| Friday, 13th February 2026, 1:00 pm

ലാലേട്ടനും മമ്മൂക്കയ്ക്കും 15 ലക്ഷം, ജഗതിക്ക് രണ്ടു ലക്ഷം; വൈറലായി തൊണ്ണൂറുകളിലെ മലയാള താരങ്ങളുടെ പ്രതിഫലം

അശ്വിന്‍ രാജേന്ദ്രന്‍

ആദ്യകാലങ്ങളില്‍ എത്ര ദിവസം തിയേറ്ററില്‍ ഓടി എന്നതില്‍ നിന്നും മാറി എത്ര കോടി നേടി എന്ന കണക്കുകളാണ് ഇപ്പോള്‍ സിനിമകളുടെ വിജയത്തിന്റെ വലിപ്പത്തെ നിര്‍ണയിക്കുന്നത്. മലയാള സിനിമയില്‍ ഇത് നൂറുകോടി ക്ലബും പാന്‍ ഇന്ത്യന്‍ ലെവലില്‍ ആയിരം കോടി ക്ലബുമാണ് വിജയ സിനിമകളുടെ ബെഞ്ച് മാര്‍ക്ക്. ഒരു ചിത്രത്തെ ഏത് ക്ലബില്‍ കയറ്റാന്‍ സാധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ സ്റ്റാര്‍ വാല്യൂവും പ്രതിഫലവും നിശ്ചയിക്കപ്പെടുന്നതും.

ബാബു ആന്റണി, ജയറാം. Photo: Reddit

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊണ്ണൂറുകളില്‍ മലയാള സിനിമാ താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകള്‍ പറഞ്ഞുകൊണ്ടുള്ള അക്കാലത്തെ മാസികയിലെ കട്ടിങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഹന്‍ലാല്‍ അടക്കം ഹാസ്യതാരങ്ങളായ ഇന്ദ്രന്‍സിന്റെയും ജഗതിയുടെയും പ്രതിഫലം മാസികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നത്തെ പോലെ തന്നെ അന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നിട്ട് നിന്നിരുന്നത് മോഹന്‍ലാലും മമ്മൂട്ടിയും ആണെന്ന് കാണാം. ലാലേട്ടന്‍ പതിനഞ്ച് ലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ ഒരു ചിത്രത്തിന് വേണ്ടി വാങ്ങിയപ്പോള്‍ മമ്മൂക്കയുടെത് പതിനഞ്ച് ലക്ഷമാണെന്ന് കാണാം. ഇരുവര്‍ക്കും ശേഷം ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത് സുരേഷ് ഗോപിയാണ് പന്ത്രണ്ട് ലക്ഷമാണ് താരം ഒരു ചിത്രത്തിനായി നിര്‍മാതാക്കളില്‍ നിന്നും ഈടാക്കിയിരുന്നത്.

എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ലിസ്റ്റില്‍ മുന്നിട്ട് നില്‍ക്കുന്നത് ബാബു ആന്റണിയാണ്. പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെയാണ് താരം പ്രതിഫലമായി സ്വീകരിച്ചിരുന്നത്. പഴയകാല മലയാള സിനിമകളില്‍ വില്ലനായും നായകനായുമെത്തി പ്രേക്ഷകരെ ഹരം കൊള്ളിച്ച ബാബു ആന്റണിക്ക് അന്ന് ബോക്‌സ് ഓഫീസില്‍ ഉണ്ടായിരുന്ന സ്വാധീനത്തെയാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

ശോഭന, ജയറാം. Photo: Pinterest/ reddit

ഇവര്‍ക്ക് ശേഷം ലിസ്റ്റില്‍ തൊട്ടുപിന്നിലുള്ളത് ജയറാമും നടി ഖുശ്ബുവുമാണ്. 1988 ല്‍ പത്മരാജന്‍ ചിത്രം അപരനിലൂടെ സിനിമയിലെത്തി തൊണ്ണൂറുകളില്‍ ഒട്ടനേകം ഹിറ്റ് ചിത്രങ്ങളിലെ നായകനായ ജയറാം അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെയാണ് ഒരു ചിത്രത്തിനായി ആവശ്യപ്പെട്ടിരുന്നത്. ഖുശ്ബു അഞ്ച് ലക്ഷവും.

ശോഭന, ജഗതി, തിലകന്‍, പ്രിയാ രാമന്‍, ഉര്‍വ്വശി, രാജന്‍ പി. ദേവ്, ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് സ്വന്തമാക്കിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഐറ്റം ഡാന്‍സറായ സില്‍ക്ക് സ്മിത ഒരു ഡാന്‍സിന് വേണ്ടി പ്രതിഫലം വാങ്ങിയത് ഒരു ലക്ഷമാണെന്നും മാസികയിലുണ്ട്. ഇതെല്ലാം ശരാശരി പ്രതിഫലമാണെന്നും ആളുകളും വ്യക്തിബന്ധങ്ങളും അനുസരിച്ച് നിരക്കുകളില്‍ മാറ്റം വരാമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മലയാളത്തിലെ പ്രമുഖ സിനിമാ നിര്‍മാതാക്കളാണ് ഇതിനാസ്പദമായ വിവരം നല്‍കിയതെന്നും ഇവര്‍ ആമുഖത്തില്‍ കുറിച്ചിട്ടുണ്ട്.

Content Highlight: Paper cutting goes viral on social media regarding remuneration of malayalam actors in 1990s

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more