| Thursday, 7th May 2026, 9:31 am

ശശാങ്ക് സിങ് ഇത് പതിവാക്കിയിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി റിക്കി പോണ്ടിങ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് താരം ശശാങ്ക് സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് പരിശീലകന്‍ റിക്കി പോണ്ടിങ്. മത്സരത്തില്‍ ഹൈദരാബാദിന്റെ സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്റെ നിര്‍ണായകമായ ക്യാച്ചാണ് താരം കൈവിട്ടത്. മാത്രമല്ല മുന്‍ മത്സരത്തില്‍ നാല് ക്യാച്ച് കൈ വിട്ടതില്‍ താരം ടീമില്‍ നിന്ന് പുറത്തായിരുന്നു.

കൂടാതെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ മറ്റ് താരങ്ങളും ക്യാച്ച് വിട്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ക്യാച്ച് നഷ്ടപ്പെടുത്തുന്ന ശശാങ്ക് ഇതൊരു പതിവാക്കി മാറ്റിയിരിക്കുകയാണെന്നും മത്സരങ്ങള്‍ വിജയിക്കണെമങ്കില്‍ ക്യാച്ച് നേടണെന്നും പഞ്ചാബ് പരിശീലകന്‍ പോണ്ടിങ് കുറ്റപ്പടുത്തി.

‘ഫീല്‍ഡില്‍ എളുപ്പമുള്ള ക്യാച്ചുകള്‍ കൈവിട്ടത് ഞങ്ങള്‍ നിരാശയിലാണ്. ഇത് ഒരു പതിവായി നടക്കുന്ന ഒരു കാര്യം പോലെ മാറിക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് ഇന്നത്തെ മത്സരത്തിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിലും ശശാങ്ക് സിങ് തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള്‍ ഈ ക്യാച്ചുകള്‍ എടുക്കണം. ഫീല്‍ഡിലെ അച്ചടക്കം നമ്മുടെ മുന്‍ഗണനയായിരിക്കണം,’ പോണ്ടിങ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിനായിരുന്നു ഓറഞ്ച് ആര്‍മി വീഴ്ത്തിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് കൂപ്പര്‍ കനോലിയായിരുന്നു. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍ (43 പന്തില്‍ 69), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

Content Highlight: Panjab Kings Head Coach Rickey Ponting Criticize Shashank Singh For Dropping Crucial Catches

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more