| Tuesday, 13th January 2026, 11:04 pm

പരാശക്തിക്കെതിരെ ഗുണ്ടകളുടെ ഡീഗ്രേഡിങ്; പേരെടുത്ത് പറയാതെ വിജയ്‌യുടെ ആരാധകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുധ കൊങ്കര

അശ്വിന്‍ രാജേന്ദ്രന്‍

ജന നായകന്റയും പരാശക്തിയുടെയും റിലീസ് ഡേറ്റ് നിശ്ചയിച്ച മുതല്‍ വലിയ ക്ലാഷിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ ആരാധകര്‍. എന്നാല്‍ ഇവരെ നിരാശരാക്കിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വിജയ് ചിത്രത്തിന്റ റിലീസ് ഡേറ്റ് മാറ്റിവെച്ചത്. ഇതോടെ ജന നായകന്റെ ഭീഷണിയില്ലാതെ ഫ്രീ റണ്ണാണ് സുധാ കൊങ്കര സംവിധാനം ചെയ്ത പരാശക്തിക്ക് തിയേറ്ററുകളില്‍ ലഭിച്ചത്.

എന്നാല്‍ പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ റിലീസിന് ശേഷമുളള ദിവസങ്ങളില്‍ പരാശക്തിക്ക് കുതിപ്പ് തുടരാന്‍ സാധിച്ചിരുന്നില്ല. പല സിനിമാ പേജുകളിലും ചിത്രത്തിനെതിരായി നെഗറ്റീവ് റിവ്യൂകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

പരാശക്തി. Photo: Theatrical poster

ഇപ്പോഴിതാ ചിത്രത്തിനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ നടത്തുന്നത് വിജയ് ആരാധകരാണ് എന്ന രീതിയില്‍ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പരാശക്തിയുടെ സംവിധായിക സുധ കൊങ്കര. ‘ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് വിജയ്‌യുടെ പേരെടുത്ത് പറയാതെ ആരാധകരെ സംവിധായിക രൂക്ഷമായി വിമര്‍ശിച്ചത്.

‘പരാശക്തിക്കെതിരെ വലിയ രീതിയിലുള്ള അപവാദ പ്രചരണവും അപകീര്‍ത്തിപ്പെടുത്തലും നടക്കുന്നുണ്ട്. ഇത് ബോധപൂര്‍വമാണ്, പക്ഷേ രാഷ്ട്രീയപരമായി നടക്കുന്നതല്ല. ഇതെല്ലാം ചെയ്യുന്നത് സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ പറ്റാതെ പോയ നടന്റെ ആരാധകരാണ്. ഇത്തരക്കാരുടെ റൗഡിസത്തിനും ഗുണ്ടായിസത്തിനും എതിരെയാണ് ഞങ്ങളുടെ പോരാട്ടം,’ സുധ കൊങ്കര പറഞ്ഞു.

സുരറൈ പോട്രിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി 1960 കളില്‍ മദ്രാസ് സ്റ്റേറ്റില്‍ ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി നേതാവ് രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പൊങ്കല്‍ റിലീസ് ഡേറ്റ് പ്രഖ്യപിച്ച മുതല്‍ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ശിവകാര്‍ത്തികേയനെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

ജന നായകന്‍. Photo: Theatrical poster

വിജയ്യുടെ അവസാന ചിത്രമെന്ന വൈകാരികത അവഗണിച്ചാണ് ചിത്രം ക്ലാഷ് റിലീസിനെത്തിക്കുന്നതെന്ന ആരോപണത്തില്‍ ശിവകാര്‍ത്തികേയനും സുധാ കൊങ്കരയും നേരത്തെ വ്യക്തത വരുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് റിവ്യൂകള്‍ പ്രത്യക്ഷപ്പെടുന്നത്.

Content Highlight: Parasakthi director sudha kongara speaks indirectly against actor vijay’s fans for degrading her movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more