിക്കുന്ന രംഗങ്ങളില്‍ ‘രാക്ഷസി’ എന്നത് മാറ്റണമെന്നും നിര്‍ദേശമുണ്ട്.
അമിതമായി വയലന്‍സ് കാണിച്ചിരിക്കുന്ന രംഗങ്ങള്‍ ബ്ലര്‍ ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥ പ്രക്ഷോഭ രംഗങ്ങളുടെയും കേന്ദ്ര സേനയുടെ അടിച്ചമര്‍ത്തല്‍ രംഗങ്ങളുടെയും ദൈര്‍ഘ്യം കുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മാറ്റങ്ങളും അംഗീകരിച്ചതിന് പിന്നാലെയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. രണ്ട് മണിക്കൂര്‍ 42 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
1964ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ആസ്പദമാക്കിയാണ് പരാശക്തി ഒരുക്കിയത്. ചെഴിയന്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയനും ചിന്നദുരൈ എന്ന കഥാപാത്രമായി അഥര്‍വയും വേഷമിടുന്നു. ശ്രീലീലയാണ് ചിത്രത്തിലെ നായിക. രവി മോഹനാണ് പ്രധാന വില്ലനായി വേഷമിടുന്നത്.
സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് പ്രൊജക്ട് ആദ്യം പ്ലാന്‍ ചെയ്തത്. പിന്നീട് ഈ ചിത്രത്തിന്റെ കഥയെല്ലാം മാറ്റുകയും ശിവകാര്‍ത്തികേയന്‍ കടന്നുവരികയുമായിരുന്നു.
Content Highlight: Parasakthi got censor certificate with 25 cuts