| Monday, 9th February 2026, 7:00 pm

സീരിയസായിട്ട് ചെയ്തതാണെങ്കില്‍ മുട്ടന്‍ കോമഡിയായിട്ടുണ്ട്, ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോളന്മാരുടെ ഇരയായി പരാശക്തി

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പരാശക്തി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സുധാ കൊങ്കര ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാനായില്ല. കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ചിത്രത്തെ കീറിമുറിക്കുകയാണ് ട്രോളന്മാര്‍. നല്ല സബ്ജക്ടായിട്ടും അലക്ഷ്യമായി സമീപിച്ച മേക്കിങ്ങാണ് ചിത്രത്തിന്റേതെന്നാണ് പ്രധാന വിമര്‍ശനം.

ഹിന്ദി അടിച്ചേല്പിക്കലിനെതിരെ മറ്റ് ഭാഷക്കാര്‍ പോരാടുന്നതാണ് ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍. ഇന്ത്യ മുഴുവനുമുള്ള യുവാക്കളെല്ലാം ഹിന്ദി അടിച്ചേല്പിക്കലിനെതിരെയുള്ള എഴുത്തുകള്‍ പ്രധാനമന്ത്രിയുടെ അടുത്തെത്തിക്കുന്ന രംഗങ്ങളെല്ലാമാണ് ക്ലൈമാക്‌സില്‍ കാണിച്ചിരിക്കുന്നത്. ഭാഷാവികാരം കൃത്യമായി വര്‍ക്കാകേണ്ട ഈ സീന്‍ കോമഡിയായിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആന്ധ്ര, കര്‍ണാടക, കേരള എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി നേതാക്കളെല്ലാം അവരവരുടെ ഭാഷയില്‍ സംസാരിക്കുന്ന രംഗത്തെ സംവിധായിക സമീപിച്ച രീതി വളരെ അമച്വറാണെന്നും വിമര്‍ശനമുണ്ട്. മലയാളികള്‍ സംസാരിക്കുന്ന സീനില്‍ എ.ഐ ഉപയോഗിച്ച് ഡബ്ബ് ചെയ്തതുപോലെ തോന്നുന്നു എന്ന് പറഞ്ഞുകൊണ്ട് ചിലര്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.

സിനിമകളിലെ മോശം സീനുകള്‍ ചൂണ്ടിക്കാണിക്കുന്ന ഷിറ്റിയര്‍ മലയാളം മൂവീ ഡീറ്റെയില്‍സ് എന്ന ഗ്രൂപ്പിലാണ് ഈ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിന് ലഭിക്കുന്ന കമന്റുകളും രസകരമാണ്. ഡോറ ദി എക്‌സ്‌പ്ലോറര്‍ കാര്‍ട്ടൂണില്‍ ഞാനാണ് മാപ്പ് എന്ന് പറയുന്നതുപോലെയാണ് പരാശക്തിയിലെ മലയാളം ഡയലോഗെന്നാണ് ഒരാള്‍ കമന്റ് പങ്കുവെച്ചത്.

‘എ.ഐ ഉപയോഗിച്ചെങ്കിലും മലയാളം പറയിപ്പിച്ചല്ലോ, സാലിനി ഉണ്ണികൃസ്ണനെയും തേക്കപ്പെട്ട സുന്ദരിയെയും പോലെ മലയാലം പറയിപ്പിക്കാത്തതില്‍ സന്തോഷിച്ചാട്ടെ’, ‘നല്ല രീതിയില്‍ എടുക്കേണ്ട സീനിനെ ഇങ്ങനെ അബദ്ധമാക്കി വിട്ടല്ലോ’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. ചിത്രത്തിലെ മറ്റ് രംഗങ്ങളും ട്രോള്‍ മെറ്റീരിയലാകുന്നുണ്ട്.

റാണാ ദഗ്ഗുബട്ടിയുടെ അതിഥിവേഷമാണ് മറ്റൊരു ട്രോള്‍ മെറ്റീരിയല്‍. മൈക്കള്‍ റെഡ്ഡി എന്ന വിപ്ലവനേതാവായാണ് റാണ പ്രത്യക്ഷപ്പെട്ടത്. ഗംഭീര ഇന്‍ട്രോയായിരുന്നെങ്കിലും ഒരു ഇംപാക്ടുമുണ്ടാക്കാന്‍ റാണക്ക് സാധിച്ചില്ല. റാണയെപ്പോലെ വലിയൊരു താരം ഇങ്ങനെയൊരു വേഷം ചെയ്യേണ്ടിയിരുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

നായകനായെത്തിയ ശിവകാര്‍ത്തികേയന്റെ പ്രകടനവും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. എന്റര്‍ടൈനര്‍ സിനിമകള്‍ മാത്രം ചെയ്തുശീലിച്ച ശിവകാര്‍ത്തികേയന് പരാശക്തിയിലെ ചെഴിയന്‍ എടുത്താല്‍ പൊങ്ങാത്ത വേഷമായിരുന്നെന്നാണ് ആരാധകരടക്കം അഭിപ്രായപ്പെട്ടത്. സേഫ് സോണില്‍ തന്നെ ശിവകാര്‍ത്തികേയന്‍ തുടര്‍ന്നാല്‍ മതിയെന്നാണ് പലരും കമന്റ് പങ്കുവെക്കുന്നത്.

Content Highlight: Parasakthi getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more