ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത് ജസ്പ്രീത് ബുംറയാണ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും പഞ്ചാബിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ 200+ റണ്‍സ് നേടുന്ന ടീമാകാനാണ് പഞ്ചാബിന് സാധിച്ചത്. ഈ നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും ഒപ്പമാണ് ശ്രേയസ് അയ്യരും സംഘവും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 40
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 40
പഞ്ചാബ് കിങ്‌സ് – 40*
മത്സരത്തില്‍ പഞ്ചാബിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പ്രഭ്‌സിമ്രാന്‍ സിങ്ങായിരുന്നു. 32 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്.
17 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തി.
ബൗളിങ്ങില്‍ മുംബൈയ്ക്കായി നാല് വിക്കറ്റുകള്‍ വീഴ്ത്തി ഷര്‍ദുല്‍ താക്കൂര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. റിയാന്‍ റിക്കിള്‍ട്ടണ്‍ (48), നമന്‍ ദിര്‍(9), രോഹിത് ശര്‍മ (25) എന്നിവരെയാണ് മുംബൈക്ക് നഷ്ടമായത്. ക്രീസിലുള്ളത് 20 റണ്‍സ് നേടിയ ഷെര്‍ഫേന്‍ റൂഥര്‍ഫോഡും 44 റണ്‍സ് നേടിയ തിലക് വര്‍മയുമാണ്.
Content Highlight: Panjab Kings In Great Record Achievement In IPL History With CSK And RCB