| Friday, 24th April 2026, 8:09 am

എന്താണ് ഗോവിന്ദ് പന്‍സാരെയുടെ പുസ്തകത്തിന്റെ ഉള്ളടക്കം; ഹിന്ദുത്വരെ വെറുപ്പിക്കുന്നതെന്ത് കൊണ്ട്?

നിഷാന. വി.വി

കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പന്‍സാരെയുടെ ശിവജിയെക്കുറിച്ചുളള പുസ്തകത്തിന്റെ പ്രസാധകനെതിരെ ഷിന്‍ഡെ പക്ഷ ശിവസേന എം.എല്‍.എ സജ്ഞയ് ഗെയ്ക്വാദ് ഭീഷണിയുമായി രംഗത്തെത്തിയത്.

എന്താണ് ഗോവിന്ദ് പന്‍സാരെയുടെ പുസ്തകത്തിന്റെ ഉള്ളടക്കം ഹിന്ദുത്വരെ വെറുപ്പിക്കുന്നതെന്ന് നോക്കാം. പന്‍സാരെയുടെ പുസ്തകം ഹിന്ദുത്വര്‍ പരത്താന്‍ ശ്രമിക്കുന്ന ചരിത്രത്തനെതിരാണെന്നതാണ് അദ്ദേഹത്തിന്റെ പുസ്തകത്തോടുള്ള വെറുപ്പിന്റെ കാരണം.

ഉദാഹരണത്തിന് ശിവജി മകന്‍ കല്ല്യാണിനോട് പറഞ്ഞ കാര്യങ്ങള്‍, യുദ്ധം കഴിഞ്ഞ് കീഴടക്കപ്പെട്ട മുസ്ലിം പെണ്‍കുട്ടിയെ വധുവായി കൂടെക്കൂട്ടാനാണ് കല്യാണ്‍ ശ്രമിച്ചത്. ശിവജി പക്ഷേ, അത് അംഗീകരിച്ചില്ല. അനുവാദമില്ലാതെ മറ്റുമതക്കാരെ തട്ടിക്കൊണ്ടുവരുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. മുസ്ലിം വധുവിനെ ആദരവോടെ തിരിച്ചയ്ക്കാനും അദ്ദേഹം പറഞ്ഞു.

നാടുഭരിക്കാന്‍ പഠിക്കുംമുമ്പ് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം എന്നായിരുന്നു ശിവജിയുടെ നിര്‍ദേശം.

എന്നാല്‍ സവര്‍ക്കാര്‍ ഈ നിലപാടിനെ എതിര്‍ക്കുകയും ശത്രുക്കള്‍ക്ക് തങ്ങളുടെ സ്ത്രീകളും സുരക്ഷിതരല്ല എന്ന ഭയമുണ്ടായാല്‍ മാത്രമേ അവര്‍ പിന്തിരിയൂ എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. മുസ്ലിങ്ങളെ പാഠം പഠിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കണമായിരുന്നു എന്നും സവര്‍ക്കര്‍ പറഞ്ഞു. ഇങ്ങനെ മറാഠാ ഐതിഹ്യങ്ങളിലൂടെ സഞ്ചരിച്ച പന്‍സാരെയുടെ പുസ്‌കമാണ് സനാതന്‍ സന്‍സ്ഥയെ പ്രകോപിപ്പിച്ചത്. ഇത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്കും നയിച്ചത്.

ഹിന്ദുത്വ ചരിത്രത്തിന് എതിരാണെന്നത് തന്നെയാണ് ഇപ്പോഴും പുസ്തകത്തെ വേട്ടയാടാന്‍ ഇത്തരത്തിലുളളവര്‍ ശ്രമിക്കുന്നതിന്റെയും കാരണം. ഷിന്‍ഡെ പക്ഷ ശിവസേന എം.എല്‍.എ സജ്ഞയ് ഗെയ്ക്വാദ് പുസ്തകത്തിന്റെ പ്രസാധകനായ പ്രശാന്ത് അംബിയെ അര്‍ദ്ധരാത്രിയില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

എം.എല്‍.എയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോയുമായി പ്രശാന്ത് പരാതി നല്‍കുകയും ചെയ്തു. വീട്ടില്‍ കയറി ആക്രമിക്കുമെന്നും നാവറുക്കുമെന്നും ഗോവിന്ദ് പന്‍സാരെയുടെ വിധിയായിരിക്കും തനിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പ്രശാന്ത് അംബി പറഞ്ഞു.

ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലായതോടെ എം.എല്‍.എയ്ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

‘ഗോവിന്ദ് പന്‍സാരെ 1988-ല്‍ ഈ പുസ്തകം എഴുതി. അതിനുശേഷം ഇത് പലതവണ അച്ചടിക്കപ്പെട്ടു, വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. മിക്ക ഇന്ത്യന്‍ ഭാഷകളിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് തര്‍ക്കിക്കാന്‍ കഴിയാത്തവര്‍ അതിന്റെ പേരിനെക്കുറിച്ച് ഒരു കോലാഹലം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.

ആഭ്യന്തര വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എം.എല്‍.എ ഉപയോഗിച്ച ഭാഷ ഗൗരവമായി കാണുകയും അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അംബി പറഞ്ഞു.

ശിവജി ഹിന്ദു രാജാവ് എന്നതിലുപരി ജനകീയനും മതേതരനുമായിരുന്നു എന്ന് സ്ഥാപിക്കുന്നതാണ് ഗോവിന്ദ് പന്‍സാരെ എഴുതിയ ‘ശിവജി കോന്‍ ഹോത’ എന്ന പുസ്തകം. 2015 കോലാപൂരില്‍ പ്രഭാത സവാരിക്കിടെ പന്‍സാരെയെ ബൈക്കിലെത്തിയവര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.

തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ് കേസില്‍ അറസ്റ്റിലായത്.
എന്നാല്‍ ഓഡിയോ ക്ലിപ്പ് തന്റത് തന്നെയാണെന്നും എന്നാല്‍ അത് എഡിറ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു എം.എല്‍.എയുടെ വാദം.

Content Highlight: Pansare’s fate will be the same, Navarak will be the same; MLA’s death threat to book publisher

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more