| Saturday, 30th August 2025, 11:27 am

ആലപ്പുഴക്കാരെ വള്ളംകളിയില്‍ ജയിപ്പിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ നായകന്‍, ജോഗിങ്ങിന് പോകുമ്പോള്‍ മുണ്ടുടുപ്പിക്കുന്ന മലയാളികള്‍, തേക്കപ്പെട്ട പരം സുന്ദരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്തുമുപ്പത് വര്‍ഷം മുമ്പ് കേരളമെന്ന് പറയുമ്പോള്‍ മറ്റുള്ള സംസ്ഥാനത്തിലുള്ളവര്‍ക്ക് വള്ളം കളിയും കഥകളിയും ആലപ്പുഴയിലെ കായലും മാത്രമായിരുന്നു. മനുഷ്യന്‍ ഓരോ നിമിഷവും അപ്‌ഡേറ്റാകുന്ന സ്മാര്‍ട്ട് യുഗത്തിലും കേരളത്തെക്കുറിച്ച് ഇതേ ചിന്താഗതിയുമായി നടക്കുന്ന ഒരൊറ്റ കൂട്ടര്‍ മാത്രമേയുള്ളൂ. അത് വേറെയാരുമല്ല, ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബോളിവുഡ്.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു കഴിഞ്ഞദിവസം റിലീസായ പരം സുന്ദരി. ട്രെയ്‌ലര്‍ റിലീസ് മുതല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും യാതൊരറിവുമില്ലാത്ത സംവിധായകന്റെയും നായികയുടെയും കാട്ടിക്കൂട്ടലുകളും ‘മലങ്കാളി’ ഭാഷയും പലരും ട്രോളി എയറിലാക്കിയിരുന്നു.

ട്രെയ്‌ലറില്‍ കാണിച്ചത് വെറും സാമ്പിളാണെന്നാണ് സിനിമ കണ്ട പലരും അഭിപ്രായപ്പെടുന്നത്. സംവിധായകന്റെ ഭാവനയിലുള്ള ഏതോ ഒരു യൂണിവേഴ്‌സിലെ കേരളത്തിലാണ് ഈ സിനിമ നടക്കുന്നതെന്നാണ് പല റിവ്യൂസും. ആലപ്പുഴയിലുള്ള നായികയെ കല്യാണം കഴിക്കാന്‍ ദല്‍ഹിക്കാരനായ നായകന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കഥ.

നായികയുടെ നാട്ടുകാരെ സഹായിക്കാന്‍ വേണ്ടി നായകന്‍ അവരെ വള്ളംകളിയില്‍ ജയിപ്പിക്കുന്നതെല്ലാം സിനിമയിലുണ്ട്. സംവിധായകന് കുറച്ചെങ്കിലും ബോധമുണ്ടായിരുന്നെങ്കില്‍ ഇത്രയും വലിയ വിവരക്കേട് സിനിമയില്‍ കാണിക്കില്ലെന്നാണ് ചില റിവ്യൂവില്‍ പറയുന്നത്. ഇങ്ങനെ ഒരോന്ന് കാട്ടിക്കൂട്ടിയാണ് ബോളിവുഡ് ഈ രീതിയില്‍ അധപതിച്ചതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

നായകന്‍ ജോഗിങ്ങിന് പോകുന്ന സമയത്ത് അയാളുടെ ഫിറ്റ് ബോഡി കണ്ട് നാട്ടിലെ സ്ത്രീകള്‍ വഴി തെറ്റാതിരിക്കാന്‍ മുണ്ടുടുപ്പിച്ച് ജോഗിങ്ങിന് വിടുന്ന നാട്ടുകാരുടെ രംഗവും ചിത്രത്തിലുണ്ട്. കേരള സ്‌റ്റോറിയെടുത്ത സുദീപ്‌തോ സെന്നും ഈ സിനിമയുടെ സംവിധായകനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നാണ് പലരും പ്രതികരിക്കുന്നത്.

നായികയായി വേഷമിട്ട ജാന്‍വി കപൂര്‍ ട്രെയ്‌ലര്‍ റിലീസ് മുതല്‍ ട്രോള്‍ മെറ്റീരിയലായിരുന്നു. ‘തേക്കപ്പെട്ട സുന്ദരി ദാമോദരം പിള്ളൈ’ എന്ന് മലയാളമറിയാത്ത മലയാളിയായി ജാന്‍വി ആദ്യാവസാനം ജീവിച്ചുകാണിച്ചു. ചെന്നൈ എക്‌സ്പ്രസില്‍ ദീപിക പദുകോണ്‍ അവതരിപ്പിച്ച മീനലോചിനി അഴകുസുന്ദരമാകാന്‍ നോക്കി പാളിപ്പോയ ശ്രമമായി ‘തേക്കപ്പെട്ട സുന്ദരി’ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞകുറച്ച് കാലങ്ങളായി ബോളിവുഡ് ഇന്‍ഡസ്ട്രിക്ക് ക്വാളിറ്റിയുള്ള സിനിമകള്‍ മാത്രം സമ്മാനിക്കുന്ന മാഡോക് ഫിലിംസ് ചെയ്ത ഏറ്റവും ക്വാളിറ്റി കുറഞ്ഞ സിനിമയായി പരം സുന്ദരി മാറിയെന്ന് തന്നെ പറയാനാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Param Sudari become troll material after the release

We use cookies to give you the best possible experience. Learn more