| Monday, 20th April 2026, 9:44 am

സ്വന്തം റെക്കോഡ് തിരുത്തി പഞ്ചാബിന്റെ പടയോട്ടം; ചെന്നൈയും ബെംഗളൂരുവും സേഫല്ല!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. 54 റണ്‍സിനാണ് ശ്രേയസ് അയ്യരും സംഘവും സീസണിലെ തങ്ങളുടെ അഞ്ചാം വിജയം ആഘോഷിച്ചത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ലഖ്‌നൗവിനെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സീസണില്‍ അപരാജിത കുതിപ്പ് തുടരുന്നതിനൊപ്പം ഒരു ചരിത്ര നേട്ടത്തിലും മുന്നേറാന്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ നേടുന്ന ടീമിന്റെ റെക്കോഡ് ലിസ്റ്റില്‍ സ്വന്തം റെക്കോഡ് വെട്ടി ഒരു പടി കൂടെ മൂന്നോട്ട് കുതിക്കാനാണ് പഞ്ചാബിന് സാധിച്ചത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ പഞ്ചാബ്. ഒന്നാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സും ബെംഗളൂരുവുമാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ നേടുന്ന ടീം

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 38

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 38

പഞ്ചാബ് കിങ്‌സ് – 35

മുംബൈ ഇന്ത്യന്‍സ് – 33

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 30

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 30

രാജസ്ഥാന്‍ റോയല്‍സ് – 28

ദല്‍ഹി ക്യാപിറ്റല്‍സ് – 20

ഗുജറാത്ത് ടൈറ്റന്‍സ് – 18

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 14

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കനോലിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് വലിയ ടോട്ടല്‍ നേടിയത്. പ്രിയാന്‍ഷ് ആര്യ 37 പന്തില്‍ നിന്നും നാല് ഫോറും ഒമ്പത് കൂറ്റന്‍ സിക്സും ഉള്‍പ്പെടെ 93 റണ്‍സ് നേടിയാണ് തിളങ്ങിയത്.

കനോലി 46 പന്തില്‍ ആറ് ഫോറും ഏഴ് സിക്സും അടക്കം 87 റണ്‍സും അടിച്ചെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശശാങ്ക് സിങ്ങും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് ടീം ടോട്ടല്‍ 250 കടത്തുകയായിരുന്നു. സ്റ്റോയിനിസ് 29 റണ്‍സും ശശാങ്ക് 17 റണ്‍സും നേടി.

എല്‍.എസ്.ജിയുടെ ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് പ്രിന്‍സ് യാദവ് മാത്രമാണ്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. എം. സിദ്ധാര്‍ത്ഥും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

എല്‍.എസ്.ജി നിരയില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷബ് പന്താണ് ടോപ് സ്‌കോറര്‍. ഒരു ഫോറും നാല് സിക്സുകളുമാണ് പന്ത് നേടിയത്. എയ്ഡന്‍ മര്‍ക്രം 42 റണ്‍സും മിച്ചല്‍ മാര്‍ഷ് 40 റണ്‍സും ആയുഷ് ബദോനി 38 റണ്‍സും നേടി.

കൃത്യമായ ഇടവേളകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടിയത് എല്‍.എസ്.ജിക്ക് തിരിച്ചടിയായി. പഞ്ചാബിനായി മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റും വൈശാഖ് വിജയകുമാര്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഏപ്രില്‍ 22നാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഏപ്രില്‍ 25ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം.

Content Highlight: Panjab Kings In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more