| Tuesday, 12th August 2025, 7:51 pm

ഹിന്ദി മാത്രം സംസാരിക്കുന്ന മറ്റൊരു മലയാളിയുമായി ബോളിവുഡ് വീണ്ടും, ഒപ്പം മോഹന്‍ലാല്‍ റഫറന്‍സും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെറ്റ് സാരി, തലയില്‍ മുല്ലപ്പൂവ്, മൂന്ന് നേരവും ഇലയില്‍ ഭക്ഷണം കഴിക്കല്‍, ബോളിവുഡ് സിനിമകളില്‍ കാലങ്ങളായി സൗത്ത് ഇന്ത്യയെ ചിത്രീകരിച്ചിരിക്കുന്ന രീതി ഇങ്ങനെയാണ്. കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിങ്ങനെ സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഒരേ തരത്തില്‍ ചിത്രീകരിക്കുന്ന ബോളിവുഡിന്റെ ടൈപ്പ്കാസ്റ്റിങ്ങിനെതിരെ വിമര്‍ശനങ്ങള്‍ നിരവധി വന്നിരുന്നു.

ഏറ്റവുമൊടുവില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറിയിലും കേരളത്തെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ വീണ്ടും മലയാളികളുടെ കഥ പറയുന്ന പുതിയ ചിത്രം എത്തുകയാണ്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന പരം സുന്ദരിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

മലയാളിയെ പ്രണയിച്ച ദില്ലിക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പരം എന്ന നായക കഥാപാത്രമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര വേഷമിടുമ്പോള്‍ സുന്ദരി എന്ന കഥാപാത്രമായെത്തുന്നത് ജാന്‍വി കപൂറാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബോളിവുഡ് സിനിമകള്‍ കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന ക്ലീഷേകള്‍ പരം സുന്ദരിയിലുമുണ്ട്.

ആലപ്പുഴയിലെ കായലും തെങ്ങിന്‍ തോപ്പിന് നടുവിലെ വലിയ വീടും ഈ സിനിമയില്‍ കാണാന്‍ സാധിക്കും. മലയാളിയാണെങ്കിലും മുഴുവന്‍ സമയവും ഹിന്ദിയില്‍ മാത്രം സംസാരിക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ നായിക. കളരിപ്പയറ്റ്, മോഹിനിയാട്ടം തുടങ്ങിയ കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താനും അണിയറപ്രവര്‍ത്തകര്‍ മറന്നിട്ടില്ല.

ട്രെയ്‌ലറിന്റെ അവസാനം സൗത്ത് ഇന്ത്യന്‍ സിനിമയെന്നാല്‍ രജിനികാന്ത് മാത്രമല്ലെന്ന് പറയുന്ന ജാന്‍വി കപൂറിന്റെ നെടുനീളന്‍ ഹിന്ദി ഡയലോഗും ചര്‍ച്ചയായിക്കഴിഞ്ഞു. രജിനികാന്ത് തമിഴിലെ നടനാണെന്നും മലയാളത്തിന് മോഹന്‍ലാല്‍, തെലുങ്കിന് അല്ലു അര്‍ജുന്‍, കന്നഡക്ക് യഷ് എന്നിവരാണ് സ്റ്റാറുകളെന്ന് പറയുന്ന ഡയലോഗ് ട്രെയ്‌ലറിലെ ഹൈലൈറ്റാണ്.

എന്നാല്‍ ജാന്‍വിയുടെ പ്രകടനത്തില്‍ മലയാളിത്തം തീരെ കാണാനാകുന്നില്ലെന്നും ആര്‍ട്ടിഫിഷ്യലായി തോന്നുന്നെന്നും അഭിപ്രായങ്ങളുണ്ട്. ചെന്നൈ എക്‌സ്പ്രസിലെ ദീപിക പദുകോണിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനമുയരുന്നുണ്ട്. ഓഗസ്റ്റ് 29നാണ് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

Content Highlight: Param Sundari movie trailer out now

We use cookies to give you the best possible experience. Learn more