| Monday, 13th October 2025, 4:45 pm

ഷവര്‍മ കഴിക്കുമ്പോഴും മുല്ലപ്പൂ, ജാന്‍വിയുടെ ഡയലോഗ് ട്രാന്‍സ്ലേറ്റ് ചെയ്യുന്ന രണ്‍ജി പണിക്കര്‍, ഒ.ടി.ടിയിലും എയറിലായി തേക്കപ്പെട്ട പരം സുന്ദരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തെക്കുറിച്ചുള്ള ബോളിവുഡിന്റെ സ്റ്റീരിയോടൈപ്പിങ്ങിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിട്ടാണ് ഹിന്ദി ചിത്രം പരം സുന്ദരിയെ പലരും കണക്കാക്കിയത്. ജാന്‍വി കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ട്രോളുകളുയര്‍ന്നിരുന്നു. മലയാളം ശരിക്ക് പറയാനറിയാത്ത നായികയെ കേന്ദ്ര കഥാപാത്രമാക്കിയതടക്കം വിമര്‍ശനത്തിന് വിധേയമായിരുന്നു.

ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമാണ് ചിത്രം ഒ.ടി.ടിയിലെത്തിച്ചത്. കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ച ചിത്രം ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ്. ട്രെയ്‌ലര്‍ റിലീസ് മുതല്‍ ഏയറിലായ ജാന്‍വി കപൂറും താരത്തിന്റെ മലയാളവുമാണ് ട്രോളിന് ഇരയായിരിക്കുന്നത്.

കേരളത്തില്‍ ജനിച്ചുവളര്‍ന്ന തെക്കേപ്പാട്ട് സുന്ദരി ദാമോദരം പിള്ള എന്ന കഥാപാത്രത്തെയാണ് ജാന്‍വി അവതരിപ്പിക്കുന്നത്. എന്നാല്‍ സ്വന്തം പേര് പോലും മര്യാദക്ക് പറയാന്‍ സുന്ദരിക്ക് സാധിക്കുന്നില്ല. ‘തേക്കപ്പെട്ട സുന്ദരി ദാമോദരം പിള്ള’ എന്നാണ് ജാന്‍വിയുടെ കഥാപാത്രം സ്വന്തം പേര് പറയുന്നത്. ദേഷ്യം വരുമ്പോള്‍ തെങ്ങിന്റെ മുകളില്‍ കയറുന്ന ജാന്‍വിയുടെ കഥാപാത്രം ഇപ്പോഴും ‘എയറില്‍’ തന്നെയാണ്.

സുന്ദരിയുടെ അമ്മാവനായി വേഷമിട്ട രണ്‍ജി പണിക്കരും ട്രോളന്മാരുടെ ഇരയായിട്ടുണ്ട്. ജാന്‍വിയും രണ്‍ജി പണിക്കരും ഒന്നിച്ചുള്ള രംഗങ്ങളില്‍ ജാന്‍വിയുടെ കഥാപാത്രം പറയുന്ന ‘മലയാളം’ തര്‍ജമ ചെയ്യുന്ന ജോലിയാണ് രണ്‍ജി പണിക്കരുടേത്. അഭിനയത്തിനും ഡബ്ബിങ്ങിനും പുറമെ ട്രാന്‍സ്ലേറ്റ് ചെയ്തതിനുള്ള പൈസയും രണ്‍ജി പണിക്കാര്‍ വാങ്ങിക്കാണുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ചിത്രത്തില്‍ വേണു എന്ന കഥാപാത്രത്തെ കാണിക്കുന്ന സീനില്‍ കഥകളിയെല്ലാം സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാങ്ങിയ കാശിന് ഇരട്ട് എക്‌സ്പ്രഷനിടുന്ന കഥകളി ആര്‍ട്ടിസ്റ്റിനെയും ട്രോളന്മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഷവര്‍മ കഴിക്കാന്‍ പോകുമ്പോള്‍ വരെ മുല്ലപ്പൂ വെക്കുന്ന നായികയും എപ്പോഴും ചെത്തുകള്ള് മാത്രം കുടിക്കുന്ന മലയാളികളുമെല്ലാം സംവിധായകന്റെ വലിയ കണ്ടുപിടിത്തമായിട്ടാണ് ട്രോളന്മാര്‍ കണക്കാക്കുന്നത്.

‘നമ്മള്‍ പറയുന്നതല്ല, ഈ പടത്തിലെ നടി പറയുന്നതാണ് യഥാര്‍ത്ഥ മലയാളം, നമ്മള്‍ വേറെ ഏതോ ഭാഷയാണ് പറയുന്നത്’, ‘മലയാളം മനസിലാക്കാന്‍ വരെ സബ്‌ടൈറ്റില്‍സ് വേണ്ടിവന്നു’, എന്നിങ്ങനെയാണ് പല സീനുകള്‍ക്കും താഴെ വരുന്ന കമന്റുകള്‍. മലയാളികളുടെ അഭിമാന താരമായ മോഹന്‍ലാലിനെയും പരം സുന്ദരി വെറുതേ വിടുന്നില്ല.

നായികയെ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടി മോഹന്‍ലാലിന്റെ ‘ഒന്ന് തൊട്ടേനെ’ എന്ന പാട്ട് ബോളിവുഡിന്റെ മലയാളത്തില്‍ പാടിയതും ‘ലാലേട്ടന്റെ പാട്ടും ഒറു കട്ടണും തീര്‍ക്കാന്‍ പട്ടാത്ത പ്രശ്ണമൊണ്ണുമില്ല’ എന്ന ജാന്‍വിയുടെ ഡയലോഗും ട്രിബ്യൂട്ടല്ല, ഇന്‍സല്‍ട്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കേരള സ്റ്റോറി യൂണിവേഴ്‌സിലെ അടുത്ത എന്‍ട്രിയായാണ് പരം സുന്ദരിയെ കണക്കാക്കുന്നത്.

View this post on Instagram

A post shared by Cryz Cutz (@cryzcutz)

Content Highlight: Param Sundari became troll material after OTT Release

We use cookies to give you the best possible experience. Learn more