ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയവുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ഇതോടെ ഒരു കിടിലന്‍ റെക്കോഡാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ വാംഖഡെയില്‍ മുംബൈക്കെതിരെ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ടീം എന്ന റെക്കോഡാണ് പഞ്ചാബ് തൂക്കിയത്. ഈ നഷ്ടത്തില്‍ ചെന്നൈയേയും മുംബൈയേയും മറികടന്നാണ് ‘അയ്യര്‍പ്പട’ ഒന്നാം സ്ഥാനത്തെത്തിയത്.
പഞ്ചാബ് കിങ്‌സ് – 6
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 5
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5
രാജസ്ഥാന്‍ റോയല്‍സ് – 4
മുംബൈക്കെതിരായ വിജയത്തോടെ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും പഞ്ചാബിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ മുംബൈക്കെതിരെ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് പഞ്ചാബ് കൈപ്പിടിയിലാക്കിയത്. 35 മത്സരങ്ങളില്‍ നിന്ന് മുംബൈക്കെതിരെ 18 വിജയമാണ് പഞ്ചാബിനുള്ളത്. ചെന്നൈക്കൊപ്പമാണ് പഞ്ചാബ് ഈ നേട്ടം പങ്കിടുന്നത്. ചെന്നൈക്ക് 39 മത്സരത്തില്‍ നിന്ന് 18 വിജയമാണുള്ളത്.
ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും ബാറ്റിങ്ങില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും തിളങ്ങിയതോടെയാണ് പഞ്ചാബ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. പ്രഭ്‌സിമ്രാന്‍ 39 പന്തില്‍ 80* റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 35 പന്തില്‍ 66 റണ്‍സ് നേടി മിന്നും പ്രകടനവും നടത്തി.
അതേസമയം നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.
മുംബൈക്ക് വേണ്ടി 60 പന്തില്‍ 112 റണ്‍സ് നേടി ക്വിന്റണ്‍ ഡി കോക്ക് തിളങ്ങിയെങ്കിലും തോല്‍വിയില്‍ താരത്തിന്റെ സെഞ്ച്വറിക്ക് വിലയില്ലാതായി. 50 റണ്‍സ് നേടിയ നമന്‍ ധിര്‍ മുംബൈക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.
Content Highlight: Panjab Kings In Great Record Achievement Against Mumbai Indians In IPL